പതിനാറടി നീളവും ഒന്നര ടണ്‍ തൂക്കവും ഉള്ള വലിയ വെള്ള സ്രാവ് ആണ് മേരി ലീ. 2012 ല്‍ അമേരിക്കയുടെ കിഴക്കെ തീരത്തുവെച്ച് സമുദ്രഗവേഷകര്‍ അതിനെ ടാഗ് ചെയ്തു. അത് ജലോപരിതലത്തിലെത്തുമ്പോള്‍ അതിന്റെ മുതുകു ചിറകില്‍ ഘടിപ്പിച്ച ട്രാന്‍സ്മിറ്ററിനെ കൃത്രിമ ഉപഗ്രഹങ്ങളില്‍നിന്ന് ട്രാക്കു ചെയ്യാമായിരുന്നു. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ മേരി ലീയുടെ ചലനങ്ങളെ കടലില്‍ നീന്തുന്നവര്‍ക്കു മുതല്‍ ഗവേഷകര്‍ക്കുവരെ എല്ലാവര്‍ക്കും ഓണ്‍ലൈനിലൂടെ നിരീക്ഷിക്കാമായിരുന്നു. ഈ കാലയളവില്‍ ഏതാണ്ട് 40,000 മൈലുകള്‍ അതു സഞ്ചരിച്ചതായി കണക്കാക്കപ്പെടുന്നു-എന്നാല്‍ ഒരു ദിവസം പെട്ടെന്ന് സിഗ്നല്‍ കിട്ടാതായി. അതിന്റെ ട്രാന്‍സ്മിറ്ററിലെ ബാറ്ററി കാലഹരണപ്പെട്ടിരിക്കാം.

മനുഷ്യജ്ഞാനവും സാങ്കേതികവിദ്യയും അത്രത്തോളമേ എത്തുകയുള്ളു. മേലി ലീയെ പിന്തുടര്‍ന്നവര്‍ക്ക് അവളുടെ ട്രാക്ക് നഷ്ടമായി. എന്നാല്‍ എനിക്കും നിങ്ങള്‍ക്കും ഒരുനാളും നമ്മുടെ ജീവിതത്തിന്റെ മേലുള്ള ദൈവത്തിന്റെ ശ്രദ്ധയെ ഒഴിവാക്കാനാവില്ല. ദാവീദ് പ്രാര്‍ത്ഥിച്ചു, ‘നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്ക് ഓടും? ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ട്; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ട്’ (സങ്കീര്‍ത്തനം 139:7-8). ‘ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു’ എന്ന് അവന്‍ നന്ദിയോടെ പ്രസ്താവിക്കുന്നു (വാ. 6).

ദൈവം നമ്മെ സ്‌നേഹിക്കുന്നതുകൊണ്ട് നമ്മെ അറിയുന്നതു തിരഞ്ഞെടുത്തു. നമ്മെ നിരീക്ഷിക്കാന്‍ മാത്രമായിട്ടല്ല അവന്‍ നമ്മെ കരുതുന്നത് മറിച്ച് നമ്മുടെ ജീവിതത്തില്‍ കടന്നുവന്ന് അതിനെ പുതുതാക്കുന്നതിനും കൂടെയാണ്. നാം അവനെ അറിയുന്നതിനും പകരമായി നിത്യതയോളം അവനെ സ്‌നേഹിക്കുന്നതിനും വേണ്ടി യേശുവിന്റെ ജീവിതം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയിലൂടെ അവന്‍ നമ്മോട് അടുത്തുവന്നു. ദൈവസ്‌നേഹത്തിന് എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ദൂരത്തു പോകാന്‍ നമുക്കൊരിക്കലും കഴികയില്ല.