തന്റെ പ്രവര്‍ത്തക സംഘവുമായി തനിക്കുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ജിം ഭയപ്പാടോടെ പങ്കിടുകയായിരുന്നു – ഭിന്നത, വിമര്‍ശന മനോഭാവം, തെറ്റിദ്ധാരണകള്‍. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളെ ഒരു മണിക്കൂറോളം ക്ഷമയോടെ കേട്ടിരുന്ന ശേഷം ഞാന്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചു, ‘ഇത്തരം സാഹചര്യത്തില്‍ യേശു എന്തായിരിക്കും ചെയ്യുക എന്നു നമുക്ക് അവനോടു ചോദിക്കാം.’ ഞങ്ങള്‍ അഞ്ചു മിനിട്ട് ശാന്തമായിരുന്നു. പെട്ടെന്ന് അതിശയകരമായ ഒന്നു സംഭവിച്ചു. ദൈവത്തിന്റെ സമാധാനം ഞങ്ങളെ ഒരു പുതപ്പുപോലെ മൂടുന്നതു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും അനുഭവപ്പെട്ടു. അവന്റെ സാന്നിധ്യവും നടത്തിപ്പും ഞങ്ങള്‍ അനുഭവിച്ചപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ സ്വസ്ഥതയുള്ളവരായി. പ്രതിസന്ധികളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ ഉള്ള ധൈര്യം ഞങ്ങള്‍ക്കു ലഭിച്ചു.

യേശുവിന്റെ ശിഷ്യന്മാരിലൊരുവനായ പത്രൊസിന് ദൈവത്തിന്റെ ആശ്വാസദായക സാന്നിധ്യം അവശ്യമായിരുന്നു. ഒരു രാത്രി അവനും മറ്റു ശിഷ്യന്മാരും ഗലീലക്കടലിന്റെ അക്കരെയ്ക്കു യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ വലിയ കൊടുങ്കാറ്റ് ഉണ്ടായി. പെട്ടെന്ന് യേശു കടലിന്മേല്‍ നടന്ന് അവര്‍ക്കു മുന്നില്‍ വന്നു. സ്വാഭാവികമായും ഇതു ശിഷ്യന്മാരെ ഭയപ്പെടുത്തി. ‘ധൈര്യപ്പെടുവിന്‍; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ’ എന്നു പറഞ്ഞ് അവന്‍ അവരെ ധൈര്യപ്പെടുത്തി (മത്തായി 14:27). താന്‍ യേശുവിന്റെ അടുക്കല്‍ വരട്ടെ എന്ന് പത്രൊസ് ആവേശത്തില്‍ ചോദിച്ചു. എന്നാല്‍ പെട്ടെന്ന് അവന്റെ ശ്രദ്ധ നഷ്ടപ്പെടുകയും, താന്‍ ആയിരിക്കുന്ന അപകടകരവും മാനുഷിക നിലയില്‍ അസാദ്ധ്യവുമായ ചുറ്റുപാടുകളെക്കുറിച്ചു ബോധവാനാകുകയും മുങ്ങാന്‍ തുടങ്ങുകയും ചെയ്തു. ‘കര്‍ത്താവേ, എന്നെ രക്ഷിക്കണമേ’ എന്നു നിലവിളിക്കുകയും യേശു സ്‌നേഹത്തോടെ അവനെ രക്ഷിക്കുകയും ചെയ്തു (വാ. 30-31).

ജീവിത കൊടുങ്കാറ്റുകളുടെ മധ്യത്തിലും ദൈവപുത്രന്‍ നമ്മോടുകൂടെയുണ്ട് എന്ന് പത്രൊസിനെപ്പോലെ നമുക്കു പഠിക്കാന്‍ കഴിയും.