2015 ല്‍ ഒരു സ്ത്രീ തന്റെ മരിച്ചുപോയ ഭര്‍ത്താവിന്റെ കമ്പ്യൂട്ടര്‍ – 1976 ല്‍ നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ – റീസൈക്ലിംഗ് സെന്ററില്‍ നല്‍കി. എന്നാല്‍ അത് എന്നു നിര്‍മ്മിച്ചു എന്നതിനെക്കാള്‍ ആരു നിര്‍മ്മിച്ചു എന്നതിനായിരുന്നു കൂടുതല്‍ പ്രാധാന്യം. ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് സ്വന്ത കൈകൊണ്ടു നിര്‍മ്മിച്ച 200 കമ്പ്യൂട്ടറുകളില്‍ ഒന്നായിരുന്നു അത്. അതിന് 2.5 ലക്ഷം ഡോളര്‍ ആണ് വിലമതിക്കുന്നത്! ചിലപ്പോഴൊക്കെ ഒരു വസ്തുവിന്റെ യഥാര്‍ത്ഥ വില അറിയുക എന്നത് ആര് അത് ഉണ്ടാക്കി എന്നറിയുന്നതാണ്.

ദൈവമാണ് നമ്മെ ഉണ്ടാക്കിയത് എന്നറിയുന്നത് അവനു നാം എത്രമാത്രം വിലപ്പെട്ടതാണ് എന്നു നമുക്കു കാണിച്ചുതരുന്നു (ഉല്പത്തി 1:27). സങ്കീര്‍ത്തനം 136 പുരാതന യിസ്രായേലായ അവന്റെ ജനത്തിന്റെ നിര്‍ണ്ണായക നിമിഷങ്ങളുടെ പട്ടിക നിരത്തുന്നു – എങ്ങനെ അവര്‍ മിസ്രയീമ്യ അടിമത്വത്തില്‍നിന്നും സ്വതന്ത്രരാക്കപ്പെട്ടു (വാ. 11-12), മരുഭൂമിയിലൂടെ നയിക്കപ്പെട്ടു (വാ. 16), കനാനില്‍ പുതിയ ഭവനം നല്‍കപ്പെട്ടു (വാ. 21-22). എന്നാല്‍ യിസ്രായേലിന്റെ ചരിത്രത്തിലെ ഓരോ നിമിഷവും പരാമര്‍ശിക്കുന്ന സമയത്ത്, അതിന്റെ കൂടെ ആവര്‍ത്തിക്കുന്ന ഒരു പല്ലവിയുണ്ട്: ‘അവന്റെ ദയ എന്നേക്കുമുള്ളത്.” ഈ പല്ലവി യിസ്രായേല്‍ ജനത്തെ ഓര്‍പ്പിക്കുന്നത് അവരുടെ അനുഭവം യാദൃച്ഛികമായുണ്ടായ ഒരു ചരിത്ര സംഭവമല്ല എന്നാണ്. ഓരോ നിമിഷവും ദൈവത്താല്‍ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അവന്‍ നിര്‍മ്മിച്ച തന്റെ ജനത്തോടുള്ള അത് അവന്റെ നിത്യസ്‌നേഹത്തിന്റെ പ്രതിഫലനമാണെന്നും ആണ്.

പലപ്പോഴും ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് വെളിപ്പെടുന്ന നിമിഷങ്ങളും അവന്റെ ദയാര്‍ദ്രമായ വഴികളും ശ്രദ്ധിക്കാതെ കടന്നുപോകാന്‍ ഞാന്‍ അനുവദിക്കാറുണ്ട്, എല്ലാ നല്ല ദാനവും എന്നെ നിര്‍മ്മിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന എന്റെ സ്വര്‍ഗ്ഗീയ പിതാവില്‍നിന്നാണ് വരുന്നതെന്നു അംഗീകരിക്കുന്നതില്‍ ഞാന്‍ പരാജയപ്പെടാറുണ്ട് (യാക്കോബ് 1:17). നമ്മുടെ ജീവിതത്തിലെ ഓരോ അനുഗ്രഹത്തെയും നമ്മോടുള്ള ദൈവത്തിന്റെ നിത്യമായ സ്‌നേഹത്തോടു ബന്ധിപ്പിക്കാന്‍ എനിക്കും നിങ്ങള്‍ക്കും കഴിയട്ടെ.