എപ്പോഴെങ്കിലും ഒരു സിംഹത്തെ പിടിച്ചിട്ടുണ്ടോ? എന്റെ ഫോണില്‍ ഒരു ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ എന്റെ മകന്‍ എന്നെ ബോധ്യപ്പെടുത്തുന്നതുവരെ ഞാനും അതു ചെയ്തിരുന്നില്ല. യഥാര്‍ത്ഥ ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ മാപ്പ് നിര്‍മ്മിച്ചുകൊണ്ട് നിങ്ങളുടെ സമീപമുള്ള വര്‍ണ്ണാഭമായ സൃഷ്ടികളെ പിടിക്കാന്‍ ഗെയിം നിങ്ങളെ അനുവദിക്കുന്നു.

മിക്ക മൊബൈല്‍ ഗെയിമുകളില്‍ നിന്നും വ്യത്യസ്തമായി, ഇതിന് ചലനം ആവശ്യമാണ്. നിങ്ങള്‍ പോകുന്നിടമെല്ലാം ഗെയിമിന്റെ കളിസ്ഥലത്തിന്റെ ഭാഗമാണ്. ഫലം? ഞാന്‍ വളരെയധികം നടക്കുന്നു! ഞാനും മകനും കളിക്കുന്ന ഏത് സമയത്തും, നമുക്ക് ചുറ്റുമുള്ള പോപ്പ് അപ്പ് ചെയ്യുന്ന ക്രിട്ടറുകളെ പിടികൂടാനുള്ള എല്ലാ അവസരങ്ങളും പരമാവധി ഉപയോഗിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എളുപ്പമാണ്. ഞാന്‍ ഗെയിം കളിക്കുമ്പോള്‍, ഈ ചോദ്യം എന്നിലുയര്‍ന്നു: എനിക്ക് ചുറ്റുമുള്ള ആത്മീയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ഞാന്‍ ഇത്രമാത്രം തല്പരനാണോ?
നമുക്ക് ചുറ്റുമുള്ള ദൈവത്തിന്റെ വേലയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പൗലൊസിന് അറിയാമായിരുന്നു. കൊലൊസ്യര്‍ 4-ല്‍, സുവിശേഷം പങ്കിടാനുള്ള അവസരത്തിനായി അവന്‍ പ്രാര്‍ത്ഥന ചോദിച്ചു (വാ. 3). എന്നിട്ട് അവന്‍ അവരെ ആഹ്വാനം ചെയ്തു, ”സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍’ (വാ. 5). ക്രിസ്തുവിന്റെ സുവിശേഷവുമായി മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ഒരു അവസരവും കൊലൊസ്യര്‍ നഷ്ടപ്പെടുത്തരുതെന്ന് പൗലൊസ് ആഗ്രഹിച്ചു. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന് അവരെയും അവരുടെ ആവശ്യങ്ങളെയും യഥാര്‍ഥത്തില്‍ കാണുകയും തുടര്‍ന്ന് ”കൃപ നിറഞ്ഞ” കാര്യങ്ങളില്‍ ഏര്‍പ്പെടുകയും വേണം (വാ. 6).

നമ്മുടെ ലോകത്ത്, ഒരു ഗെയിമിന്റെ സാങ്കല്‍പ്പിക സിംഹങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നമ്മുടെ സമയത്തിനും ശ്രദ്ധയ്ക്കും വേണ്ടി മത്സരിക്കുന്നു. എന്നാല്‍ ഓരോ ദിവസവും ദൈവത്തെ ലോകത്തിനു ചൂണ്ടിക്കാണിക്കാനുള്ള അവസരം അന്വേഷിച്ചുകൊണ്ട് ഒരു യഥാര്‍ത്ഥ ലോക സാഹസികതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു.