മേരി പോപ്പിന്‍സ് റിട്ടേണ്‍സിലെ പ്രധാന വേഷത്തില്‍ എമിലി ബ്ലോണ്ടിന്റെ (അമേരിക്കന്‍ നടി) മനോഹരമായ ശബ്ദം സിനിമാപ്രേമികള്‍ കേട്ടു. അതിശയകരമെന്നു പറയട്ടെ, അവരുടെ ദാമ്പത്യജീവിതം ആരംഭിച്ച് നാലുവര്‍ഷത്തിനുശേഷമാണ് അവളുടെ ഭര്‍ത്താവ് അവളുടെ ശബ്ദസൗകുമാര്യം കണ്ടെത്തിയത്. ഒരു അഭിമുഖത്തില്‍, അവള്‍ ആദ്യമായി പാടുന്നത് കേട്ടപ്പോള്‍ തനിക്കുണ്ടായ ആശ്ചര്യത്തെക്കുറിച്ച് താന്‍ മനസ്സില്‍ ചിന്തിച്ച കാര്യം അദ്ദേഹം വെളിപ്പെടുത്തി, ”നീ എപ്പോഴാണ് ഇത് എന്നോട് പറയാന്‍ പോകുന്നത്?”
ബന്ധങ്ങളില്‍ നമ്മള്‍ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുന്ന പുതിയതും ചിലപ്പോള്‍ അപ്രതീക്ഷിതവുമായ വിശദാംശങ്ങള്‍ കണ്ടെത്താറുണ്ട്.. മര്‍ക്കൊസിന്റെ സുവിശേഷത്തില്‍, ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ തുടക്കത്തില്‍ യേശുവിന്റെ അപൂര്‍ണ്ണമായ ഒരു ചിത്രത്തിലൂടെ ആരംഭിക്കുകയും അവന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ പാടുപെടുകയും ചെയ്തു. എന്നിരുന്നാലും, ഗലീല കടലില്‍ വെച്ചുണ്ടായ ഒരു സംഭവത്തില്‍, യേശു തന്നെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി – ഇത്തവണ പ്രകൃതിശക്തികളുടെ മേലുള്ള തന്റെ ശക്തിയുടെ വ്യാപ്തിയാണവന്‍ കാണിച്ചത്.
അയ്യായിരത്തിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കിയശേഷം, യേശു തന്റെ ശിഷ്യന്മാരെ ഗലീല കടലിന്റെ അക്കരെക്ക്് അയച്ചു, അവിടെ അവര്‍ ഭയാനകമായ കൊടുങ്കാറ്റില്‍ അകപ്പെട്ടു. പ്രഭാതത്തിനു തൊട്ടുമുമ്പ്, ആരോ വെള്ളത്തില്‍ നടക്കുന്നത് കണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി. ക്രിസ്തുവിന്റെ പരിചിതമായ ശബ്ദത്തില്‍ ആശ്വാസകരമായ വാക്കുകള്‍ അവര്‍ കേട്ടു, ”ധൈര്യപ്പെടുവിന്‍; ഞാന്‍ തന്നേ ആകുന്നു; ഭയപ്പെടേണ്ട’ (മര്‍ക്കൊസ് 6:50). ഉഗ്രമായ കടലിനെ അവന്‍ ശാന്തമാക്കി. അത്തരം മഹത്തായ ശക്തി കണ്ടപ്പോള്‍, ശിഷ്യന്മാര്‍ ”അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു” (6:51). ക്രിസ്തുവിന്റെ ശക്തിയുടെ ഈ അനുഭവം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അവര്‍ പാടുപെടുകയായിരുന്നു.
നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകളുടെ നടുവില്‍ യേശുവിനെയും അവന്റെ ശക്തിയെയും നാം അനുഭവിക്കുമ്പോള്‍, അവന്‍ ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ പൂര്‍ണ്ണമായ ചിത്രം നമുക്ക് ലഭിക്കും. നാം ആശ്ചര്യപ്പെടും.