നെയ്റ്റും ഷെറിലിനും ന്യൂയോര്‍ക്ക് നഗര സന്ദര്‍ശനവേളയില്‍ ഒരു ഒമക്കസേ റെസ്‌റ്റോറന്റിലെ ഭക്ഷണം ശരിക്കും ആസ്വദിച്ചു. ഒമക്കസേ എന്ന ജപ്പാന്‍ വാക്കിന്റെ അര്‍ത്ഥം ‘ഞാന്‍ നിനക്ക് അതു വിട്ടുതരുന്നു’ എന്നാണ്. അത്തരം റെസ്റ്റോറന്റിലെ കസ്റ്റമേഴ്‌സ് തങ്ങളുടെ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ് ഷെഫിനു വിട്ടുകൊടുക്കുന്നു. ആദ്യമായിട്ടായിരുന്നു ഇത്തരത്തിലുള്ള ഭക്ഷണം അവര്‍ ആസ്വദിക്കുന്നതെങ്കിലും അത് ആപല്‍ സാധ്യതയുള്ളതായിരുന്നിട്ടും, ഷെഫ് അവര്‍ക്കുവേണ്ടി തിരഞ്ഞെടുത്ത് ഉണ്ടാക്കിയ ഭക്ഷണം അവര്‍ ആസ്വദിച്ചു.

ഈ ആശയം നമ്മുടെ പ്രാര്‍ത്ഥനാ അപേക്ഷയുടെ കാര്യത്തില്‍ ദൈവത്തോടുള്ള നമ്മുടെ മനോഭാവത്തോടു കൂട്ടിയിണക്കാന്‍ കഴിയും: ‘ഞാന്‍ നിനക്ക് അതു വിട്ടുതരുന്നു.’ യേശു ‘നിര്‍ജ്ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്’ (ലൂക്കൊസ് 5:16) ശിഷ്യന്മാര്‍ കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ അവനോട് തങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. അവന്‍ അവരോട് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുവേണ്ടിയും ക്ഷമയ്ക്കുവേണ്ടിയും പരീക്ഷയില്‍നിന്നുള്ള വിടുതലിനായും അപേക്ഷിക്കാന്‍ ഉപദേശിച്ചു. അവന്റെ ഉപദേശത്തിന്റെ ഒരു ഭാഗം താഴ്മയുടെ മനോഭാവം സൂക്ഷിക്കുക എന്നതായിരുന്നു: ‘നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ’ (മത്തായി 6:10).

നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ ദൈവമുമ്പാകെ വയ്ക്കാന്‍ കഴിയും, കാരണം നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്നു കേള്‍ക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു-അതു നല്‍കാന്‍ അവനു സന്തോഷവുമാണ്. എങ്കിലും മനുഷ്യരും പരിമിതരുമായ നമുക്ക്, ഏറ്റവും നല്ലത് എന്തെന്നറിയാന്‍ കഴിവില്ല. അതിനാല്‍ താഴ്മയുടെ മനോഭാവത്തോടെ അവനു കീഴ്‌പ്പെട്ട് അപേക്ഷിക്കുകയാണ് ബുദ്ധിപൂര്‍വ്വമായ കാര്യം. അവന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണെന്നും നമുക്ക് ഏറ്റവും ഉത്തമമായത് ഒരുക്കിത്തരുമെന്നും ഉള്ള ഉറപ്പോടെ ഉത്തരം അവനു വിട്ടുകൊടുക്കാന്‍ നമുക്കു കഴിയും.