മിഡില്‍ സ്കൂളില്‍ എനിക്ക് ‘ചിലപ്പോഴൊക്കെ കൂട്ടുകാരിയായ” ഒരാളുണ്ടായിരുന്നു. ഞങ്ങളുടെ ചെറിയ സഭയിലെ കൂട്ടുകാരായിരുന്നു ഞങ്ങള്‍ (അവിടെ അവളുടെ പ്രായത്തില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു). കൂടെക്കൂടെ സ്കൂളിനു വെളിയില്‍ നടക്കാന്‍ പോകുമായിരുന്നു എങ്കിലും സ്കൂളില്‍ കഥ വ്യത്യസ്തമായിരുന്നു. അവള് ഒറ്റയ്ക്കാണെങ്കില്‍ അവള് ഹലോ പറയും; അതും അടുത്തെങ്ങും ആരുമില്ലെങ്കില്‍ മാത്രം. ഇതു മനസ്സിലാക്കി, സ്കൂള്‍ ഭിത്തിക്കുള്ളില്‍ വെച്ച് അവളുടെ ശ്രദ്ധ നേടാന്‍ ഞാന്‍ ശ്രമിക്കാറില്ലായിരുന്നു. ഞങ്ങളുടെ സൗഹൃദത്തിന്റെ പരിമിതി എനിക്കറിയാമായിരുന്നു.
നിരാശാജനകമാംവിധം ഏകപക്ഷീയമായതോ ഇടുങ്ങിയതോ ആയ സൗഹൃദങ്ങളുടെ വേദന നമ്മിലെല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. എന്നാല്‍ മറ്റൊരു തരം സൗഹൃദമുണ്ട്-എല്ലാ അതിരുകളുടെയും അപ്പുറത്തേക്കു നീളുന്ന ഒന്ന്. നമ്മോടൊപ്പം ജീവിത യാത്ര പങ്കുവയ്ക്കാന്‍ സമര്‍പ്പിതരായ സമാന മനസ്കരായ ആളുകളുമായുള്ള സൗഹൃദമാണത്.
അത്തരത്തിലുള്ള സ്നേഹിതരായിരുന്നു ദാവീദും യോനാഥാനും. യോനാഥാന്റെ മനസ്സ് ദാവീദിനോടു പറ്റിച്ചേര്‍ന്നിരുന്നു, യോനാഥാന് അവനെ ‘സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു’ (1 ശമൂവേല്‍ 18:1-3). തന്റെ പിതാവായ ശൗലിന്റെ മരണശേഷം ഭരണം നടത്തേണ്ടവനായിരുന്നു യോനാഥാന് എങ്കിലും, ശൗലിനു പകരമായി ദൈവം തിരഞ്ഞെടുത്ത ദാവീദിനോട് അവന് കൂറു പുലര്‍ത്തി. അവനെ കൊല്ലുവാന്‍ ശൗല്‍ ഒരുക്കിയ രണ്ടു പദ്ധതികളെ ഒഴിഞ്ഞുപോകുവാന്‍ പോലും യോനാഥാന് ദാവീദിനെ സഹായിച്ചു (19:1-6: 20:1-42).
എല്ലാവിധ തടസ്സങ്ങളും ഉണ്ടായിട്ടും സദൃശവാക്യങ്ങള്‍ 17:17 ലെ ‘സ്നേഹിതന് എല്ലാക്കാലത്തും സ്നേഹിക്കുന്നു” എന്ന സത്യത്തിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് യോനാഥാനും ദാവീദും സ്നേഹിതന്മാരായി തുടര്‍ന്നു. അവരുടെ വിശ്വസ്തമായ സൗഹൃദം, ദൈവത്തിനു നമ്മോടുള്ള സ്നേഹബന്ധത്തിന്റെ ഒരു അല്പദര്ശനം നമുക്കു നല്കുന്നു (യോഹന്നാന് 3:16; 15:15). അവരുടേതുപോലെയുള്ള സൗഹൃദങ്ങളിലൂടെ ദൈവസനേഹത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് ആഴമുള്ളതായി മാറുന്നു.
സ്വര്‍ഗ്ഗീയ പിതാവേ, സ്നേഹിതര്‍ക്കുവേണ്ടി ഞങ്ങള്‍ വാഞ്ഛിക്കുന്നു. യഥാര്‍ത്ഥവും നിലനില്ക്കുന്നതും ദൈവ-കേന്ദ്രീകൃതവുമായ സൗഹൃദങ്ങള്‍ക്കായി വാതിലുകള്‍ തുറക്കണമേ.