1948-ല്‍, ഒരു അണ്ടര്‍ഗ്രൗണ്ട് സഭയുടെ പാസ്റ്ററായ ഹാര്‍ലന്‍ പോപോവിനെ ”ചെറിയ ചോദ്യം ചെയ്യലിനായി” വീട്ടില്‍ നിന്ന് കൊണ്ടുപോയി. രണ്ടാഴ്ചയ്ക്കുശേഷം, അദ്ദേഹത്തെ രാപ്പകല്‍ ചോദ്യം ചെയ്യുകയും പത്തു ദിവസത്തേക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്തു. ഒരു ചാരനാണു താനെന്ന ആരോപണം അദ്ദേഹം നിഷേധിച്ച ഓരോ തവണയും അദ്ദേഹത്തെ തല്ലി. പോപ്പോവ് കഠിനമായ പെരുമാറ്റത്തെ അതിജീവിക്കുക മാത്രമല്ല, സഹ തടവുകാരെ യേശുവിന്റെ അടുത്തേക്ക് നയിക്കുകയും ചെയ്തു. ഒടുവില്‍, പതിനൊന്ന് വര്‍ഷത്തിനുശേഷം, മോചിതനായി, രണ്ടുവര്‍ഷത്തിനുശേഷം, രാജ്യം വിടുവാന്‍ അനുവാദം ലഭിക്കുകയും അങ്ങനെ കുടുംബത്തോടൊപ്പം വീണ്ടും ഒത്തുചേരുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം പ്രസംഗിക്കുകയും സുവിശേഷത്തിനു വാതില്‍ അടയ്ക്കപ്പെട്ട രാജ്യങ്ങളില്‍ ബൈബിള്‍ വിതരണം ചെയ്യുന്നതിനായി പണം സ്വരൂപിക്കുകയും ചെയ്തു.
കാലാകാലങ്ങളിലായി യേശുവിലുള്ള അസംഖ്യം വിശ്വാസികളെപ്പോലെ, പോപ്പോവും വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെട്ടു. ക്രിസ്തു തന്റെ പീഡനത്തിനും മരണത്തിനും തുടര്‍ന്നു തന്റെ അനുയായികള്‍ക്കു വരാനിരിക്കുന്ന പീഡനങ്ങള്‍ക്കും വളരെ മുമ്പുതന്നെ പറഞ്ഞു, ”നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്്” (മത്തായി 5:10). അവന്‍ തുടര്‍ന്നു, ”എന്റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍’ (വാ. 11).
ഭാഗ്യവാന്മാര്‍? യേശു എന്താണ് അര്‍ത്ഥമാക്കുന്നത്? അവനുമായുള്ള ബന്ധത്തില്‍ കാണുന്ന സമ്പൂര്‍ണ്ണത, സന്തോഷം, ആശ്വാസം എന്നിവയെക്കുറിച്ചാണ് അവന്‍ പരാമര്‍ശിച്ചത് (വാ. 4, 8-10). കഷ്ടതയുടെ നടുവിലും ദൈവസാന്നിദ്ധ്യം തന്നില്‍ ശക്തി പകരുന്നതായി പോപ്പോവ് മനസ്സിലാക്കിയപ്പോള്‍ അവന്‍ ഉറച്ചുനിന്നു. നാം ദൈവത്തോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും, നമുക്കും അവന്റെ സമാധാനം അനുഭവിക്കാന്‍ കഴിയും. അവന്‍ നമ്മോടൊപ്പമുണ്ട്.