കഥയിങ്ങനെയാണ്, 1763 ല്‍, ഒരു യുവ ശുശ്രൂഷകന് ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലുള്ള മലഞ്ചരിവിലെ ഒരു റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നുണ്ടായ മിന്നലില്‍നിന്നും പേമാരിയില്‍ നിന്നും രക്ഷപെടുന്നതിനായി സമീപത്തുള്ള ഒരു ഗുഹയിലേക്കു കയറി. അവിടെ നിന്നുകൊണ്ട് ചെഡ്ഡാര് ഗര്‍ത്തത്തിലേക്കു നോക്കിയപ്പോള്‍, സുരക്ഷിത സ്ഥാനവും ദൈവത്തിന്റെ സമാധാനവും കണ്ടെത്തിയ ദാനത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. അവിടെ നിന്നുകൊണ്ട് ‘പിളര്‍ന്നതാം പാറയേ’ എന്ന ഗാനം അദ്ദേഹം എഴുതാനാരംഭിച്ചു. അതിന്റെ ശ്രദ്ധേയമായ ആരംഭവരികള്‍ ഇപ്രകാരമാണ്, ‘എനിക്കായി പിളര്‍ന്ന യുഗങ്ങളുടെ പാറയേ, നിന്നില്‍ ഞാന്‍ മറയട്ടെ.’
ഈ ഗാനം എഴുതുമ്പോള്‍, പാറയുടെ പിളര്‍പ്പില്‍ മറയ്ക്കപ്പെട്ട മോശെയുടെ അനുഭവത്തെക്കുറിച്ച് (പുറപ്പാട് 33:22) അഗസ്റ്റസ് ടോപ്ലാഡി ചിന്തിച്ചിരുന്നോ എന്നു നമുക്കറിയില്ല, ഒരുപക്ഷേ അദ്ദേഹം ചിന്തിച്ചിരിക്കാം. മോശെ ദൈവത്തിന്റെ ഉറപ്പും ദൈവത്തിന്റെ പ്രതികരണവും തേടുകയായിരുന്നു എന്ന് പുറപ്പാടിലെ വിവരണം നമ്മോടു പറയുന്നു. തനിക്കു ദൈവത്തിന്റെ തേജസ്സ് കാണിച്ചുതരണമെന്ന് മോശെ അപേക്ഷിച്ചപ്പോള്‍ ‘ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കുകയില്ല’ (വാ. 20) എന്നറിഞ്ഞുകൊണ്ടുതന്നെ ദൈവം കൃപയോടെ ഉത്തരം നല്കി. താന്‍ കടന്നുപോകുമ്പോള്‍ മോശെയെ ഒരു പാറയുടെ പിളര്‍പ്പിലാക്കി മോശെ തന്റെ പിന്‍ഭാഗം മാത്രം കാണുവാന്‍ ദൈവം അനുവദിച്ചു. ദൈവം തന്നോടുകൂടെയുണ്ടെന്നു മോശെ അറിഞ്ഞു.
‘എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും” (വാ. 14) എന്നു ദൈവം മോശെയോടു പറഞ്ഞതുപോലെ, നമുക്കും അവനില്‍ സുരക്ഷിത സ്ഥാനം കണ്ടെത്താന്‍ കഴിയും. മോശെയും കഥയിലെ ഇംഗ്ലീഷുകാരനായ ശുശ്രൂഷകനും അഭിമുഖീകരിച്ചതുപോലെയുള്ള അനേക കൊടുങ്കാറ്റുകളെ നാം നമ്മുടെ ജീവിതത്തില്‍ അഭിമുഖീകരിച്ചേക്കാം. എങ്കിലും നാം അവനോടു നിലവിളിക്കുമ്പോള്‍ അവന് തന്റെ സാന്നിധ്യത്തിന്റെ സമാധാനം നമുക്കു നല്‍കും.
പിതാവായ ദൈവമേ, എന്റെ ജീവിതത്തിന്റെ കൊടുങ്കാറ്റുകളുടെ മധ്യത്തില്‍ പോലും അങ്ങെന്നോടുകൂടെയുണ്ട് എന്ന് അങ്ങയില്‍ ആശ്രയിക്കുവാന്‍ എന്നെ സഹായിക്കണമേ.