ഇറ്റലിയിലെ പിസ്സയിലുള്ള പ്രസിദ്ധമായ ചരിയുന്ന ഗോപുരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും, എന്നാല്‍ സാന്‍ഫ്രാന്‍സിസ്കോയിലെ ചരിയുന്ന ഗോപുരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ‘മില്ലേനിയം ടവര്‍” എന്നാണതിനെ വിളിക്കുന്നത്. 2008 ല്‍ നിര്‍മ്മിച്ച അമ്പത്തിയെട്ടു നിലകളുള്ള ഈ അംബരചുംബി ഡൗണ്ടൗണ് സാന്‍ഫ്രാന്‍സിസ്കോയില്‍ തലയെടുപ്പോടെ -എന്നാല്‍ അല്പം ചരിവോടെ – നില്ക്കുന്നു.
പ്രശ്നം? അതിന്റെ എഞ്ചിനീയര്‍മാര്‍ അടിസ്ഥാനം ആഴത്തില്‍ ഇട്ടില്ല. അതിനാല്‍ ഇപ്പോള്‍ അവര്‍, കെട്ടിടം നിര്‍മ്മിച്ച സമയത്ത് അതിനു ചിലവായതിനെക്കാള് അധികം പണം മുടക്കി അടിസ്ഥാനം ബലപ്പെടുത്തേണ്ടിവന്നിരിക്കുന്നു-അഥവാ ഒരു ഭൂകമ്പം ഉണ്ടായാല്‍ കെട്ടിടം നിലംപതിക്കാതിരിക്കാന്‍ അതിന്റെ അടിസ്ഥാനം ബലപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
ഇവിടത്തെ വേദനാജനകമായ പാഠം? അടിസ്ഥാനം നിര്‍ണ്ണായകമാണ്. നിങ്ങളുടെ അടിസ്ഥാനം ഉറപ്പുള്ളതല്ലെങ്കില്‍ അപകടം ഉറപ്പാണ്. യേശു തന്റെ ഗിരിപ്രഭാഷണത്തിന്റെ അന്ത്യത്തില്‍ സമാനമായ ഒരു പാഠം പഠിപ്പിച്ചു. മത്തായി 7:24-27 ല്‍ അവന് രണ്ടു വീടു പണിക്കാരെ താരതമ്യപ്പെടുത്തി: ഒരുവന് പാറമേല്‍ വീടു പണിതവനും അപരന് മണലിന്മേല് പണിതവനും. ഒരു കൊടുങ്കാറ്റടിച്ചപ്പോള്‍, ഉറപ്പുള്ള അടിസ്ഥാനത്തിന്മേല് പണിത വീടു മാത്രമേ അവശേഷിച്ചുള്ളു.
നമ്മെ സംബന്ധിച്ച് എന്താണിതിന്റെ അര്‍ത്ഥം? നമ്മുടെ ജീവിതം അവനിലുള്ള അനുസരണത്തിന്മേലും ആശ്രയത്തിന്മേലും വേണം പണിയുവാന്‍ എന്ന യേശു വ്യക്തമായി പഠിപ്പിക്കുന്നു (വാ. 24). നാം അവനില്‍ വിശ്രമിക്കുമ്പോള്‍, നമ്മുടെ ജീവിതങ്ങള്‍ക്ക് ദൈവത്തിന്റെ ശക്തിയിലൂടെയും അവസാനിക്കാത്ത കൃപയിലൂടെയും ഉറപ്പുള്ള അടിസ്ഥാനം കണ്ടെത്തുവാന്‍ കഴിയും.
നാമൊരിക്കലും കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടിവരികയില്ല എന്ന് ക്രിസ്തു വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ അവന് നമ്മുടെ പാറയാണെങ്കില്‍ ആ കൊടുങ്കാറ്റുകള്‍ ഒരിക്കലും അവനില്‍ വിശ്വാസത്താല്‍ ഉറപ്പിച്ച നമ്മുടെ അടിസ്ഥാനത്തെ ഒഴുക്കിക്കൊണ്ടുപോകയില്ല.
നിങ്ങളുടെ വിശ്വാസം എങ്ങനെയാണ് നിങ്ങള്‍ അഭിമുഖീകരിക്കുന്ന കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ നിങ്ങളെ സഹായിച്ചിട്ടുള്ളത്? ഓരോ ദിവസവും നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്താന്‍ കഴിയുന്ന ചില പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ്?