കഷ്ടതയുടെ ചിത്രം
അടുത്ത കാലത്ത്, ഒരു ഫോട്ടോഗ്രാഫര്‍ ഒരു കൃഷിക്കാരന് നിരാശനായി തനിച്ച് തന്റെ ഉണങ്ങി വരണ്ട കൃഷിസ്ഥലത്ത് ഇരിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ഒരു ചിത്രം പകര്‍ത്തി. വരള്‍ച്ചയുടെയും വിളനാശത്തിന്റെയും പശ്ചാത്തലത്തില്‍ കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി നിരവധി പത്രങ്ങളുടെ മുന്‍ പേജുകളില്‍ ഈ ഫോട്ടോ അച്ചടിച്ചു വന്നു.
യെരുശലേമിന്റെ നാശത്തിന്റെ പശ്ചാത്തലത്തില്‍ യഹൂദയുടെ നിരാശയുടെ മറ്റൊരു ചിത്രം വിലാപങ്ങളുടെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. നഗരം നശിപ്പിക്കാന്‍ നെബൂഖദ്നേസറിന്റെ സൈന്യം എത്തുന്നതിനുമുമ്പ്, ഉപരോധത്തിന്റെ ഫലമായി ജനങ്ങള്‍ പട്ടിണി അനുഭവിച്ചിരുന്നു (2 രാജാക്കന്മാര് 24:10-11). വര്‍ഷങ്ങളോളം ദൈവത്തോടുള്ള അനുസരണക്കേടിന്റെ ഫലമായിരുന്നു അവരുടെ തകര്‍ച്ച എങ്കിലും, വിലാപങ്ങളുടെ എഴുത്തുകാരന് തന്റെ ജനത്തിനുവേണ്ടി ദൈവത്തോട് നിലവിളിച്ചു (വിലാപങ്ങള്‍ 2:11-12).
107-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവും യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു നിരാശാജനകമായ സമയത്തെക്കുറിച്ച് വിവരിക്കുന്നു (യിസ്രായേല്‍ മരുഭൂമിയിലെ അലച്ചിലിനെക്കുറിച്ച്, വാ. 4-5). അവരുടെ പ്രയാസകരമായ സമയങ്ങളില്‍ അവര്‍ ചെയ്ത കാര്യത്തിലേക്ക് പിന്നീട് ശ്രദ്ധ തിരിക്കുന്നു: ''അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു' (വാ. 6). എന്തൊരു അത്ഭുതകരമായ ഫലമാണുണ്ടായത്: ''അവന് അവരെ അവരുടെ ഞെരുക്കങ്ങളില്നിന്നു വിടുവിച്ചു.''
നിരാശയിലാണോ? മിണ്ടാതിരിക്കരുത്. ദൈവത്തോട് നിലവിളിക്കുക. അവന് കേള്‍ക്കുകയും നിങ്ങളുടെ പ്രത്യാശ പുനഃസ്ഥാപിക്കാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. അവന് എല്ലായ്പ്പോഴും നമ്മെ വിഷമകരമായ സാഹചര്യങ്ങളില്‍ നിന്ന് പുറത്തെടുക്കുന്നില്ലെങ്കിലും, അവന് എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.
കലപിലപ്പക്ഷി
തന്റെ ഒടിഞ്ഞ കാല് സുഖപ്പെടുത്താന്‍ സഹായിച്ച ഒരാളെ ഒരു കടല്‍ക്കാക്ക പന്ത്രണ്ട് വര്‍ഷം ദിവസേന സന്ദര്‍ശിക്കുമായിരുന്നു. ജോണ്‍ നായ ബിസ്ക്കറ്റ് കൊണ്ട് അതിനെ ഇണക്കുകയും പിന്നീട് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ഈ പക്ഷി വേനല്‍ക്കാലത്തേക്കു മാത്രമാണ് ഈ കൊച്ചു കടല്‍ത്തീര പട്ടണത്തില്‍ എത്തുന്നതെങ്കിലും അവനും ജോണും പരസ്പരം എളുപ്പത്തില്‍ കണ്ടെത്തുന്നു- ജോണ്‍ ഓരോ ദിവസവും കടല്‍ത്തീരത്ത് എത്തുമ്പോള്‍ പക്ഷി നേരെ അവന്റെ അടുത്തെത്തുന്നു. മറ്റൊരു മനുഷ്യനെയും അതു സമീപിക്കുകയില്ല. ഇത് ഉറപ്പായും അസാധാരണമായ ഒരു ബന്ധമാണ്.
കടല്ക്കാക്കയും ജോണും തമ്മിലുള്ള ഈ അതുല്യമായ ബന്ധം മനുഷ്യനും പക്ഷിയും തമ്മിലുള്ള അസാധാരണമായ മറ്റൊരു ബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവത്തിന്റെ പ്രവാചകന്മാരില് ഒരാളായ ഏലിയാവിനെ വരള്‍ച്ചയുടെ സമയത്ത് ''കെരിത്ത് തോട്ടില്‍ ഒളിച്ചിരിക്കാന്‍'' ദൈവം അയച്ചപ്പോള്‍, തോട്ടില്‍ നിന്ന് കുടിച്ചുകൊള്ളാനും അവനു ഭക്ഷണം നല്കാന് കാക്കകളെ അയയ്ക്കാമെന്നും ദൈവം പറഞ്ഞു (1 രാജാക്കന്മാര് 17:3-4). പ്രയാസകരമായ സാഹചര്യങ്ങളും ചുറ്റുപാടുകളും ഉണ്ടായിരുന്നിട്ടും, ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ഏലിയാവിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെട്ടു. ഭക്ഷണം വിളമ്പാന്‍ തീരെ അനുയോജ്യരല്ല കാക്കകള്‍ - സ്വാഭാവികമായും മലിനമായ വസ്തുക്കള്‍ ഭക്ഷിക്കുന്നവയാണ് അവ - എന്നിട്ടും അവ ഏലിയാവിന് ആരോഗ്യകരമായ ഭക്ഷണം കൊണ്ടുവന്നു.
ഒരു മനുഷ്യന് ഒരു പക്ഷിയെ സഹായിക്കുമെന്നതില്‍ നമുക്ക് അതിശയിക്കാനില്ല, പക്ഷേ പക്ഷികള്‍ ഒരു മനുഷ്യന് ''രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്ത് അപ്പവും ഇറച്ചിയും'' നല്കുമ്പോള്, അത് ദൈവത്തിന്റെ ശക്തിയും കരുതലും കൊണ്ട് എന്നു മാത്രമേ വിശദീകരിക്കാനാകൂ (വാ. 6). ഏലിയാവിനെപ്പോലെ നമുക്കും നമുക്കുവേണ്ടിയുള്ള അവിടുത്തെ കരുതലില്‍ വിശ്വസിക്കാം.
ഒരു കാരണത്താലുള്ള മന്ദഗതി
സസ്തനികളുടെ ജീവിതം എന്ന ബിബിസി വീഡിയോ പരമ്പരയില്‍ അവതാരകനായ ഡേവിഡ് ആറ്റന്‍ബറോ ഒരു ഒരു സ്ലോത്തിനെ കാണാനായി ഒരു മരത്തില്‍ കയറുന്നു. ലോകത്തിലെ ഏറ്റവും മന്ദഗതിയില്‍ ചലിക്കുന്ന സസ്തനിയെ മുഖാമുഖം കണ്ട അദ്ദേഹം അതിനെ ''ബൂ!'' എന്ന് അഭിവാദ്യം ചെയ്യുന്നു. ഒരു പ്രതികരണം നേടുന്നതില്‍ പരാജയപ്പെട്ട അദ്ദേഹം, സാവകാശം ദഹിക്കുന്നതും പോഷകഗുണമില്ലാത്തതുമായ ഇലകള്‍ മാത്രം ഭക്ഷിക്കുന്നതും മൂന്നു വിരല്‍ മാത്രവുമുള്ള ഒരു കരടിയാണു നിങ്ങളെങ്കില്‍ നിങ്ങള്‍ക്കു പതുക്കെ മാത്രമേ സഞ്ചരിക്കാനാവൂ എന്ന് വിശദീകരിച്ചു.
യിസ്രായേലിന്റെ ചരിത്രത്തിന്റെ ഒരു തിരിഞ്ഞുനോട്ടത്തില്‍, മന്ദഗതിയിലാകുന്നതിന്റെ മറ്റൊരു ഉദാഹരണവും വിശദീകരണവും നെഹെമ്യാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു (9:9-21), എന്നാല്‍ ഇത് ഹാസ്യാത്മമകല്ല. നെഹെമ്യാവിന്റെ അഭിപ്രായത്തില്‍, കോപത്തിന്റെ കാര്യത്തില്‍ മന്ദഗതിയിലാകാനുള്ള ആത്യന്തിക ഉദാഹരണമാണ് നമ്മുടെ ദൈവം. ദൈവം തന്റെ ജനത്തെ എങ്ങനെ പരിപാലിച്ചുവെന്നും ജീവന് നല്കുന്ന നിയമങ്ങള്‍ നിര്‍ദ്ദേശിക്കുകയും ഈജിപ്തില്‍ നിന്നുള്ള യാത്രയില്‍ അവരെ നിലനിര്‍ത്തുകയും വാഗ്ദത്തഭൂമി നല്‍കുകയും ചെയ്തതായും നെഹെമ്യാവ് വിവരിച്ചു (വാ. 9-15). യിസ്രായേല്‍ നിരന്തരം മത്സരിച്ചുവെങ്കിലും (വാ. 16), ദൈവം അവരെ സ്നേഹിക്കുന്നത് അവസാനിപ്പിച്ചില്ല. നെഹെമ്യാവിന്റെ വിശദീകരണം? നമ്മുടെ സ്രഷ്ടാവ് സ്വഭാവത്താല്‍ ''ക്ഷമിക്കുവാന്‍ ഒരുക്കവും കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ളവന്'' (വാ. 17). അങ്ങനെയെങ്കില്‍ തന്റെ ജനത്തിന്റെ പരാതികളും അവിശ്വാസവും ആശ്രയമില്ലായ്മയവും നാല്പതു വര്‍ഷമായി അവിടുന്ന് ഇത്ര ക്ഷമയോടെ വഹിക്കുന്നത് എന്തുകൊണ്ടാണ്? (വാ. 21). അത് ദൈവത്തിന്റെ ''മഹാ കരുണ'' മൂലമാണ് (വാ. 19).
നമ്മുടെ കാര്യമോ? ഒരു തിളയ്ക്കുന്ന കോപം ഒരു തണുത്ത ഹൃദയത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ ഹൃദയത്തിന്റെ മഹത്വം അവനോടൊപ്പം നമുക്ക് ക്ഷമയോടെ ജീവിക്കാനും സ്നേഹിക്കാനും ഇടം നല്കുന്നു.
പുസ്തകത്തില്‍ സന്തോഷിക്കുക
സുണ്ടോകു. ഈ ജാപ്പനീസ് പദം, വായിക്കാനായി കിടക്കയ്ക്കരികിലെ മോശപ്പുറത്ത് വെച്ചിരിക്കുന്ന പുസ്തക ശേഖരത്തെയാണ് സൂചിപ്പിക്കുന്നത്. പുസ്തകങ്ങള്‍ പഠനത്തിനുള്ള സാധ്യതകള്‍ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്കോ സമയത്തേക്കോ ഉള്ള രക്ഷപ്പെടല്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല അവയുടെ പേജുകളില്‍ കാണുന്ന ആനന്ദങ്ങളും ഉള്‍ക്കാഴ്ചകളും ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ശേഖരം എപ്പോഴും അവിടെ കാണും.
ഒരു പുസ്തകത്തില്‍ നമുക്ക് ആസ്വാദ്യതയും സഹായവും കണ്ടെത്താമെന്ന ആശയം, പുസ്തകങ്ങളുടെ പുസ്തകമായ ബൈബിളിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സത്യമാണ്. വാഗ്ദത്ത്ദേശത്തേക്ക് യിസ്രായേലിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട പുതുതായി നിയമിതനായ യോശുവയോടുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ തിരുവെഴുത്തുകളില്‍ മുഴുകാനുള്ള പ്രോത്സാഹനം ഞാന്‍ കാണുന്നു (യോശുവ 1:8).
മുന്നിലുള്ള ബുദ്ധിമുട്ട് അറിഞ്ഞുകൊണ്ട് ദൈവം യോശുവയോട് ഉറപ്പുനല്‍കി, ''ഞാന്‍ നിന്നോടുകൂടെ ഇരിക്കും'' (വാ. 5). ദൈവത്തിന്റെ കല്‍പ്പനകളോടുള്ള യോശുവയുടെ അനുസരണത്തിലൂടെയാണ് അവന്റെ സഹായം ലഭിക്കുക. അതിനാല്‍ ദൈവം അവനോടു പറഞ്ഞു 'ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുത്; അതില്‍
എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും' (വാക്യം 8). യോശുവയ്ക്ക് ന്യായപ്രമാണപുസ്തകം ഉണ്ടായിരുന്നുവെങ്കിലും, ദൈവം ആരാണെന്നും അവന്റെ ജനത്തോടുള്ള അവന്റെ ഹിതത്തെക്കുറിച്ചും ഉള്‍ക്കാഴ്ചയും ഗ്രാഹ്യവും നേടുന്നതിന് പതിവായി അത് അന്വേഷിക്കേണ്ടതുണ്ട്.
നിങ്ങളുടെ ദിവസത്തിനായി നിങ്ങള്‍ക്ക് നിര്‍ദ്ദേശമോ സത്യമോ പ്രോത്സാഹനമോ ആവശ്യമുണ്ടോ? തിരുവെഴുത്തു വായിക്കാനും അനുസരിക്കാനും പോഷണം കണ്ടെത്താനും സമയമെടുക്കുമ്പോള്‍, അതിന്റെ പേജുകളില്‍ അടങ്ങിയിരിക്കുന്നതെല്ലാം നമുക്ക് ആസ്വദിക്കാന്‍ കഴിയും (2 തിമൊഥെയൊസ്് 3:16).
മരണനിരയിലെ സന്തോഷം
1985 ല്‍ രണ്ട് റെസ്റ്റോറന്റ് മാനേജര്‍മാരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ആന്റണി റേ ഹിന്റനെതിരെ കേസെടുത്തു. ഇത് അയാളെ കുടുക്കിയതായിരുന്നു - കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം മൈലുകള്‍ അകലെയായിരുന്നു - എന്നാല്‍ കോടതി അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. വിചാരണവേളയില്‍, തനിക്കെതിരെ നുണ പറഞ്ഞവരോട് റേ ക്ഷമിച്ചു, ഈ അനീതി ഉണ്ടായിരുന്നിട്ടും തനിക്ക് ഇപ്പോഴും സന്തോഷമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ''എന്റെ മരണശേഷം, ഞാന്‍ സ്വര്‍ഗത്തിലേക്ക് പോകുന്നു,'' അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ എവിടെയാണു പോകുന്നത്?''
വധശിക്ഷയ്ക്കു കാത്തുള്ള ജീവിതം റേയ്ക്ക് ബുദ്ധിമുട്ടായിരുന്നു. മറ്റുള്ളവരെ ഇലക്ട്രിക് കസേരയില്‍ ഇരുത്തുമ്പോഴെല്ലാം തനിക്കു മുന്നിലുള്ളതിനെ ഭയാനകമായി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ജയില്‍ ലൈറ്റുകള്‍ ഒരു നിമിഷം മങ്ങുമായിരുന്നു. റേ ഒരു നുണപരിശോധനയില്‍ വിജയിച്ചു, എങ്കിലും അതിന്റെ ഫലങ്ങള്‍ അവഗണിക്കപ്പെട്ടു. തന്റെ കേസ് പുനഃപരിശോധിക്കുന്നതിന് നേരിട്ട നിരവധി തടസ്സങ്ങളില്‍ ഒന്നായിരുന്നു അത്.
അവസാനമായി, 2015 ദുഃഖവെള്ളിയാഴ്ച റേയുടെ ശിക്ഷ യുഎസ് സുപ്രീം കോടതി അസാധുവാക്കി. ഏകദേശം മുപ്പത് വര്‍ഷമായി അദ്ദേഹം വധശിക്ഷയ്ക്കുള്ള നിരയിലായിരുന്നു. അയാളുടെ ജീവിതം ദൈവം എന്ന യാഥാര്‍ത്ഥ്യത്തിന്റെ തെളിവാണ്. യേശുവിലുള്ള വിശ്വാസം നിമിത്തം റേ തന്റെ പരീക്ഷണങ്ങള്‍ക്കപ്പുറത്ത് ഒരു പ്രത്യാശ പുലര്‍ത്തി (1 പത്രൊസ് 1:3-5). അനീതിയെ അഭിമുഖീകരിച്ച് അമാനുഷിക സന്തോഷം അനുഭവിച്ചു (വാ. 8). മോചിതനായ ശേഷം റേ പറഞ്ഞു, ''എനിക്കുള്ള ഈ സന്തോഷം, അവര്‍ക്ക് ഒരിക്കലും ജയിലില്‍വെച്ച് എടുത്തുകളയാന്‍ കഴിഞ്ഞില്ല.'' അത്തരം സന്തോഷം അദ്ദേഹത്തിന്റെ വിശ്വാസം യഥാര്‍ത്ഥമാണെന്ന് തെളിയിച്ചു (വാ. 7-8).
മരണനിരയിലെ സന്തോഷം? ഇത് കെട്ടിച്ചമയ്ക്കാന്‍ പ്രയാസമാണ്. നമ്മുടെ പ്രതിസന്ധിയുടെ നടുവിലും നമ്മെ നിലനിര്‍ത്താന്‍ ഒരുക്കമുള്ളവനും അദൃശ്യനായിരുന്നിട്ടും ജീവിക്കുന്നവനുമായ ഒരു ദൈവത്തിലേക്കാണ് ഇത് നമ്മെ വിരല്‍ ചൂണ്ടുന്നത്.