‘നമ്മുടെ ടീം അംഗങ്ങളില്‍ ഒരാള്‍ അങ്ങനെ ചെയ്‌തെങ്കില്‍ ഞാന്‍ വളരെ നിരാശനാണ്’ 2016 ലെ ഒരു മാച്ചില്‍ ചതിവു കാണിച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്ററെ പരാമര്‍ശിച്ച് ഒരു കളിക്കാരന്‍ പറഞ്ഞു. എന്നാല്‍ കേവലം രണ്ടു വര്‍ഷം കഴിഞ്ഞ് അതേ കളിക്കാരന്‍ സമാനമായ കുറ്റത്തിനു പിടിക്കപ്പെട്ടു.

കാപട്യം പോലെ നമ്മെ കോപിപ്പിക്കുന്ന കാര്യങ്ങള്‍ ചുരുക്കമാണ്. എന്നാല്‍ ഉല്പത്തി 38 ലെ യെഹൂദായുടെ കഥയില്‍, യെഹൂദായുടെ കപട സ്വഭാവത്തിന് മരണകരമായ ഭവിഷ്യത്താണുണ്ടായത്. തന്റെ രണ്ടു പുത്രന്മാര്‍ താമാറിനെ വിവാഹം ചെയ്ത് അധികം താമസിയാതെ മരണമടഞ്ഞപ്പോള്‍, അവളുടെ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് യെഹൂദാ പതുക്കെ പിന്‍വാങ്ങി (വാ. 8-11). ഗതിമുട്ടിയ താമാര്‍, ഒരു വേശ്യയുടെ പ്രച്ഛന്നവേഷം ധരിക്കുകയും യെഹൂദാ അവളോടൊപ്പം ശയിക്കുകയും ചെയ്തു (വാ. 15-16).

എന്നിട്ടും തന്റെ വിധവയായ മരുമകള്‍ ഗര്‍ഭിണിയായി എന്നു കേട്ടപ്പോള്‍ അവന്റെ പ്രതികരണം മരണകരമായിരുന്നു. ‘അവളെ പുറത്തുകൊണ്ടുവരുവിന്‍; അവളെ ചുട്ടുകളയണം’ അവന്‍ ആവശ്യപ്പെട്ടു (വാ. 24). എന്നാല്‍ യെഹൂദായാണ് പിതാവ് എന്നതിനു താമാറിന്റെ കൈയില്‍ തെളിവുണ്ടായിരുന്നു (വാ. 25).

യെഹൂദയ്ക്ക് അതു നിഷേധിക്കാമായിരുന്നു. മറിച്ച് ‘അവള്‍ എന്നിലും നീതിയുള്ളവള്‍’ (വാ. 26) എന്നു തന്റെ കാപട്യം ഏറ്റുപറയുകയും അവളെ കരുതാനുള്ള തന്റെ ഉത്തരവാദിത്വം അംഗീകരിക്കുകയും ചെയ്തു.

ദൈവം തന്റെ വീണ്ടെടുപ്പിന്‍ ചരിത്രത്തില്‍ യെഹൂദായുടെയും താമാറിന്റെയും കഥയുടെ ഈ കറുത്ത അധ്യായവും ചേര്‍ത്തെഴുതി. താമാറിന്റെ മക്കള്‍ (വാ. 29-30) യേശുവിന്റെ പൂര്‍വ്വപിതാക്കന്മാര്‍ ആകേണ്ടവരായിരുന്നു (മത്തായി 1:2-3).

എന്തുകൊണ്ടാണ് ഉല്പത്തി 38 ബൈബിളില്‍ ചേര്‍ത്തത്? ഒരു കാരണം അതു നമ്മുടെ കപട മനുഷ്യഹൃദയത്തിന്റെ കഥയാണ് -ഒപ്പം ദൈവത്തിന്റെ സ്‌നേഹവും കൃപയും കരുണയുമുള്ള ഹൃദയത്തിന്റെയും കഥ.