‘ഞാന്‍ മുത്തശ്ശന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്” എന്റെ രണ്ടു വയസ്സുള്ള കൊച്ചുമകന്‍ എന്റെ കൈയിലേക്ക് ഒരു ബോക്സ് വെച്ചുതന്നിട്ട് ഉച്ചത്തില്‍ പറഞ്ഞു. ‘അവന്‍ തനിയെ തിരഞ്ഞെടുത്താണത്” എന്റെ ഭാര്യ പുഞ്ചിരിച്ചു.
ഞാന്‍ ബോക്സു തുറന്നു, അവന്റെ ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ക്രിസ്തുമസ് അലങ്കാരമായിരുന്നു അത്. ‘ഞാനൊന്നു കാണട്ടെ’ ആകാംക്ഷയോടെ അവന്‍ ചോദിച്ചു. എന്നിട്ട് അന്നു വൈകിട്ടു വരെ ‘എന്റെ” സമ്മാനവുമായി അവന്‍ കളിച്ചു. അവനെ വീക്ഷിച്ചുകൊണ്ടിരുന്ന ഞാന്‍ ചിരിച്ചു.

ഞാന്‍ ചിരിച്ചതിന്റെ കാരണം ഒരു കാലത്ത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സമ്മാനത്തെക്കുറിച്ച് ഓര്‍ത്തതുകൊണ്ടാണ്. ഞാന്‍ ഹൈസ്‌കൂളിലായിരുന്നപ്പോള്‍ എന്റെ ജ്യേഷ്ഠന് ഞാന്‍ ഒരു മ്യൂസിക് ആല്‍ബം സമ്മാനം നല്‍കുകയുണ്ടായി. അതു കേള്‍ക്കാന്‍ എനിക്കു വലിയ ആഗ്രഹമായിരുന്നു (ഞാന്‍ കേട്ടു). വര്‍ഷങ്ങള്‍ക്കു ശേഷവും കൂടുതല്‍ നിസ്വാര്‍ത്ഥമായി കൊടുക്കുവാന്‍ ദൈവം എന്നെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

നാം വളര്‍ച്ച പ്രാപിക്കേണ്ട ഒന്നാണ് നല്‍കല്‍. പൗലൊസ് എഴുതി, ‘എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മ്മകാര്യത്തിലും മുന്തിവരുവിന്‍” (2 കൊരിന്ത്യര്‍ 8:7). നമുക്കുള്ളതെല്ലാം ദൈവത്തില്‍ നിന്നു ലഭിച്ചതാണെന്നു നാം മനസ്സിലാക്കുകയും ‘വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ഭാഗ്യം” എന്ന് അവന്‍ നമുക്കു കാണിച്ചു തരികയും ചെയ്യുമ്പോള്‍ (അപ്പൊ. പ്രവൃ. 20:35) നമ്മുടെ കൊടുക്കലില്‍ കൃപ നിറഞ്ഞുവരും.

എല്ലാറ്റിലും മികച്ച നിസ്വാര്‍ത്ഥമായ സമ്മാനം ദൈവം നമുക്കു ഔദാര്യമായി നല്‍കി: നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി ക്രൂശില്‍ മരിക്കുവാനും തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുവാനുമായി തന്റെ ഏക പുത്രനെ. ഈ ആത്യന്തികമായ സമ്മാനം സ്വീകരിക്കുന്ന ഏതൊരുവനും അളക്കാനാവാത്തത്ര ധനികനാണ്. നമ്മുടെ ഹൃദയങ്ങള്‍ അവനില്‍ കേന്ദ്രീകരിക്കുമ്പോള്‍ നമ്മുടെ കരങ്ങള്‍ മറ്റുള്ളവര്‍ക്കായി സ്നേഹത്തോടെ തുറക്കപ്പെടും.