സ്നേഹിതയ്ക്ക് ക്യാന്‍സര്‍ ആണെന്ന പരിശോധനാ ഫലം ലഭിച്ചപ്പോള്‍, അവളുടെ കാര്യങ്ങള്‍ എല്ലാം പെട്ടെന്നു ക്രമീകരിക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു. അവള് കരഞ്ഞുകൊണ്ട് എന്നെ വിളിക്കുകയും തന്റെ ഭര്‍ത്താവിനെയും മക്കളെയും കുറിച്ച് ആകുലപ്പെടുകയും ചെയ്തു. ഞാന്‍ അവളുടെ അടിയന്തിര പ്രാര്‍ത്ഥനാ വിഷയം ഞങ്ങളുടെ സ്നേഹിതരുമായി പങ്കുവെച്ചു. പ്രതീക്ഷ കൈവിടരുതെന്നും താനും തന്റെ സംഘവും തങ്ങളാല്‍ കഴിയുന്നത് ചെയ്യാമെന്നും മറ്റൊരു ഡോക്ടര്‍ അവളോടു പറഞ്ഞപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു. ചില ദിവസങ്ങള്‍ മറ്റുള്ളവയെക്കാള്‍ പ്രയാസകരമായിരുന്നുവെങ്കിലും, തനിക്കെതിരെ വരുന്ന പ്രതിസന്ധികള്‍ക്കപ്പുറമായി അവള് ദൈവത്തില്‍ ആശ്രയിച്ചു. അവള് ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല.
എന്റെ സ്നേഹിതയുടെ സ്ഥിരതയുള്ള വിശ്വാസം ലൂക്കൊസ് 8 ലെ ആശയറ്റ സ്ത്രീയുടെ കാര്യം എന്നെ ഓര്‍മ്മിപ്പിച്ചു. 12 വര്‍ഷം തുടര്‍ച്ചയായി രോഗവും നിരാശയും ഒറ്റപ്പെടലും അനുഭവിച്ച അവള് യേശുവിന്റെ പുറകില്‍ ചെന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങല് തൊട്ടു. അവളുടെ വിശ്വാസ പ്രവൃത്തിയെ തുടര്‍ന്നു സത്വര സൗഖ്യം അവള്‍ക്കുണ്ടായി. തന്റെ സാഹചര്യം എത്ര പ്രതീക്ഷയറ്റതായിരുന്നാലും … മറ്റുള്ളവര്‍ക്കു ചെയ്യാന്‍ കഴിയാത്തത് യേശുവിനു ചെയ്യാന്‍ കഴിയുമെന്നു വിശ്വസിച്ചു …പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു (വാ. 43-44).
അവസാനിക്കയില്ലെന്നു തോന്നുന്ന വേദനയും പ്രതീക്ഷയറ്റതെന്നു തോന്നുന്ന സാഹചര്യവും അസഹനീയമായ കാത്തിരിപ്പും നാം അനുഭവിച്ചേക്കാം. നമുക്കെതിരായ പ്രതികൂലങ്ങള്‍ ഉയരത്തിലും വിശാലമായും കുന്നുകൂടുന്ന നിമിഷങ്ങള്‍ നാം അനുഭവിച്ചേക്കാം. ക്രിസ്തുവില്‍ നാം ആശ്രയിച്ചിട്ടും നാം ആശിക്കുന്ന സൗഖ്യം നമുക്കു ലഭിച്ചില്ല എന്നു വന്നേക്കാം. എങ്കിലും അപ്പോള്‍ പോലും, അവനെ തൊടുവാനും ഒരിക്കലും പ്രത്യാശ കൈവിടാതെ അവനില്‍ ആശ്രയിക്കുവാനും, അവന് എല്ലായ്പ്പോഴും പ്രാപ്തനും എല്ലായ്പ്പോഴും വിശ്വസിക്കാന്‍ കൊള്ളാവുന്നവനും എല്ലായ്പ്പോഴും സമീപേയുള്ളവനും എന്നു വിശ്വസിക്കുവാനും യേശു നമ്മെ ക്ഷണിക്കുന്നു.
യേശുവേ, ഞങ്ങള്‍ ഒരിക്കലും അങ്ങയുടെ സാമിപ്യത്തില്നിന്നും അകലെയുള്ളവരോ പ്രതീക്ഷയറ്റവരോ അല്ല എന്നു ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനു നന്ദി.