പാര്‍ക്ക് ഗൈഡിന്റെ പിന്നാലെ നടന്ന്, ബഹാമിയന്‍ പൗരാണിക വനത്തിലെ സസ്യങ്ങളെക്കുറിച്ചുള്ള അയാളുടെ വിവരണങ്ങള്‍ ഞാന്‍ കുറിച്ചുകൊണ്ടിരുന്നു. ഏതു വൃക്ഷങ്ങളെ ഒഴിവാക്കണം എന്നയാള്‍ പറഞ്ഞു. വിഷത്തടി വൃക്ഷത്തില്‍ നിന്നു പുറപ്പെടുന്ന കറുത്ത കറ ചൊറിച്ചിലും വേദനയും ഉള്ള വ്രണത്തിനു കാരണമാകും. എന്നാല്‍ ഭയപ്പെടേണ്ട. അതിന്റെ തൊട്ടടുത്തു തന്നെ അതിനുള്ള മറുമരുന്നും കാണും. ‘എലമി പശ മരത്തിന്റെ ചുവന്ന തൊലി വെട്ടിയിട്ട് അതിന്റെ കറ പുരട്ടിയാല്‍ ഉടനെ സൗഖ്യമാകാന്‍ തുടങ്ങും’ അയാള്‍ പറഞ്ഞു.

അത്ഭുതം കൊണ്ട് എന്റെ പെന്‍സില്‍ കൈയില്‍നിന്നു താഴെവീണു. വനത്തില്‍ രക്ഷയുടെ ഒരു ചിത്രം കാണുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. എന്നാല്‍ എലമി പശ മരത്തില്‍, ഞാന്‍ യേശുവിനെ കണ്ടു. എപ്പോള്‍ പാപത്തിന്റെ വിഷം കണ്ടാലും അതിനുള്ള ഉടനടി പരിഹാരം ഇതാ ഇവിടെ. ആ മരത്തിന്റെ ചുവന്ന തൊലിപോലെ യേശുവിന്റെ രക്തം സൗഖ്യം നല്‍കുന്നു.

മനുഷ്യന് സൗഖ്യം ആവശ്യമാണെന്ന് പ്രവാചകനായ യെശയ്യാവ് മനസ്സിലാക്കി. പാപത്തിന്റെ വ്രണം നമ്മെ ബാധിച്ചു. തന്റെമേല്‍ നമ്മുടെ രോഗത്തെ വഹിക്കുന്ന ‘കഷ്ടപ്പെടുന്ന ഒരു മനുഷ്യനിലൂടെ’ നമുക്കു സൗഖ്യം ലഭിക്കുമെന്ന് യെശയ്യാവു വാഗ്ദാനം ചെയ്തു (യെശയ്യാവ് 53:3). ആ മനുഷ്യന്‍ യേശു ആയിരുന്നു. നാം രോഗികളായിരുന്നു, എന്നാല്‍ നമ്മുടെ സ്ഥാനത്തു മുറിവേല്‍ക്കുവാന്‍ യേശു തയ്യാറായി. നാം അവനില്‍ വിശ്വസിക്കുമ്പോള്‍, പാപത്തിന്റെ രോഗത്തില്‍നിന്നു നമുക്കു സൗഖ്യം ലഭിക്കും (വാ. 5).
സൗഖ്യമായവരെപ്പോലെ ജീവിക്കുവാന്‍ പഠിക്കുവാന്‍ ഒരു ജീവിതകാലം മുഴുവനും വേണ്ടിവന്നേക്കാം-നമ്മുടെ പാപങ്ങളെ തിരിച്ചറിയുവാനും ഒരു പുതിയ സ്വത്വത്തിനുവേണ്ടി അവയെ ഉപേക്ഷിക്കുവാനും-എങ്കിലും യേശു നിമിത്തം നമുക്കതിനു കഴിയും.