‘ഒരു നൂറു വര്‍ഷം കഴിഞ്ഞും ആളുകള്‍ എന്നെ ഓര്‍മ്മിക്കണമെന്നു ഞാനാഗ്രഹിക്കുന്നു” തിരക്കഥാ രചയിതാവായ റോഡ് സെര്‍ലിംഗ് 1975 ല്‍ പറഞ്ഞു. ‘ദി ട്വിലൈറ്റ് സോണ്‍” എന്നി ടിവി സീരിയലിന്റെ നിര്‍മ്മാതാവായ സെര്‍ലിംഗ്, ആളുകള്‍ തന്നെക്കുറിച്ച് ‘അവന് ഒരു എഴുത്തുകാരന് ആയിരുന്നു’ എന്നു പറയണം എന്നാഗ്രഹിച്ചു. ഒരു പൈതൃകം വെച്ചിട്ടുപോകണമെന്നുള്ള സെര്‍ലിംഗിന്റെ ആഗ്രഹത്തോട് – നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും നിലനില്‍പ്പും നല്കുന്ന ഒന്ന് – നമ്മില്‍ മിക്കവര്‍ക്കും താദാത്മ്യപ്പെടുവാന്‍ കഴിയും.
ജീവിതത്തിന്റെ ക്ഷണികമായ ദിനങ്ങളുടെ മധ്യത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ പോരാട്ടം നടത്തുന്ന ഒരു മനുഷ്യനെയാണ് ഇയ്യോബിന്റെ കഥ കാണിച്ചുതരുന്നത്. ഒരു ക്ഷണനേരത്തിനുള്ളില്‍, അവന്റെ സമ്പാദ്യങ്ങള്‍ മാത്രമല്ല അവന് ഏറ്റവും വിലപ്പെട്ട അവന്റെ മക്കള്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അവന് അത് അര്‍ഹിക്കുന്നതാണെന്ന് അവന്റെ സ്നേഹിതന്മാര് കുറ്റപ്പെടുത്തി. ‘അയ്യോ എന്റെ വാക്കുകള്‍ ഒന്ന് എഴുതിയെങ്കില്‍, ഒരു പുസ്തകത്തില്‍ കുറിച്ചുവച്ചെങ്കില്‍ കൊള്ളാമായിരുന്നു. അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്് പാറയില്‍ സദാകാലത്തേക്ക് കൊത്തിവച്ചെങ്കില്‍ കൊള്ളാമായിരുന്നു” എന്ന് ഇയ്യോബ് നിലവിളിച്ചു (ഇയ്യോബ് 19:23-24).
ഇയ്യോബിന്റെ വാക്കുകള്‍ ‘പാറയില്‍ സദാകാലത്തേക്ക് കൊത്തിവെച്ചു.” അത് ബൈബിളില്‍ നാം കാണുന്നു. എന്നാല്‍ താന്‍ വിട്ടിട്ടു പോന്നതിനെക്കാള്‍ അധികം അര്‍ത്ഥം തന്റെ ജീവിതത്തെ സംബന്ധിച്ച് ഇയ്യോബിനു വേണമായിരുന്നു. ദൈവത്തിന്റെ സ്വഭാവത്തില്‍ അവന് അതു കണ്ടെത്തി. ‘എന്നെ വീെണ്ടടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന് ഒടുവില്‍ പൊടിമേല്‍ നില്‍ക്കുമെന്നും ഞാന്‍ അറിയുന്നു” എന്ന് ഇയ്യോബ് പ്രഖ്യാപിച്ചു (19:25). ഈ അറിവ് അവന് ശരിയായ വാഞ്ഛ നല്കി: ‘ഞാന്‍ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളില്‍ വാഞ്ഛിക്കുന്നു” (വാ. 27).
അവസാനത്തില്‍, അവന് പ്രതീക്ഷിച്ചത് അവനു കിട്ടിയില്ല. അതിലധികം അവന് കണ്ടെത്തി – സകല അര്‍ത്ഥങ്ങളുടെയും നിലനില്‍പ്പിന്റെയും ഉറവിടമായവനെ (42:1-6).
തന്റെ വാക്കുകള്‍ എന്നേക്കും സൂക്ഷിച്ചുവയ്ക്കണമെന്ന് ഇയ്യോബ് ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്നാണു നിങ്ങള്‍ ചിന്തിക്കുന്നത്? ഒരു നൂറു വര്‍ഷം കഴിഞ്ഞ് ആളുകള്‍ നിങ്ങളെക്കുറിച്ച് എങ്ങനെ ഓര്‍മ്മിക്കണമെന്നാണ് നിങ്ങളാഗ്രഹിക്കുന്നത്?