ആഫ്രിക്കന്‍ ഗസല്‍ എന്ന മാന്‍ പുല്‍മൈതാനത്തില്‍ വിശ്രമിക്കുന്നത് ‘ജാഗ്രതാ വൃത്തങ്ങള്‍’ രൂപപ്പെടുത്തിക്കൊണ്ടാണ്. അവ ഒരുമിച്ചു കൂടി ഓരോ മൃഗവും പുറത്തേക്ക് ഒരല്പം വ്യത്യസ്ത ദിശയില്‍ നോക്കിക്കൊണ്ട് കിടക്കുന്നു. ചക്രവാളത്തെ 360 ഡിഗ്രിയില്‍ നിരീക്ഷിക്കുവാനും സമീപിച്ചുകൊണ്ടിരിക്കുന്ന അപകടത്തെക്കുറിച്ചോ അല്ലെങ്കില്‍ അവസരത്തെക്കുറിച്ചോ പരസ്പരം ആശയവിനിമയം നടത്തുന്നതിനും അത് അവയെ സഹായിക്കുന്നു.
തങ്ങള്‍ക്കുവേണ്ടി മാത്രം നോക്കിക്കൊണ്ടിരിക്കാതെ സംഘത്തിലെ അംഗങ്ങള്‍ പരസ്പരം കരുതുന്നു. ഇതുതന്നെയാണ് യേശുവിന്റെ അനുയായികള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ ജ്ഞാനവും. ‘ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ട്് സ്നേഹത്തിനും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിക്കുവാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്ളുക’ (എബ്രായര്‍ 10:24-25) എന്നു ബൈബിള്‍ നമ്മെ പ്രബോധിപ്പിക്കുന്നു.
ക്രിസ്തീയ വിശ്വാസികള്‍ തനിയെ സഞ്ചരിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവരല്ല എന്ന് എബ്രായലേഖനകാരന്‍ വിശദീകരിക്കുന്നു. ഒരുമിച്ചു നില്‍ക്കുമ്പോഴാണ് നാം ശക്തരായിരിക്കുന്നത്. നാം ‘തമ്മില്‍ പ്രബോധിപ്പിക്കുവാനും’ (വാ. 25) ‘ദൈവം [നമ്മെ] ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാനും’ (2 കൊരിന്ത്യര്‍ 1:4) ‘പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നതിനാല്‍’ (1 പത്രൊസ് 5:8) അവന്റെ പദ്ധതിക്കെതിരെ ജാഗ്രതയായിരിക്കാന്‍ അന്യോന്യം സഹായിക്കേണ്ടതിനും നമുക്കു കഴിയും.
നമ്മുടെ അന്യോന്യമുള്ള കരുതലിന്റെ ലക്ഷ്യം കേവലം നിലനില്‍പ്പിനെക്കാളും അധികമാണ്. നമ്മെ ക്രിസ്തു സദൃശ്യരാക്കുകയാണ് ലക്ഷ്യം: ഈ ലോകത്തില്‍ സ്നേഹമുള്ളവരും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നവരുമായ ദൈവിക ശുശ്രൂഷകരാകുക-അവന്റെ വരുവാനിരിക്കുന്ന രാജ്യത്തിന്റെ പ്രത്യാശയിലേക്ക് ഉറപ്പോടെ ഒരുമിച്ചു നോക്കുന്നവരായിരിക്കുക. നമുക്കോരോരുത്തര്‍ക്കും പ്രോത്സാഹനം ആവശ്യമാണ്, നാം സ്നേഹത്തില്‍ ഒരുമിച്ച് അവന്റെ അടുത്തേക്കു ചെല്ലുമ്പോള്‍ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കും.
സ്നേഹവാനായ ദൈവമേ, അങ്ങയുടെ വിശ്വസ്തതയ്ക്കു നന്ദി. ഇന്ന് അങ്ങയിലേക്കു നോക്കുന്നതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ എന്നെ സഹായിക്കണമേ.