എന്റെ സുഹൃത്തുക്കളായ റോബര്‍ട്ടും കൊളീനും പതിറ്റാണ്ടുകളായി ആരോഗ്യകരമായ ദാമ്പത്യം അനുഭവിക്കുന്നു, അവര്‍ ഇടപഴകുന്നത് ശ്രദ്ധിക്കുന്നത് എനിക്കിഷ്ടമാണ്. അത്താഴ സമയത്ത് ഒരാള്‍ ആവശ്യപ്പെടാതെതന്നെ മറ്റെയാള്‍ വെണ്ണ കൈമാറും. മറ്റെയാള്‍ കൃത്യസമയത്ത് ഗ്ലാസ് വീണ്ടും നിറയ്ക്കും. അവര്‍ കഥകള്‍ പറയുമ്പോള്‍, അവര്‍ പരസ്പരം വാക്യങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ചിലപ്പോള്‍ അവര്‍ക്ക് പരസ്പരം മനസ്സ് വായിക്കാന്‍ കഴിയുമെന്ന് തോന്നും.
നമുക്കറിയാവുന്ന, സ്നേഹിക്കുന്ന ഏതൊരു വ്യക്തിയെക്കാളും ദൈവം നമ്മെ അറിയുകയും പരിപാലിക്കുകയും ചെയ്യുന്നത് ആശ്വാസകരമാണ്. വരാനിരിക്കുന്ന രാജ്യത്തില്‍ ദൈവവും അവിടുത്തെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യെശയ്യാ പ്രവാചകന് വിവരിക്കുമ്പോള്‍, ആര്‍ദ്രവും അടുപ്പമുള്ളതുമായ ഒരു ബന്ധത്തെക്കുറിച്ച് പറയുന്നു. ദൈവം തന്റെ ജനത്തെക്കുറിച്ച് പറയുന്നു, ”അവര്‍ വിളിക്കുന്നതിനുമുമ്പേ ഞാന്‍ ഉത്തരം അരുളും; അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ ഞാന്‍ കേള്‍ക്കും” (യെശയ്യാവ് 65:24).
എന്നാല്‍ ഇത് എങ്ങനെ ശരിയാകും? പ്രതികരണം ലഭിക്കാതെ ഞാന്‍ വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ച കാര്യങ്ങളുണ്ട്. ദൈവവുമായുള്ള അടുപ്പം വളരുകയും നമ്മുടെ ഹൃദയങ്ങളെ അവിടുത്തോട് സമന്വയിപ്പിക്കുകയും ചെയ്യുമ്പോള്‍, അവന്റെ സമയത്തിലും കരുതലിലും ആശ്രയിക്കാന്‍ നമുക്ക് പഠിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം ആഗ്രഹിക്കുന്നത് നമുക്ക് ആഗ്രഹിക്കാന്‍ തുടങ്ങാം. നാം പ്രാര്‍ത്ഥിക്കുമ്പോള്‍, യെശയ്യാവ് 65 ല്‍ വിവരിക്കുന്ന തരത്തില്‍ ദൈവരാജ്യത്തിന്റെ ഭാഗമായ കാര്യങ്ങള്‍ – ദുഃഖങ്ങള്‍ക്ക്് അവസാനം (വാ. 19) സകല മനുഷ്യര്‍ക്കും സുരക്ഷിതമായ വീടുകളും മുഴുവന്‍ വയറുകള്‍ക്കുംഭക്ഷണവും എല്ലാ ആളുകള്‍ക്കും അര്‍ത്ഥവത്തായ ജോലിയും (വാ. 21-23), ലോകത്ത് സമാധാനം (വാ. 25) – പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താന്‍ നമുക്കു കഴിയും. ദൈവരാജ്യം അതിന്റെ പൂര്‍ണ്ണതയില്‍ വരുമ്പോള്‍, ദൈവം ഈ പ്രാര്‍ത്ഥനകള്‍ക്ക് പൂര്‍ണ്ണമായും ഉത്തരം നല്‍കും.
ദൈവമേ, എപ്പോഴും എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നതിന് നന്ദി. അങ്ങ് എന്നെ സ്നേഹിക്കുന്നുവെന്നും അങ്ങ് വിളിച്ചവര്‍ക്ക് വേണ്ടി എല്ലാം നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ ആഗ്രഹങ്ങള്‍ എന്റെ ആഗ്രഹങ്ങള്‍ ആയി മാറുവാന്‍ തക്കവണ്ണം എന്റെ ആഗ്രഹങ്ങളെ രൂപാന്തരപ്പെടുത്തണമേ.