ലോകമെമ്പാടുമുള്ള ജനങ്ങള്‍ 2016 ല്‍ ചോക്ലേറ്റിനുവേണ്ടി 9,800 കോടി രൂപ ചിലവഴിച്ചു എന്നു കണക്കാക്കപ്പെടുന്നു. കണക്ക് അമ്പരപ്പിക്കുന്നതാണ് എങ്കിലും അതിശയകരമല്ല. ഒന്നുമല്ലെങ്കിലും ചോക്ലേറ്റ് രുചികരവും അതു ഭക്ഷിക്കുന്നത് നമുക്കിഷ്ടവുമാണ്. മധുരമുള്ള ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ് എന്നു മനസ്സിലാക്കുമ്പോള്‍ ലോകം ഒന്നിച്ചു സന്തോഷിക്കുന്നത് സ്വാഭാവികമാണ്. ശരീരത്തെ പെട്ടെന്നു വാര്‍ദ്ധക്യം ബാധിക്കുന്നതിനെയും ഹൃദ്രോഗങ്ങളെയും തടയുന്നതിനു സഹായകമായ ഫ്ളേവനോയിഡുകള്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനുള്ള മറ്റൊരു മരുന്നും ഇതുപോലെ സ്വീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല (ആധുനിക കാലത്ത് തീര്‍ച്ചയായും!).
നാം നിക്ഷേപിക്കാന്‍ യോഗ്യമായ ‘മധുരമുള്ള’ മറ്റൊന്നിനെക്കുറിച്ച് ശലോമോന് പറയുന്നു: ജ്ഞാനം. തേന്‍ ‘നല്ലതായതുകൊണ്ട്’ അതു തിന്നുവാന്‍ അവന് തന്റെ മകനോടു ശുപാര്‍ശ ചെയ്യുന്നു (സദൃശവാക്യങ്ങള്‍ 24:13), എന്നിട്ടതിനെ ജ്ഞാനത്തിന്റെ മാധുര്യത്തോടു താരതമ്യപ്പെടുത്തുന്നു. തിരുവചനത്തിലെ ദൈവിക ജ്ഞാനം ഭക്ഷിക്കുന്ന വ്യക്തി, അത് ആത്മാവിനു മധുരമുള്ളതെന്നു മനസ്സിലാക്കുമെന്നു മാത്രമല്ല, ജീവിതത്തിലെ നമുക്കു പൂര്‍ത്തീകരിക്കാനാവശ്യമായ സകല ‘സല്‍പ്രവൃത്തികള്‍ക്കും വേണ്ടി” നമ്മെ പഠിപ്പിക്കുകയും അഭ്യസിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു (2 തിമൊഥെയൊസ് 3:16-17).
ബുദ്ധിപരമായ തിരഞ്ഞെടുപ്പുകള്‍ നടത്താനും നമുക്കു ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും ജ്ഞാനം നമ്മെ സഹായിക്കുന്നു. അതില്‍ നിക്ഷേപിക്കുന്നതും നാം സ്നേഹിക്കുന്നവരുമായി അതു പങ്കുവയ്ക്കുന്നതും -ശലോമോന് തന്റെ മകനെക്കുറിച്ച് ആഗ്രഹിക്കുന്നതുപോലെ – പ്രയോജനകരമാണ്. ബൈബിളിലെ ദൈവവചനം ഭക്ഷിക്കുന്നത് നമുക്ക് നല്ലതാണ്. പരിധികൂടാതെ നമുക്കു ഭക്ഷിക്കുവാന്‍ കഴിയുന്ന മധുര പലഹാരമാണത് – വാസ്തവത്തില്‍ അതിനായി നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു! ദൈവമേ അങ്ങയുടെ തിരുവചനത്തിന്റെ മാധുര്യത്തിനായി നന്ദി.
ഇന്ന് എന്തു ജ്ഞാനമാണ് ഭക്ഷിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നത്? ദൈവത്തിന്റെ ജ്ഞാനം എങ്ങനെയാണ് നിങ്ങള്‍ക്കു മധുരമായി അനുഭവപ്പെടുന്നത്?