ജീവന്‍ യേശുവിലുള്ള ഒരു പുതിയ വിശ്വാസിയായി കോളജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങി ഒരു പ്രധാന ഓയില്‍ കമ്പനിയില്‍ ജോലി ചെയ്തു. ഒരു സെയില്‍സ്മാനെന്ന നിലയില്‍ അവന്‍ യാത്ര ചെയ്തു; യാത്ര ചെയ്യുമ്പോള്‍ അവന്‍ ആളുകളുടെ കഥകള്‍ കേട്ടു-അവയില്‍ മിക്കവയും ഹൃദയഭേദകമായിരുന്നു.തന്റെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യം ഓയില്‍ അല്ല മനസ്സലിവ് ആണെന്ന് അവന്‍ മനസ്സിലാക്കി. അവര്‍ക്ക് ദൈവത്തെ വേണമായിരുന്നു. ഇതു ജീവനെ ദൈവഹൃദയത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനായി ഒരു ബൈബിള്‍ സെമിനാരിയിലേക്കു നയിക്കുകയും പിന്നീട് ഒരു പാസ്റ്ററായിത്തീരുകയും ചെയ്തു.

ജീവന്റെ മനസ്സലിവിന്റെ ഉറവിടം യേശുവായിരുന്നു. മത്തായി 9:27-33 ല്‍, രണ്ടു കരുടന്മാരുടെയും ഒരു ഭൂതഗ്രസ്തന്റെയും സൗഖ്യത്തിലേക്കു നയിച്ച യേശുവിന്റെ മനസ്സലിവിന്റെ ഒരു മിന്നൊളി നാം കാണുന്നു. അവന്റെ ആരംഭകാല ശുശ്രൂഷയിലുടനീളം അവന്‍ സുവിശേഷം പ്രസംഗിച്ചും സൗഖ്യമാക്കിയും കൊണ്ട് ‘പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു” (വാ. 35). എന്തുകൊണ്ട്? ‘അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട്
അവരെക്കുറിച്ച് മനസ്സലിഞ്ഞു” (വാ. 36).

ഇന്ന് ലോകം രക്ഷകന്റെ സൗമ്യമായ കരുതല്‍ ആവശ്യമുള്ളവരായ തകര്‍ന്നവരും മുറിവേറ്റവരുമായ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ ആടുകളെ നയിക്കുകയും സംരക്ഷിക്കുകയും കരുതുകയും ചെയ്യുന്ന ഒരു ഇടയനെപ്പോലെ, തന്റെ അടുക്കലേക്കു വരുന്ന എല്ലാവര്‍ക്കും യേശു തന്റെ മനസ്സലിവു കാണിക്കുന്നു (11:28). ജീവിതത്തില്‍ നാം എവിടെ ആയിരുന്നാലും അനുഭവിക്കുന്നതെന്തായിരുന്നാലും അവനില്‍ നാം ആര്‍ദ്രതയും കരുതലും നിറഞ്ഞൊഴുകുന്ന ഒരു ഹൃദയം കണ്ടെത്തും. ദൈവത്തിന്റെ സ്‌നേഹമസൃണ മനസ്സലിവിന്റെ ഗുണഭോക്താവായി നാം മാറുമ്പോള്‍ അതു മറ്റുള്ളവരിലേക്കും പകരാതിരിക്കാന്‍ നമുക്കു കഴികയില്ല.