ഒരു വാഹനാപകടത്തില്‍ അദ്ദേഹത്തിനു ഭാര്യയെ നഷ്ടപ്പെട്ടതിന് ശേഷം ഞങ്ങള്‍ എല്ലാ വ്യാഴാഴ്ചയും കണ്ടുമുട്ടി. ചില സമയങ്ങളില്‍ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി അദ്ദേഹം വന്നു; ചില സമയങ്ങളില്‍ അദ്ദേഹം പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മ്മകളുമായി വന്നു. കാലക്രമേണ, അപകടം നമ്മുടെ ലോകത്തിലെ തകര്‍ച്ചയുടെ ഫലമാണെങ്കിലും, അതിനിടയില്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തിന് കഴിയുമെന്ന് അദ്ദേഹം അംഗീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ദുഃഖത്തെക്കുറിച്ചും നന്നായി വിലപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ഞങ്ങളുടെ പള്ളിയില്‍ ഒരു ക്ലാസ് പഠിപ്പിച്ചു. താമസിയാതെ, നഷ്ടം അനുഭവിക്കുന്ന ആളുകള്‍ക്കുള്ള ഞങ്ങളുടെ വഴികാട്ടിയായി അദ്ദേഹം മാറി. ചില സമയങ്ങളില്‍ നല്‍കാനായി നമ്മുടെ പക്കല്‍ എന്തെങ്കിലും ഉള്ളതായി നമുക്കു തോന്നാത്തപ്പോള്‍ ദൈവം നമ്മുടെ ”അപര്യാപ്തമായവയെ” എടുക്കുകയും അതിനെ ”ആവശ്യത്തിലധികം” ഉള്ളത് ആക്കുകയും ചെയ്യുന്നു.

ആളുകള്‍ക്ക് ഭക്ഷിക്കാന്‍ എന്തെങ്കിലും നല്‍കണമെന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞു. ഒന്നും നല്‍കാനില്ലെന്ന് അവര്‍ പ്രതിഷേധിച്ചു; യേശു അവരുടെ തുച്ഛമായ സാധനങ്ങള്‍ വര്‍ദ്ധിപ്പിച്ച ശേഷം ശിഷ്യന്മാരുടെ അടുത്തേക്കു തിരിഞ്ഞു അവരുടെ പക്കല്‍ അതു കൊടുത്തു, ”ഞാന്‍ ഇതാണ് ഉദ്ദേശിച്ചത്: നിങ്ങള്‍ അവര്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കുക!” (ലൂക്കൊസ് 9:13-16). ക്രിസ്തു അത്ഭുതങ്ങള്‍ ചെയ്യും, എന്നാല്‍ പലപ്പോഴും നമ്മെ ഉള്‍പ്പെടുത്തുന്നത് അവന്‍ തിരഞ്ഞെടുക്കുന്നു.

യേശു നമ്മോടു പറയുന്നു, ”നിങ്ങള്‍ ആരാണ് എന്നതും നിങ്ങള്‍ക്കെന്താണ് ഉള്ളത് എന്നതും എന്റെ കൈയില്‍ തരിക. നിങ്ങളുടെ തകര്‍ന്ന ജീവിതം. നിങ്ങളുടെ കഥ. നിങ്ങളുടെ ബലഹീനതയും പരാജയവും. നിങ്ങളുടെ വേദനയും കഷ്ടപ്പാടും. അവയെ എന്റെ കൈയില്‍ തരിക. എനിക്കെന്താണ് ചെയ്യാന്‍ കഴിയുക എന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തും.” നമ്മുടെ ശൂന്യതയില്‍ നിന്ന്, പൂര്‍ണത കൈവരിക്കാന്‍ അവനു കഴിയുമെന്ന് യേശുവിനറിയാം. നമ്മുടെ ബലഹീനതയില്‍ നിന്ന്, അവന്റെ ശക്തി വെളിപ്പെടുത്താന്‍ അവനു കഴിയും.