ഉഷ്ണമേഖലാ ചെടിപ്പടര്‍പ്പുകളുടെ ഓരത്തുകൂടെ ഒഴുകി വന്നുകൊണ്ടിരുന്ന ലാവയുടെ ശീല്‍ക്കാര ശബ്ദമൊഴികെ എല്ലാം നിശബ്ദമായിരുന്നു. പ്രദേശവാസികള്‍ മങ്ങിയ മുഖത്തോടെയും എന്നാല്‍ അതിശയഭാവത്തിലും നോക്കിനിന്നു. മിക്ക ദിവസങ്ങളിലും അവരിതിനെ ‘പറുദീസ’ എന്നാണ് വിളിക്കാറ്. എന്നാല്‍ ഇന്നേ ദിവസം, ഹവായിയിലെ പൂനാ ജില്ലയിലുള്ള ഈ അഗ്നിമയ വിള്ളലുകള്‍, മരുങ്ങാത്ത അഗ്നിപര്‍വ്വത ശക്തിയിലൂടെ ദൈവം ഈ ദ്വീപുകളെ ചുട്ടുപഴുപ്പിക്കുകയാണ് എന്നെല്ലാവരെയും ഓര്‍മ്മിപ്പിച്ചു.

പുരാതന യിസ്രായേല്യരും മരുങ്ങാത്ത ഒരു ശക്തിയെ അഭിമുഖീകരിച്ചു. ദാവീദ് രാജാവ് നിയമപ്പെട്ടകം വീണ്ടും കൊണ്ടുവന്നപ്പോള്‍ (2 ശമൂവേല്‍ 6:1-4) ആര്‍പ്പുവിളി പൊട്ടിപ്പുറപ്പെട്ടു (വാ. 5)-എന്നാല്‍ പെട്ടകത്തെ നേരെ നിര്‍ത്തുവാന്‍ ഒരു മനുഷ്യന്‍ അതിനെ പിടിക്കുകയും അവന്‍ പെട്ടെന്നു മരിച്ചുവീഴുകയും ചെയ്തതുവരെ മാത്രമേ അതു നീണ്ടുനിന്നുള്ളു (വാ. 6-7).

സൃഷ്ടിക്കുന്ന കാര്യത്തില്‍ മാത്രമല്ല നശിപ്പിക്കുന്ന കാര്യത്തിലും ദൈവം ഒരു അഗ്നിപര്‍വ്വതം പോലെ പ്രവചനാതീതമാണ് എന്നു ചിന്തിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും, അവനെ ആരാധിക്കുന്നതിനായി വേര്‍തിരിച്ചിരിക്കുന്ന കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് യിസ്രായേലിന് ദൈവം പ്രത്യേക പ്രമാണങ്ങള്‍ നല്‍കിയിരുന്നു എന്ന കാര്യം ഓര്‍ക്കുവാന്‍ അതു നമ്മെ സഹായിക്കും (സംഖ്യാപുസ്തകം 4 കാണുക). യിസ്രായേലിന് ദൈവത്തോടടുക്കുവാനുള്ള ഭാഗ്യപദവി ലഭിച്ചിരുന്നു എങ്കിലും അലക്ഷ്യമായി അവനെ സമീപിക്കാന്‍ കഴിയാത്തവണ്ണം അവന്റെ സാന്നിധ്യം അത്രയധികം ഭയാനകമായിരുന്നു.

ദൈവം മോശെക്കു പത്തു കല്പനകള്‍ നല്‍കിയ ‘തീ കത്തുന്ന പര്‍വ്വത’ത്തെക്കുറിച്ച് എബ്രായര്‍ 12 അനുസ്മരിക്കുന്നു. ആ പര്‍വ്വതം എല്ലാവരെയും ഭീതിപ്പെടുത്തി (വാ. 18-21). എന്നാല്‍ എഴുത്തുകാരന്‍ ആ കാഴ്ചയുടെ വ്യത്യാസത്തെ ഇപ്രകാരം രേഖപ്പെടുത്തി: എന്നാല്‍ ‘പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിനും… അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നത്’ (വാ. 22-24). യേശു – ദൈവത്തിന്റെ പുത്രന്‍ – അവന്റെ ഇണക്കാനാവാത്ത എന്നാല്‍ സ്‌നേഹസമ്പന്നനായ പിതാവിന്റെ അടുത്തേക്കു നമുക്കു വരാനുള്ള വഴി നമുക്കായി തുറന്നിരിക്കുന്നു.