‘നിങ്ങള്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കരുത്. മുകളില്‍ ആരോ നിങ്ങളെ അന്വേഷിക്കുന്നു.” ചെങ്കുത്തായ പര്‍വത മലയിടുക്കിന്റെ അരികില്‍ നിന്ന് കാര്‍ വലിച്ചെടുത്തശേഷം ടയര്‍ ഉരഞ്ഞ പാടുകള്‍ പഠിച്ചുകൊണ്ട് ട്രക്ക് ഡ്രൈവര്‍ എന്റെ അമ്മയോട് പറഞ്ഞു. ആ സമയത്ത് അമ്മ എന്നെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഞാന്‍ വളരുമ്പോള്‍, ആ ദിവസം ദൈവം നമ്മുടെ രണ്ടു ജീവനുകള്‍ രക്ഷിച്ചതിന്റെ കഥ അവള്‍ പലപ്പോഴും വിവരിക്കുമായിരുന്നു. ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം എന്നെ വിലമതിച്ചിരുന്നുവെന്ന് അവള്‍ എനിക്ക് ഉറപ്പ് നല്‍കി.

നമ്മളാരും സര്‍വ്വജ്ഞനായ (എല്ലാം അറിയുന്ന) സ്രഷ്ടാവിന്റെ ശ്രദ്ധയില്‍ നിന്ന് മറഞ്ഞിരിക്കുന്നില്ല. 2,500 ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അവന്‍ യിരെമ്യാ പ്രവാചകനോട് പറഞ്ഞു, ”നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിനു മുമ്പെ ഞാന്‍ നിന്നെ അറിഞ്ഞു” (യിരെമ്യാവ് 1:5). ഏതൊരു വ്യക്തിയെക്കാളും കൂടുതല്‍ അടുത്ത് ദൈവം നമ്മെ അറിയുന്നു, മറ്റേതില്‍ നിന്നും വ്യത്യസ്തമായി നമ്മുടെ ജീവിതത്തിന് ലക്ഷ്യവും അര്‍ത്ഥവും നല്‍കാന്‍ അവനു കഴിയും. അവിടുന്ന് തന്റെ ജ്ഞാനത്തിലൂടെയും ശക്തിയിലൂടെയും നമ്മെ രൂപപ്പെടുത്തിയെന്നു മാത്രമല്ല, നമ്മുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും നമ്മെ നിലനിര്‍ത്തുകയും ചെയ്യുന്നു – നമ്മുടെ അവബോധമില്ലാതെ ഓരോ നിമിഷവും സംഭവിക്കുന്ന വ്യക്തിഗത വിശദാംശങ്ങള്‍ ഉള്‍പ്പെടെ അവന്‍ അറിയുന്നു. അതായത് നമ്മുടെ ഹൃദയമിടിപ്പു മുതല്‍ നമ്മുടെ തലച്ചോറിന്റെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനം വരെ അവനറിയുന്നു. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമ്മുടെ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളും എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നതിനെക്കുറിച്ച് ദാവീദ് ഉദ്ഘോഷിച്ചു, ”ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്ക് എത്ര ഘനമായവ!” (സങ്കീര്‍ത്തനം 139:17).

നമ്മുടെ അവസാന ശ്വാസത്തേക്കാള്‍ ദൈവം നമ്മോട് കൂടുതല്‍ അടുത്തിരിക്കുന്നു. അവന്‍ നമ്മെ സൃഷ്ടിച്ചു, അവന്‍ നമ്മെ അറിയുന്നു, നമ്മെ സ്‌നേഹിക്കുന്നു, നമ്മുടെ ആരാധനയ്ക്കും പ്രശംസയ്ക്കും അവന്‍ എപ്പോഴും യോഗ്യനാണ്.