പതിനെട്ടുകാരിയായ എമ്മായുടെ സന്തോഷത്തെയും ക്രിസ്തുവിനോടുള്ള ഉത്സാഹഭരിതമായ സ്നേഹത്തെയും എതിരാളികള്‍ വിമര്‍ശിച്ചുകൊണ്ടിരുന്നിട്ടും അവള് യേശുവിനെക്കുറിച്ച് വിശ്വസ്തതയോടെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചുകൊണ്ടിരുന്നു. ചിലര്‍ അവളുടെ ശാരീരിക അനാകര്‍ഷണീയതയെ എടുത്തുകാട്ടിപ്പോലും അവളെ വിമര്‍ശിച്ചു. മറ്റു ചിലര്‍ ദൈവത്തോടുള്ള അവളുടെ ഭക്തി നിമിത്തം അവള്‍ക്ക് പരിജ്ഞാനമില്ലെന്നു പറഞ്ഞു. കരുണയില്ലാത്ത വാക്കുകള്‍ അവളുടെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെങ്കിലും അവള് തന്റെ ഉറച്ച വിശ്വാസവും യേശുവിനോടും മറ്റുള്ളവരോടുമുള്ള സ്നേഹവും നിമിത്തം സുവിശേഷം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ, തന്റെ സ്വത്വവും മൂല്യവും മറ്റുള്ളവരുടെ വിമര്‍ശനത്തിനനുസരിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നതെന്നു വിശ്വസിക്കാന്‍ അവള് പരീക്ഷിക്കപ്പെട്ടിരുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍, അവള് ദൈവത്തോടു സഹായത്തിനപേക്ഷിക്കുകയും തന്നെ ഉപദ്രവിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും, തിരുവചനം ധ്യാനിക്കുകയും ആത്മാവു നല്കുന്ന ശക്തിയും ആത്മവിശ്വാസവും കൈമുതലാക്കി മുന്നോട്ടു പോകയും ചെയ്യും.
ഗിദെയോന് മിദ്യാന്യര്‍ എന്ന കഠിനരായ എതിരാളികളെ നേരിട്ടു (ന്യായാധിപന്മാര് 6:1-10). ദൈവം അവനെ ‘പരാക്രമശാലി’ എന്നു വിളിച്ചെങ്കിലും ഗിദെയോന്റെ സംശയവും സ്വയം സൃഷ്ടിച്ച പരിമിതികളും അരക്ഷിതാവസ്ഥയും മാറിയില്ല (വാ. 11-15). ഒന്നിലധികം അവസരങ്ങളില്‍, അവന്റെ ദൈവസാന്നിധ്യത്തെയും തന്റെ യോഗ്യതകളെയും ചോദ്യം ചെയ്തു, എങ്കിലും ക്രമേണ വിശ്വാസത്തോടെ സമര്‍പ്പിച്ചു.
നാം ദൈവത്തിലാശ്രയിക്കുമ്പോള്‍, നമ്മെക്കുറിച്ച് അവന് പറയുന്നതു സത്യമാണ് എന്നു വിശ്വസിക്കുന്ന നിലയില്‍ നമുക്കു ജീവിക്കുവാന്‍ കഴിയും. നമ്മുടെ സ്വത്വത്തെ സംശയിക്കുവാന്‍ പീഡനങ്ങള്‍ നമ്മെ പരീക്ഷിച്ചാലും നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു തന്റെ സാന്നിധ്യം നമുക്കുറപ്പിച്ചുതരികയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും. അവന്റെ സമ്പൂര്‍ണ്ണ സ്നേഹമാകുന്ന ആയുധം ധരിച്ചും അവന്റെ അനന്തമായ കൃപയാല്‍ സംരക്ഷിക്കപ്പെട്ടും അവന്റെ വിശ്വസനീയ സത്യത്തില്‍ ഭദ്രമാക്കപ്പെട്ടും ശക്തരായ പോരാളികളെപ്പോലെ നടക്കാന്‍ നമുക്കു കഴിയും എന്നവന് നമുക്ക് ഉറപ്പുതരുന്നു.
കര്‍ത്താവേ, ഞങ്ങളുടെ മൂല്യത്തെ സംശയിക്കുവാനും അങ്ങയുടെ പ്രിയ മക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള അതുല്യമായ പദവികളെ ചോദ്യം ചെയ്യുവാനും ഒരുവന് ഞങ്ങളെ പരീക്ഷിക്കുന്ന സമയത്തൊക്കെയും അങ്ങയുടെ സ്നേഹത്തെ സ്മരിക്കുവാനും കൃപയോടെ പ്രതികരിക്കുവാനും ഞങ്ങളെ സഹായിക്കണമേ.