മൂന്നു വയസ്സുള്ള എന്റെ അനന്തരവള്‍ ജെന്നയ്ക്ക്് എല്ലായ്പ്പോഴും എന്റെ ഹൃദയത്തെ അലിയിക്കുന്ന ഒരു ഭാവപ്രകടനമുണ്ട്. എന്തിനെയെങ്കിലും അവള് അത്യധികം ഇഷ്ടപ്പെട്ടാല്‍ (വല്ലാതെ സ്നേഹിച്ചാല്‍), അതു ബനാന ക്രീം പൈയോ, ട്രാംപൊലീനില്‍ ചാടുന്നതോ, ഫ്രിസ്ബീ കളിക്കുന്നതോ എന്തുമായിക്കൊള്ളട്ടെ, അവള് പറയും, ‘ഞാന്‍ അതിനെ സ്നേഹിക്കുന്നു-മുഴു ലോകത്തോളം!’ (നാടകീയമായി കൈകള്‍ വിരിച്ചു പിടിച്ചുകൊണ്ടാണ് ‘മുഴുലോകത്തോളം’ പറയുന്നത്).
അതുപോലെ സ്നേഹിക്കാന്‍ അവസാനമായി ഞാന്‍ എന്നാണ് ധൈര്യപ്പെട്ടത്? ഒന്നും പിടിച്ചുവയ്ക്കാതെ, ഒട്ടും ഭയപ്പെടാതെ? എന്നു ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.
‘ദൈവം സ്നേഹം തന്നേ’ യോഹന്നാന് ആവര്‍ത്തിച്ച് എഴുതി (1 യോഹന്നാന് 4:8,16), അതിനു കാരണം ദൈവത്തിന്റെ സ്നേഹം – നമ്മുടെ കോപമോ, ഭയമോ, ലജ്ജയോ അല്ല – ആണ് യാഥാര്‍ത്ഥ്യത്തിന്റെ ആഴമോറിയ അടിസ്ഥാനം എന്ന സത്യം മുതിര്‍ന്നവരായ നമുക്ക് ഗ്രഹിക്കാന്‍ പ്രയാസമാണ് എന്നതായിരിക്കാം (1:7-9; 3:18). പ്രകാശം വെളിച്ചത്തുകൊണ്ടുവരുന്നത് എത്ര വേദനാജനകമായ സത്യമായാലും, നാം അപ്പോഴും സ്നേഹിക്കപ്പെടുന്നു എന്നു നമുക്കറിയാന്‍ കഴിയും (4:10,18; റോമര്‍ 8:1).
‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു-മുഴു ലോകത്തോളം’ എന്ന് ജെന്നാ എന്നോടു പറഞ്ഞപ്പോള്‍ ‘ഞാനും നിന്നെ സ്നേഹിക്കുന്നു-മുഴു ലോകത്തോളം’ എന്നു ഞാന്‍ മറുപടി പറഞ്ഞു. ഓരോ നിമിഷവും ഞാന്‍ അറുതിയില്ലാത്ത സ്നേഹത്താലും കൃപയാലും പിടിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ സൗമ്യമായ ഓര്‍മ്മപ്പെടുത്തലിന് ഞാന്‍ നന്ദിയുള്ളവളായിരുന്നു.
സ്നേഹവാനായ ദൈവമേ, അങ്ങയുടെ സ്നേഹത്തിനായി നന്ദി. വഴി അന്ധകാരപൂര്ണ്ണമാകുമ്പോള് അങ്ങയുടെ വെളിച്ചത്തിലും സ്നേഹത്തിലും ആശ്രയിക്കുവാനും അനുഗമിക്കുവാനും ഞങ്ങളെ സഹായിക്കണമേ.