അത് ഏഴാം ഗ്രേഡുകാരുടെ ആദ്യത്തെ ക്രോസ്-കണ്‍ട്രി മീറ്റായിരുന്നു, എങ്കിലും അവള്‍ക്ക് ഓടാന്‍ ആഗ്രഹമില്ലായിരുന്നു. അതിനുവേണ്ടി അവള്‍ തയ്യാറെടുത്തിരുന്നുവെങ്കിലും, പരാജയപ്പെടുമെന്ന് അവള്‍ ഭയന്നു. എന്നിട്ടും എല്ലാവരോടുമൊപ്പം അവളും ഓടിത്തുടങ്ങി. പിന്നീട് മറ്റ് ഓട്ടക്കാര്‍ ഓരോരുത്തരായി രണ്ടു മൈല്‍ ദൈര്‍ഘ്യമുള്ള ഓട്ടം പൂര്‍ത്തിയാക്കി ഫിനിഷ് ലൈന്‍ കടന്നു- വിമുഖയായ ഓട്ടക്കാരി ഒഴികെ ബാക്കിയെല്ലാവരും. ഒടുവില്‍, തന്റെ മകള്‍ പൂര്‍ത്തിയാക്കുന്നതു കാണാന്‍ കാത്തിരുന്ന അവളുടെ അമ്മ, ഒരു ഏകാന്ത രൂപത്തെ വളരെ ദൂരെയായി കണ്ടു. ശ്രദ്ധ പതറിയ മത്സരാര്‍ത്ഥിയെ ആശ്വസിപ്പിക്കുന്നതിനു തയ്യാറെടുത്ത് ഫിനിഷ് ലൈനിലേക്ക് അമ്മ എത്തി. പകരം, ഓട്ടക്കാരി അമ്മയെക്കണ്ടപ്പോള്‍ വിളിച്ചു പറഞ്ഞു, ‘അതു വിസ്മയാവഹമായിരുന്നു!’

അവസാനമായി ഓടിയെത്തുന്നതില്‍ എന്താണ് വിസ്മയാവഹമായിട്ടുള്ളത്? പൂര്‍ത്തിയാക്കുക എന്നതു തന്നേ.

പെണ്‍കുട്ടി പ്രയാസകരമായ ഒരു കാര്യത്തിനു ശ്രമിക്കുകയും അതു പൂര്‍ത്തിയാക്കുകയും ചെയ്തു! കഠിനാധ്വാനത്തെയും ജാഗ്രതയെയും തിരുവെഴുത്ത് മാനിക്കുന്നു. കായികരംഗത്തും സംഗീതത്തിലും സ്ഥിരോത്സാഹവും പ്രയത്‌നവും ആവശ്യമുള്ള മറ്റു കാര്യങ്ങളിലും നമുക്കു പഠിക്കാന്‍ കഴിയുന്ന കാര്യമാണിത്.

സദൃശവാക്യങ്ങള്‍ 12:24 പറയുന്നു, ‘ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും.’ പിന്നീട് നാം വായിക്കുന്നു, ”എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണം കൊേണ്ടാ ഞെരുക്കമേ വരൂ’ (14:23). ഈ ജ്ഞാന പ്രമാണങ്ങള്‍ – വാഗ്ദത്തങ്ങളല്ല – ദൈവത്തെ നന്നായി സേവിക്കാന്‍ നമ്മെ സഹായിക്കും.

നമുക്കുവേണ്ടിയുള്ള ദൈവിക പദ്ധതിയില്‍ എല്ലായ്‌പോഴും അധ്വാനം അടങ്ങിയിരിക്കുന്നു. വീഴ്ചയ്ക്കു മുമ്പുപോലും ആദാം ”തോട്ടത്തില്‍ വേല ചെയ്യുകയും അതിനെ കാക്കുകയും”വേണമായിരുന്നു (ഉല്പത്തി 2:15). നാം ചെയ്യുന്ന ഏതൊരു അധ്വാനവും ‘മനസ്സോടെ’ ചെയ്യണം (കൊലൊസ്യര്‍ 3:23). അവന്‍ നമുക്കു തരുന്ന ബലംകൊണ്ട് നമൂക്ക് പ്രവര്‍ത്തിക്കാം-ഫലം ഉളവാക്കുന്നത് അവനു വിട്ടു കൊടുക്കാം.