സ്നേഹത്തിന്റെ വിരുന്ന്
ബാബെറ്റിന്റെ വിരുന്ന് എന്ന ഡാനിഷ് സിനിമയില്‍, ഒരു ഫ്രെഞ്ച് അഭയാര്‍ത്ഥി ഒരു തീരദേശ ഗ്രാമത്തിലെത്തുന്നു. ഗ്രാമത്തിലെ ആത്മിക ജീവിതത്തിന്റെ നേതൃത്വം വഹിക്കുന്ന പ്രായമുള്ള രണ്ടു സഹോദരിമാര്‍ അവളെ വീട്ടിലേക്കു കൊണ്ടുപോകയും അടുത്ത പതിന്നാലു വര്‍ഷങ്ങള്‍ ബാബെറ്റ് അവരുടെ വീട്ടുജോലിക്കാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവള് ധാരാളം പണം സ്വരുക്കൂട്ടിക്കഴിഞ്ഞപ്പോള്‍ ആ സഭയിലെ 12 അംഗങ്ങളെ ഒരു വിരുന്നിനായി ക്ഷണിച്ചു. മത്സ്യമുട്ടകള്‍ കൊണ്ടുണ്ടാക്കിയ 'കാവിയാറും' കാടയിറച്ചി വറുത്തതും ഉള്‍പ്പെടെ വിഭവസമൃദ്ധമായ ഫ്രഞ്ച് വിരുന്ന് അവള് ഒരുക്കി.
ഒരു വിഭവത്തില്‍ നിന്ന് അടുത്തതിലേക്ക് അവര്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ അതിഥികളുടെ മനസ്സ് ശാന്തമായി; ചിലര്‍ ക്ഷമ കണ്ടെത്തി, ചിലരുടെ സ്നേഹം വീണ്ടും ജ്വലിക്കാനാരംഭിച്ചു, ചിലര്‍ തങ്ങള്‍ കുട്ടിക്കാലത്തു സാക്ഷ്യം വഹിച്ച അത്ഭുതങ്ങള്‍ ഓര്‍ക്കുകയും പഠിച്ച സത്യങ്ങള്‍ അയവിറക്കുകയും ചെയ്തു. 'കൊച്ചുകുട്ടികളേ. തമ്മില്‍ തമ്മില്‍ സ്നേഹിപ്പിന്‍ എന്നു നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?' അവര്‍ പറഞ്ഞു. ഭക്ഷണം അവസാനിച്ചപ്പോള്‍, താന്‍ തന്റെ സമ്പാദ്യം മുഴുവനും ആ ഭക്ഷണത്തിനായി ചിലവഴിച്ചു എന്ന് ബാബെറ്റ് സഹോദരിമാരോടു വെളിപ്പെടുത്തി. അവള് മുഴുവനും നല്കി-പാരീസിലെ പ്രശസ്തയായ ഷെഫ് എന്ന നിലയില്‍ അവിടേക്കു മടങ്ങിപ്പോകാനുള്ള അവസരം ഉള്‍പ്പെടെ. അവളുടെ സ്നേഹിതര്‍ ഭക്ഷിക്കുന്ന വേളയില്‍ തങ്ങളുടെ മനസ്സു തുറന്നതായി അവര്‍ക്കനുഭവപ്പെടുന്നതിനായിട്ടാണ് അവള് അങ്ങനെ ചെയ്തത്.
യേശു ഭൂമിയില്‍ വന്നത് ഒരു അപരിചിതനും ദാസനുമായിട്ടാണ്, എങ്കിലും നമ്മുടെ ആത്മീയ വിശപ്പ് ശമിപ്പിക്കുന്നതിനുവേണ്ടി അവന് സകലവും നല്കി. യോഹന്നാന്റെ സുവിശേഷത്തില്‍, അവന്റെ തന്റെ ശ്രോതാക്കളെ ഓര്‍മ്മിപ്പിക്കുന്നത് അവരുടെ പിതാക്കന്മാര് മരുഭൂമിയില്‍ വിശന്ന് അലഞ്ഞപ്പോള്‍, ദൈവം അവര്‍ക്ക് കാടപ്പക്ഷിയെയും അപ്പവും നല്കി (പുറപ്പാട് 16). ആ ആഹാരം കുറെക്കാലത്തേക്ക് അവരെ തൃപ്തിപ്പെടുത്തി, എന്നാല്‍ തന്നെ 'ജീവന്റെ അപ്പം' ആയി സ്വീകരിക്കുന്നവര്‍ 'എന്നേക്കും ജീവിക്കും' (യോഹന്നാന് 6:48, 51) എന്ന് യേശു വാഗ്ദത്തം ചെയ്യുന്നു. അവന്റെ യാഗം നമ്മുടെ ആത്മീയ വിശപ്പിനെ തൃപ്തിപ്പെടുത്തുന്നു.
രണ്ടാം സ്ഥാനമല്ല
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചശേഷം, അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളായി അംഗീകരിക്കപ്പെട്ടു. എങ്കിലും 1919 ല്‍ സംഭവിച്ച മാരകമായ ഒരു പക്ഷാഘാതത്തെത്തുടര്‍ന്ന്, ഏതെല്ലാം വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നു തുടങ്ങി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നുവെന്ന് വളരെക്കുറച്ചു പേര്‍ക്കു മാത്രമേ അറിയുമായിരുന്നുള്ളു. യഥാര്‍ത്ഥത്തില്‍ എഡിത്ത് വില്‍സണ്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ആധുനിക ചരിത്രകാരന്മാര് വിശ്വസിക്കുന്നത് എന്നതാണ് വസ്തുത.
ആദിമ സഭയുടെ നേതാക്കന്മാരുടെ പേരു പറയാന്‍ പറഞ്ഞാല്‍, നമ്മില്‍ മിക്കവരും പത്രൊസ്, പൗലൊസ്, തിമൊഥെയൊസ് തുടങ്ങി കഴിവുകള്‍ ഉള്ളവരെന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ചുരുക്കം ചിലരുടെ പേരുകള്‍ പറയും. എന്നാല്‍ റോമര്‍ 16 ല്‍, വ്യത്യസ്ത പശ്ചാത്തലമുള്ള ഏതാണ്ട് നാലപതു പേരുടെ പേരുകള്‍ - പുരുഷന്മാര്, സ്ത്രീകള്‍, അടിമകള്‍, യെഹൂദന്മാര്‍, ജാതികള്‍ - പൗലൊസ് രേഖപ്പെടുത്തുന്നു; അവരെല്ലാവരും തന്നെ വ്യത്യസ്ത നിലകളില്‍ സഭാജീവിതത്തിനായി സംഭാവനകള്‍ നല്കിയിട്ടുള്ളവരാണ്.
അവരെ സഭയിലെ രണ്ടാം സ്ഥാനക്കാരായ അംഗങ്ങള്‍ ആക്കുന്നതിനു പകരം, പൗലൊസ് ഈ ആളുകളെ ഏറ്റവും ഉന്നതമായ നിലയിലാണ് പരിഗണിക്കുന്നത്. 'അപ്പൊസ്തലന്മാരുടെ ഇടയില്‍ പേര് കൊണ്ടവര്‍' എന്നാണ് പൗലൊസ് അവരെ വിവരിക്കുന്നത് (വാ. 7) - യേശുവിനുവേണ്ടിയുള്ള അവരുടെ സേവനത്തെ പ്രതി ആഘോഷിക്കപ്പെടേണ്ട ആളുകളാണവര്‍.
സഭയിലെ നേതാക്കള്‍ ആയിരിക്കാന്‍ കഴിയാത്തവണ്ണം വെറും സാധാരണക്കാരാണെന്നു നമ്മില്‍ പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ നമ്മിലോരോരുത്തര്‍ക്കും മറ്റുള്ളവരെ ശുശ്രൂഷിക്കാനും സഹായിക്കാനും ഉപയോഗിക്കാവുന്ന വരങ്ങള്‍ കൈമുതലായിട്ടുണ്ട് എന്നതാണു സത്യം. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ച് അവന്റെ മഹത്വത്തിനായി നമ്മുടെ വരങ്ങള്‍ നമുക്ക് ഉപയോഗിക്കാം!
ഉരുക്കും വെല്‍വെറ്റും
കവി കാള്‍ സാന്‍ഡ്ബര്‍ഗ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണെക്കുറിച്ച് ഇപ്രകാരം എഴുതി: 'തന്റെ ഹൃദയത്തിലും മനസ്സിലും ഭയാനകമായ കൊടുങ്കാറ്റിന്റെയും വിവരണാതീതവും സമ്പൂര്‍ണ്ണവുമായ സമാധാനത്തിന്റെയും വൈരുദ്ധ്യം വഹിക്കുന്ന, ഒരേസമയം ഉരുക്കും വെല്വെറ്റുമായിരിക്കുന്ന ഒരു മനുഷ്യന് മനുഷ്യചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രമേ ഭൂമിയില്‍ പിറക്കാറുള്ളു.' 'ഉരുക്കും വെല്‍വെറ്റും' എന്നത് എപ്രകാരമാണ് ലിങ്കണ് തന്റെ പദവിയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യന്റെ വാഞ്ഛയും സന്തുലനപ്പെടുത്തിയിരുന്നത് എന്നു വിവരിക്കുന്നു.
എക്കാലത്തെയും ചരിത്രത്തില്‍ ഒരു മനുഷ്യന് മാത്രമേ ശക്തിയും മൃദുത്വവും, അധികാരവും മനസ്സലിവും സന്തുലനപ്പെടുത്തിയിട്ടുള്ളു. ആ മനുഷ്യന് യേശുക്രിസ്തു ആണ്. യോഹന്നാന് 8 ല്‍, കുറ്റക്കാരിയായ ഒരു സ്ത്രീക്ക് ശിക്ഷ വിധിക്കാനുള്ള ആവശ്യവുമായി മതനേതാക്കന്മാര് വന്നപ്പോള്‍, യേശു ഒരേസമയം ഉരുക്കും വെല്‍വെറ്റും പ്രദര്‍ശിപ്പിച്ചു. രക്തദാഹികളായ പുരുഷാരത്തിന്റെ ആവശ്യത്തെ ചെറുത്തുനില്ക്കുകയും അവരുടെ വിമര്ശനക്കണ്ണുകളെ അവരിലേക്കു തന്നെ തിരിക്കുകയും ചെയ്തുകൊണ്ട് അവന് ഉരുക്ക് പ്രദര്‍ശിപ്പിച്ചു. അവന് അവരോടു പറഞ്ഞു, 'നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ' (വാ. 7). എന്നിട്ട് 'ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോകുക, ഇനി പാപം ചെയ്യരുത്' (വാ. 11) എന്നു സ്ത്രീയോടു പറഞ്ഞുകൊണ്ട് അവന് വെല്‍വെറ്റിനു മാതൃക കാണിച്ചു.
മറ്റുള്ളവരോടുള്ള നമ്മുടെ പ്രതികരണത്തില്‍ അവന്റെ 'ഉരുക്കും വെല്‍വെറ്റും' പ്രതിഫലിപ്പിക്കുന്നത്, നമ്മെ യേശുവിനു സദൃശ്യരാക്കാനുള്ള പിതാവിന്റെ പ്രവൃത്തിയെ വെളിപ്പെടുത്തും. അങ്ങനെ കരുണയുടെ വെല്‍വെറ്റിനും നീതിയുടെ ഉരുക്കിനും വാഞ്ഛിക്കുന്ന ലോകത്തിന് അവന്റെ ഹൃദയം കാണിച്ചുകൊടുക്കുവാന്‍ നമുക്കു കഴിയും.
നാം സ്തുതിക്കുമ്പോള്‍
ഒമ്പതു വയസ്സുകാരനായ വില്ലിയെ വീട്ടുമുറ്റത്തുനിന്നും തട്ടിക്കൊണ്ടുപോയപ്പോള്‍ അവന് തന്റെ ഇഷ്ട സുവിശേഷ ഗാനമായ എവരി പ്രെയ്സ് വീണ്ടും വീണ്ടും പാടിക്കൊണ്ടിരുന്നു. അടുത്ത മൂന്നു മണിക്കൂറുകള്‍, പാട്ടുനിര്‍ത്താന്‍ അവനെ തട്ടിയെടുത്തവര്‍ ആജ്ഞാപിച്ചിട്ടും അവന് വഴങ്ങിയില്ല. ഒടുവില്‍ അവര്‍ അവനെ ഉപദ്രവം ഒന്നും ഏല്പിക്കാതെ കാറില്‍നിന്ന് ഇറക്കിവിട്ടു. പിന്നീട്, സംഭവം വിവരിച്ച വില്ലി പറഞ്ഞത് അവന്റെ ഭയം വിശ്വാസത്തിനു വഴിമാറിയപ്പോള്‍ അവനെ തട്ടിയെടുത്തയാള്‍ പാട്ടു കേട്ട് കൂടുതല്‍ അസ്വസ്ഥനാകുകയായിരുന്നു എന്നായിരുന്നു.
തന്റെ അപകടകരമായ സാഹചര്യത്തില്‍ വില്ലിയുടെ പ്രതികരണം, പൗലൊസും ശീലാസും നേരിട്ട അനുഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു. ചാട്ടവാറടിയേല്‍ക്കുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തപ്പോഴുണ്ടായ അവരുടെ പ്രതികരണം, 'അര്‍ദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാര്‍ത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാര്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതില്‍ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു' (അപ്പൊ. പ്രവൃത്തികള്‍ 16:25-26).
ശക്തിയുടെ ഈ അതിശയകരമായ പ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ച കാരാഗൃഹപ്രമാണി പൗലൊസിന്റെയും ശീലാസിന്റെയും ദൈവത്തില്‍ വിശ്വസിക്കുകയും അവന്റെ കുടുംബം മുഴുവനും അവനോടൊപ്പം സ്നാനമേല്ക്കുകയും ചെയ്തു (വാ. 27-34). സ്തുതിയുടെ പാതയിലൂടെ, ശാരീരികവും ആത്മികവുമായ ചങ്ങലകള്‍ ആ രാത്രി തകര്‍ന്നുവീണു.
പൗലൊസിനും ശീലാസിനും അല്ലെങ്കില്‍ വില്ലിക്കും ഉണ്ടായതുപോലെയുള്ള നാടകീയമായ ഒരു രക്ഷപ്പെടുത്തല്‍ നാം ഒരുപക്ഷേ എല്ലായ്പ്പോഴും അനുഭവിച്ചു എന്നു വരികയില്ല. എങ്കിലും തന്റെ ജനത്തിന്റെ സ്തുതിക്ക് ദൈവം പ്രതികരിക്കുന്നു എന്നു നമുക്കറിയാം! അവന് ചലിക്കുമ്പോള്‍ ചങ്ങലകള്‍ അഴിഞ്ഞു വീഴും.
സത്യം: കൈപ്പോ മധുരമോ?
കൈപ്പുള്ള ഒരു ഗുളിക വിഴുങ്ങുവാന്‍ ദൈവം യെഹെസ്കേലിനോടു പറഞ്ഞു-വിലാപങ്ങളും കഷ്ടവും എഴുതിയ ഒരു ചുരുള്‍ ആയിരുന്നു അത് (യെഹെസ്കേല്‍ 2:10; 3:1-2). അതുകൊണ്ട് അവന് 'ഉദരം നിറയ്ക്കുകയും' 'ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും' ഉള്ള ജനം (2:4) എന്നു ദൈവം പറഞ്ഞ യിസ്രായേലിനെ അതിലെ വചനങ്ങള്‍ കേള്‍പ്പിക്കയും വേണമായിരുന്നു. തിരുത്തലിനുള്ള വചനങ്ങള്‍ അടങ്ങിയ ചുരുള്‍ കൈപ്പുള്ളതായിരിക്കുമെന്നാണ് ഒരുവന് പ്രതീക്ഷിക്കുന്നത്. എങ്കിലും അതു തന്റെ വായ്ക്ക് 'തേന്‍പോലെ മധുരമായിരുന്നു' എന്നു യെഹെസ്കേല്‍ വിവരിക്കുന്നു (3:3).
ദൈവിക തിരുത്തലുകള്‍ക്ക് ഒരു സ്വാദ് യെഹെസ്കേല്‍ ആര്‍ജ്ജിച്ചു എന്നു തോന്നുന്നു. അവന്റെ ശാസനയെ ഒഴിവാക്കേണ്ട ഒന്ന് ആയി കരുതുന്നതിനു പകരം, ആത്മാവിനു നല്ലതായിരിക്കുന്നത് 'മധുരമുള്ളതാണ്' എന്ന് യെഹെസ്കേല്‍ തിരിച്ചറിഞ്ഞു. ദൈവം മഹാസ്നേഹത്തോടെ നമ്മെ പ്രബോധിപ്പിക്കുകയും തിരുത്തുകയും അവനെ മാനിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ജീവിക്കുവാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
ചില സത്യങ്ങള്‍ കൈപ്പുള്ള ഗുളികകള്‍ പോലെയാണ്, ചിലത് മധുരമുള്ളതും. ദൈവം നമ്മെ എത്രത്തോളം സ്നേഹിക്കുന്നു എന്നു നാം ഓര്‍ക്കുമ്പോള്‍, അവന്റെ സത്യം തേന്‍പോലെ മധുരമായിത്തീരും. അവന്റെ വചനങ്ങള്‍ നമുക്കു ഗുണത്തിനായി നല്കപ്പെടുകയും, മറ്റുള്ളവരോടു ക്ഷമിക്കുവാനും പരദൂഷണത്തില്‍നിന്ന് ഒഴിഞ്ഞിരിക്കുവാനും തെറ്റായ പെരുമാറ്റങ്ങളെ സഹിക്കുവാനും ആവശ്യമായ ജ്ഞാനവും ശക്തിയും നമുക്കു നല്‍കുകയും ചെയ്യുന്നു. കര്‍ത്താവേ, അങ്ങയുടെ ജ്ഞാനത്തെ മധുരമുള്ള ആലോചനപോലെ - അതങ്ങനെതന്നെയാണ് - അംഗീകരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.