നൈജീരിയന്‍ ബിസിനസുകാരനായ പീറ്റര്‍ ലാഗോസിലെ ഒരു ആശുപത്രി കിടക്കയിലേക്കു കുനിഞ്ഞു ചോദിച്ചു ”നിങ്ങള്‍ക്ക് എന്ത് സംഭവിച്ചു?” ”ആരോ എന്നെ വെടിവച്ചു,” യുവാവ് മറുപടി പറഞ്ഞു. അയാളുടെ തുട ബാന്ഡേജിട്ടിരുന്നു. പരിക്കേറ്റയാള്‍ക്കു നാട്ടിലേക്ക് മടങ്ങാമായിരുന്നുവെങ്കിലും ബില്‍ അടയ്്ക്കുന്നതുവരെ അയാളെ വിട്ടയക്കില്ലായിരുന്നു – ഈ മേഖലയിലെ പല സര്‍ക്കാര്‍ ആശുപത്രികളും ഈ നയമാണ് പിന്തുടര്ന്നിരുന്നത്. ഒരു സാമൂഹ്യ പ്രവര്‍ത്തകനുമായി കൂടിയാലോചിച്ച ശേഷം, തന്റെ ക്രിസ്തീയ വിശ്വാസം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി താന്‍ നേരത്തെ സ്ഥാപിച്ച ചാരിറ്റബിള്‍ ഫണ്ടിലൂടെ പീറ്റര്‍ ആ ബില്‍ അടച്ചു. അതിനു പകരമായി, ഔദാര്യം സ്വീകരിക്കുന്നവര്‍ ഒരു ദിവസം മറ്റുള്ളവര്‍ക്കും അതു നല്‍കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
ബൈബിളിലുടനീളം ദൈവം നല്കുന്ന സമൃദ്ധിയെക്കുറിച്ചു കാണാം. ഉദാഹരണത്തിന്, വാഗ്ദത്ത ദേശത്ത് എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് മോശെ യിസ്രായേല്യരോട് നിര്‍ദ്ദേശിച്ചപ്പോള്‍, ആദ്യം ദൈവത്തിനു തിരികെ നല്‍കണമെന്നും (ആവര്‍ത്തനം 26:1-3 കാണുക) ആവശ്യത്തിലിരിക്കുന്നവരെ കരുതണമെന്നും – പരദേശികള്‍, അനാഥര്‍, വിധവമാര്‍ (വാ. 12) – അവന് അവരോടു പറഞ്ഞു. അവര്‍ ”പാലും തേനും ഒഴുകുന്ന ദേശത്ത്” വസിച്ചിരുന്നതിനാല്‍ (വാ. 15), അവര്‍ ദരിദ്രരോട് ദൈവസ്നേഹം പ്രകടിപ്പിക്കേണ്ടതായിരുന്നു.
വലുതോ ചെറുതോ ആയ നമ്മുടെ ഭൗതിക വസ്തുക്കള്‍ പങ്കിടുന്നതിലൂടെ നമുക്കും ദൈവസ്നേഹം പ്രചരിപ്പിക്കാന്‍ കഴിയും. പീറ്ററിനെപ്പോലെ വ്യക്തിപരമായി നല്കാന് നമുക്കു ചിലപ്പോള്‍ അവസരം ലഭിച്ചെന്നു വരില്ല, പക്ഷേ എങ്ങനെ നല്‍കണം അല്ലെങ്കില്‍ ആര്‍ക്കാണ് നമ്മുടെ സഹായം ആവശ്യമെന്ന് കാണിക്കാന്‍ നമുക്ക് ദൈവത്തോട് ആവശ്യപ്പെടാന്‍ കഴിയും.
ദൈവമേ, ആവശ്യമുള്ളവരെ അങ്ങു കരുതിയതിന് നന്ദി. എനിക്ക് സമീപമുള്ളവരും വിദൂരത്തുള്ളവരുമായവരുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കായി എന്റെ കണ്ണുകള്‍ തുറക്കുകയും, എങ്ങനെ പ്രതികരിക്കണമെന്ന് അറിയാന്‍ എന്നെ സഹായിക്കുകയും ചെയ്യണമേ.
ധനത്തെക്കുറിച്ചും ക്രിസ്തീയ ജീവിതത്തെക്കുറിച്ചും കൂടുതലറിയാന്‍, christianuniversity.org/ML101 സന്ദര്‍ശിക്കുക.