കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു വഴികാട്ടുക
മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മതവിശ്വാസം അതു സത്യമാണെന്ന രീതിയില്‍ പഠിപ്പിക്കുന്നത് അധാര്‍മ്മികമാണെന്നാണ് ഒരു പേരുകേട്ട നിരീശ്വരവാദി വിശ്വസിക്കുന്നത്. മക്കളിലേക്കു മാതാപിതാക്കള്‍ തങ്ങളുടെ വിശ്വാസം പകരുന്നത് ബാലപീഡനമാണെന്നു പോലും അയാള്‍ അവകാശപ്പെടുന്നു. ഇത്തരം വീക്ഷണങ്ങള്‍ അതിരുകടന്നതാണെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളെ ഉറപ്പായി വിശ്വാസത്തിലേക്കു നയിക്കാന്‍ മടികാണിക്കുന്ന മാതാപിതാക്കളെയും ഞാന്‍ കേള്‍ക്കാറുണ്ട്. അതേസമയം നമ്മില്‍ മിക്കവരും നമ്മുടെ രാഷ്ട്രീയപരമായും പോഷകാഹാര സംബന്ധമായും അല്ലെങ്കില്‍ കായികപരമായും നമുക്കുള്ള ബോധ്യങ്ങള്‍ കുഞ്ഞുങ്ങളില്‍ പകരുവാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും ചില കാരണങ്ങളാല്‍ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യത്തിന്റെ കാര്യത്തില്‍ നാം വ്യത്യസ്തമായി ഇടപെടുന്നു.
നേരെ മറിച്ച്, തിമൊഥെയൊസ് എങ്ങനെയാണ് 'ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ തന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറിഞ്ഞത്'' എന്ന് പൗലൊസ് എഴുതുന്നു (2 തിമൊഥെയൊസ് 3:14). തിമൊഥെയൊസ് ഒരു യൗവനക്കാരനായപ്പോള്‍ ആരുടെയും സഹായം കൂടാതെ സ്വന്ത ശക്തികൊണ്ട് വിശ്വാസത്തില്‍ വന്നതല്ല. മറിച്ച് അവന്റെ അമ്മ അവന്റെ ഹൃദയത്തെ ദൈവത്തിങ്കലേക്കു തിരിക്കുകയാണു ചെയ്തത്. തുടര്‍ന്ന് പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനിന്നു (വാ. 15). ദൈവം ജീവനും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ഉറവിടവും ആണെങ്കില്‍ നമ്മുടെ കുടുംബങ്ങളില്‍ ദൈവസ്നേഹം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്.
നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്ന അനേക വിശ്വാസ സംവിധാനങ്ങളുണ്ട്. ടിവി ഷോകള്‍, സിനിമകള്‍, സംഗീതം, അധ്യാപകര്‍, സുഹൃത്തുക്കള്‍, മാധ്യമം - ഇവയൊരോന്നും യഥാര്‍ത്ഥ സ്വാധീനം ചെലുത്തുന്ന വിശ്വാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങള് വഹിക്കുന്നവയാണ് (വ്യക്തമായതോ നിയന്ത്രണവിധേയമായവയോ). നിശബ്ദരായിരിക്കാതിരിക്കാന്‍ നമുക്കു ശ്രമിക്കാം. നാം അനുഭവമാക്കിയ സൗന്ദര്യവും കൃപയും നമ്മുടെ കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു നയിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു.
ഏറ്റവും വലിയ മര്‍മ്മം
ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നതിനു മുമ്പ്, സുവിശേഷം പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടായിരുന്നു, എങ്കിലും അവന്റെ സ്വത്വം സംബന്ധിച്ച് ഞാന്‍ പോരാട്ടത്തിലായിരുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ ക്ഷമിക്കാന്‍ അധികാരമുള്ളു എന്നു ബൈബിള്‍ പറഞ്ഞിരിക്കേ അവന് എങ്ങനെ എനിക്കു പാപക്ഷമ വാഗ്ദാനം ചെയ്യുവാന്‍ കഴിയും? ജെ. ഐ. പായ്ക്കറിന്റെ 'ദൈവത്തെ അറിയുക'' വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ പോരാട്ടത്തില്‍ ഞാന്‍ ഏകയല്ല എന്നെനിക്കു മനസ്സിലായി. അനേക അവിശ്വാസികളെ സംബന്ധിച്ചു 'നസറായനായ യേശു ദൈവം മനുഷ്യനായതാണ് ... അവന് മനുഷ്യന് എന്നതുപോലെ തന്നെ പൂര്‍ണ്ണമായും സത്യമായും ദൈവവുമാണ് എന്ന ക്രിസ്ത്യാനികളുടെ അവകാശവാദം അസ്വസ്ഥതയുളവാക്കുന്നതാണ്'' എന്ന് പായ്ക്കര്‍ പറയുന്നു. എന്നാല്‍ രക്ഷ സാധ്യമാക്കു സത്യമാണിത്.
അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിനെ ''അദൃശ്യനായ ദൈവത്തിന്റെ പ്രതിമ'' എന്നു പരാമര്‍ശിക്കുമ്പോള്‍ യേശു പൂര്‍ണ്ണമായും മുഴുവനായും ദൈവമാണ് -സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തെയും സൃഷ്ടിച്ചവനും പരിപാലിക്കുന്നവനും - അതേസമയം മനുഷ്യനുമാണ് എന്നാണവന് പറയുന്നത് (കൊലൊസ്യര്‍ 1:15-17). ഈ സത്യം നിമിത്തം, ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും മൂലം അവന് നമ്മുടെ പാപത്തിന്റെ പരിണിത ഫലങ്ങള്‍ വഹിക്കുക മാത്രമല്ല, നാം - മുഴു സൃഷ്ടിയും കൂടെ - ദൈവത്തോടു നിരപ്പിക്കപ്പെടേണ്ടതിന് മാനുഷിക പ്രകൃതിയെ വീണ്ടെടുക്കുകയും ചെയ്തു (വാ. 20-22).
അതിശയകരവും മുന്‍കൈ എടുത്തു ചെയ്തതുമായ സ്നേഹ പ്രവൃത്തിയാല്‍ പിതാവായ ദൈവം, പരിശുദ്ധാത്മാവിന്റെ ശക്തിയാലും ദൈവപുത്രന്റെ ജീവിതത്തിലൂടെയും തിരുവെഴുത്തിലും തിരുവെഴുത്തിലൂടെയും തന്നെത്തന്നെ വെളിപ്പെടുത്തി. യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടുന്നു കാരണം അവന് ഇമ്മാനുവേലാണ്- ദൈവം നമ്മോടുകൂടെ. ഹല്ലേലുയ്യാ!
സ്നേഹിക്കാന്‍ ലൈനില്ല
എന്റെ നായയ്ക്ക് എന്റെ ശ്രദ്ധ ആവശ്യമായി വരുമ്പോഴൊക്കെ, അവന് എന്റെ എന്തെങ്കിലും സാധനം കൈക്കലാക്കിയിട്ട് എന്റെ മുമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഒരു പ്രഭാതത്തില്‍ ഞാന്‍ മേശയ്ക്കരികില്‍ പുറം തിരിഞ്ഞിരുന്ന് എഴുതിക്കൊണ്ടിരിക്കുമ്പോള്, എന്റെ നായ മാക്സ് എന്റെ പേഴ്സ് തട്ടിയെടുത്തുകൊണ്ട് ഓടി. അവനതു ചെയ്തത് ഞാന്‍ കണ്ടില്ലെന്നു മനസ്സിലായപ്പോള്‍, അവന് മടങ്ങിവന്ന് മൂക്കുകൊണ്ട് എന്നെ ഉരസി-പേഴ്സ് വായില്‍ വെച്ച് നൃത്തം ചെയ്യുന്ന കണ്ണുകളോടെ, വാലാട്ടിക്കൊണ്ട് കളിക്കാന്‍ എന്നെ ക്ഷണിച്ചു.
മാക്സിന്റെ കോമാളിത്തം എന്നില്‍ ചിരിയുണര്‍ത്തി, എങ്കിലും മറ്റുള്ളവര്‍ക്ക് ശ്രദ്ധ കൊടുക്കുന്നതിലുള്ള എന്റെ പരിമിതിയെക്കുറിച്ച് അതെന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പലപ്പോഴും കുടുംബാംഗങ്ങളും സ്നേഹിതരുമായി സമയം ചിലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുമെങ്കിലും മറ്റു കാര്യങ്ങള്‍ എന്റെ സമയത്തെയും ശ്രദ്ധയെയും അപഹരിക്കും; ഞാന്‍ ബോധവാനാകുംമുമ്പെ ദിവസങ്ങള്‍ കടന്നുപോകയും സ്നേഹം പ്രകടിപ്പിക്കാതെ പോകയും ചെയ്യും.
നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നാം ഓരോരുത്തര്‍ക്കും ഏറ്റവും ഗാഢമായ നിലയില്‍ ശ്രദ്ധ തരുവാന്‍ തക്കവിധം വലിയവനാണ് എന്നത് എത്രമാത്രം ആശ്വാസകരമാണ്-നാം ജീവിക്കും കാലമത്രയും നമ്മുടെ ശ്വാസകോശത്തിലെ ഓരോ ശ്വാസത്തെയും നിലനിര്‍ത്തുന്നത് അവനാണ്. അവന് തന്റെ ജനത്തിനു നല്കുന്ന വാഗ്ദത്തം: 'നിങ്ങളുടെ വാര്‍ദ്ധക്യം വരെ ഞാന്‍ അനന്യന്‍ തന്നേ; നിങ്ങള്‍ നരയ്ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ നിങ്ങളെ നിര്‍മ്മിച്ചിരിക്കുന്നു; ഞാന്‍ നിങ്ങളെ വഹിക്കും'' (യെശയ്യാവ് 46:4).
ദൈവത്തിന് എല്ലായ്പ്പോഴും നമുക്കുവേണ്ടി സമയമുണ്ട്. നമ്മുടെ സാഹചര്യങ്ങളുടെ എല്ലാ വിശദാംശങ്ങളും അവന് മനസ്സിലാക്കുന്നു-അതെത്രമാത്രം സങ്കീര്‍ണ്ണവും പ്രയാസകരവും ആയാലും-നാം പ്രാര്‍ത്ഥനയില്‍ എപ്പോള്‍ അവനെ വിളിച്ചാലും അവനവിടെയുണ്ട്. നമ്മുടെ രക്ഷകന്റെ പരിതിയില്ലാത്ത സ്നേഹത്തിനായി നാം ഒരിക്കലും ലൈനില്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ല.
ആമയോടൊപ്പം കാത്തിരിക്കുക
എല്ലാ, ശൈത്യകാലത്തും ശൈത്യകാലം ആഗതമാകുന്നു എന്നു ചിത്ര ആമ മനസ്സിലാക്കുമ്പോള്‍, അത് കുളത്തിന്റെ അടിയിലേക്ക് ഊളിയിട്ട് ചെളിയില്‍ പൂണ്ടു കിടക്കുന്നു. തോടിനടിയിലേക്ക് കൈകാലുകള്‍ വലിച്ചുവെച്ച് അനങ്ങാതെ കിടക്കുന്നു. അതിന്റെ ഹൃദയമിടിപ്പ് കുറഞ്ഞ് നിന്നതുപോലെയാകുന്നു. അതിന്റെ ശരീരോഷ്മാവ് കുറഞ്ഞ് മരവിക്കുന്നതിനു തൊട്ടു മുകളില്‍ നില്ക്കുന്നു. അത് ശ്വാസോച്ഛ്വാസം നിര്‍ത്തുന്നു, അത് കാത്തിരിക്കുന്നു. ആറു മാസം അതു ചെളിയില്‍ അടക്കം ചെയ്യപ്പെട്ട്, ശരീരം അസ്ഥിയില്‍ നിന്നുള്ള കാത്സ്യം രക്തത്തിലേക്ക് കടത്തിവിടുകയും ക്രമേണ അതിന്റെ ആകൃതിതന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ കുളം ഉരുകുമ്പോള്‍ അതു മുകളിലേക്ക് ഉയരുകയും വീണ്ടും ശ്വസിക്കുകയും ചെയ്യും. അതിന്റെ അസ്ഥികള്‍ വീണ്ടും രൂപപ്പെടുകയും തന്റെ തോടില്‍ സൂര്യപ്രകാശത്തിന്റെ ചൂട് ആസ്വദിക്കുകയും ചെയ്യും.
ദൈവത്തെ കാത്തിരിക്കുന്നതിനെക്കുറിച്ചുള്ള സങ്കീര്‍ത്തനക്കാരന്റെ വിവരണം വായിച്ചപ്പോള്‍ ചിത്ര ആമയെക്കുറിച്ചു ഞാന്‍ ചിന്തിച്ചു. സങ്കീര്ത്തനക്കാരന് 'നാശകരമായ കുഴിയിലും'' 'കുഴഞ്ഞ ചേറ്റിലും'' ആയിരുന്നു എങ്കിലും ദൈവം അവന്റെ നിലവിളി കേട്ടും (സങ്കീര്‍ത്തനം 40:2). ദൈവം അവനെ ഉയര്‍ത്തി പുറത്തുകൊണ്ടുവന്നു അവന് ഉറച്ചു നില്ക്കാന് ഒരിടം നല്കി. ദൈവം 'എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു'' അവന് പാടി (വാ. 17).
ഒരുപക്ഷേ ചിലതിനു മാറ്റം വരുവാന്‍ നിങ്ങള്‍ നാളുകളായി കാത്തിരിക്കുകയായിരിക്കാം-തൊഴിലില്‍ ഒരു പുതിയ കാല്‍വെയ്പിനായി, ഒരു ബന്ധം പുനഃസ്ഥാപിക്കപ്പെടാനായി, ഒരു ദുശ്ശീലത്തെ തകര്‍ക്കുന്നതിനുള്ള ഇച്ഛാശക്തിക്കായി, ഒരു പ്രയാസകരമായ സാഹചര്യത്തില്‍ നിന്നുള്ള വിടുതലിനായി. ചിത്ര ആമയും സങ്കീര്ത്തനക്കാരനും ദൈവത്തില്‍ ആശ്രയിക്കാനായി ഇവിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: അവന് കേള്‍ക്കുന്നു, അവന് വിടുവിക്കും.
കൃപ പ്രദര്‍ശിപ്പിക്കുക
'ദുരന്തങ്ങള്‍ സംഭവിക്കുകയോ അല്ലെങ്കില്‍ മുറിവേല്‍ക്കുകയോ ചെയ്യുമ്പോള്‍, അവയാണ് കൃപ പ്രദര്‍ശിപ്പിക്കുവാനോ അല്ലെങ്കില്‍ പ്രതികാരം നടത്തുന്നതിനോ ഉള്ള അവസരങ്ങള്‍'' അടുത്തയിടെ വേര്‍പാടിന്റെ വേദനയനുഭവിച്ച മനുഷ്യന് പറഞ്ഞു. ''ഞാന്‍ കൃപ പ്രദര്‍ശിപ്പിക്കുന്നതു തിരഞ്ഞെടുത്തു.'' പാസ്റ്റര്‍ എറിക് ഫിറ്റ്സ്ജെറാള്‍ഡിന്റെ ഭാര്യ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു; ക്ഷിണിച്ച ഒരു ഫയര്‍ ഫൈറ്റര്‍ വീട്ടിലേക്കുള്ള യാത്രയില്‍ കാറിലിരുന്ന് ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായത്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമോയെന്നു നിയമ പ്രോസിക്യൂട്ടര്‍മാര്‍ പാസ്റ്റര്‍ എറിക്കിനോട് ചോദിച്ചു. താന്‍ കൂടെക്കൂടെ പ്രസംഗിക്കുന്ന ക്ഷമ പ്രാവര്‍ത്തികമാക്കാന്‍ അ്േദ്ദഹം തീരുമാനിച്ചു. അദ്ദേഹത്തെയും ഫയര്‍ ഫൈറ്ററെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും പിന്നീട് സ്നേഹിതരായിത്തീര്‍ന്നു.
പാസ്റ്റര്‍ എറിക്ക്, തന്റെ മുഴുവന്‍ പാപങ്ങളും ക്ഷമിച്ചുകൊണ്ട് ദൈവം തനിക്കു നല്കിയ കൃപ ജീവിച്ചു കാണിക്കുകയായിരുന്നു. തന്റെ പ്രവൃത്തികളിലൂടെ, നാം തെറ്റു ചെയ്യുമ്പോള്‍ പാപം മോചിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ദൈവത്തെ സ്തുതിക്കുന്ന പ്രവാചകനായ മീഖായുടെ വാക്കുകള്‍ അദ്ദേഹം പ്രതിധ്വനിപ്പിച്ചു (മീഖാ 7:18). തന്റെ ജനത്തിന്റെ പാപം ക്ഷമിക്കുവാന്‍ ദൈവം എത്രമാത്രം പോകുമെന്നു വെളിപ്പെടുത്തുന്നതിനായി അതിശയകരമാം ദൃശ്യവല്‍ക്കരിച്ച വാക്കുകളാണ് പ്രവാചകനായ മീഖാ ഉപയോഗിച്ചത്: അവന് 'നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും'' അവയെ 'സമുദ്രത്തിന്റെ ആഴത്തില്‍ ഇട്ടുകളയും'' (വാ. 19). ഫയര്‍ ഫൈറ്റര്‍ അന്നേദിനം ക്ഷമയുടെ ദാനം സ്വീകരിച്ചു, അതയാളെ ദൈവത്തിങ്കലേക്കടുപ്പിച്ചു.
എന്തു പ്രയാസം നാം നേരിട്ടാലും ദൈവം തന്റെ വിരിച്ച സ്നേഹമസൃണ കരങ്ങളുമായി തന്റെ സുരക്ഷിത ആലിംഗനത്തിലേക്കു നമ്മെ സ്വീകരിക്കുമെന്ന് നമുക്കറിയാം. ''കരുണ കാണിക്കുന്നതില്‍ അവന് സന്തോഷിക്കുന്നു'' (വാ. 18). നാം അവന്റെ സ്നേഹവും കൃപയും ഏറ്റുവാങ്ങുമ്പോള്‍, - പാസ്റ്റര്‍ എറിക്ക് ചെയ്തതുപോലെ - നമ്മെ മുറിവേല്പിച്ചവരോടു ക്ഷമിക്കുവാനുള്ള ശക്തിയും അവന് നമുക്കു നല്കുന്നു.