നിങ്ങള്‍ അവനില്‍ ആശ്രയിക്കുമ്പോള്‍ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കും. നിങ്ങളുടെ വേരുകള്‍ ദൈവസ്നേഹത്തിലേക്ക് ആഴത്തില്‍ ഇറങ്ങുകയും നിങ്ങളെ ശക്തരാക്കുകയും ചെയ്യും. എഫെസ്യര്‍ 3:17 (NLT)
സമ്മര്‍ദ്ദം നിറഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ഞാന്‍ എന്റെ കൗണ്‍സിലറോട് എന്റെ ഉയര്‍ന്നും താണും നിന്ന വികാരങ്ങളെക്കുറിച്ചു പങ്കിടുമ്പോള്‍ അവള് ആലോചനാപൂര്‍വ്വം ശ്രദ്ധിച്ചു. അതിനുശേഷം ജനാല തുറന്ന് മരങ്ങളെ നോക്കാന്‍ അവള് എന്നെ ക്ഷണിച്ചു. ഓറഞ്ച് കായ്ച്ചുകിടക്കുന്ന ശാഖകള്‍ കാറ്റില്‍ ആടുന്നതു ഞാന്‍ കണ്ടു.
തായ്ത്തടി കാറ്റില്‍ അനങ്ങുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ട് എന്റെ കൗണ്‍സിലര്‍ വിശദീകരിച്ചു, ”എല്ലാ ദിശകളില്‍ നിന്നും കാറ്റ് നമ്മുടെ ജീവിതത്തിലേക്ക് വീശുമ്പോള്‍ നമ്മള് ഇത്തരത്തിലാണ്. തീര്‍ച്ചയായും നമ്മുടെ വികാരങ്ങള്‍ മുകളിലേക്കും താഴേക്കും ഇളകിക്കൊണ്ടിരിക്കും. എന്നാല്‍ ചിലപ്പോള്‍ നാം ജീവിക്കുന്നത് നമുക്ക് ശാഖകള്‍ മാത്രമാണുള്ളത് എന്ന നിലയിലാണ്. നിങ്ങളുടെ സ്വന്തം തായ്ത്തടി കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുവഴി, ജീവിതം എല്ലാ ഭാഗത്തുനിന്നും നിങ്ങളെ വലിക്കുമ്പോഴും, നിങ്ങളുടെ ശാഖകളില്‍ അല്ല നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങള്‍ അപ്പോഴും സുരക്ഷിതവും സുസ്ഥിരവുമായിരിക്കും.’
ഇത് എന്നെ സ്പര്‍ശിച്ച ഒരു ചിത്രമാണ്; പൗലൊസ് എഫെസൊസിലെ പുതിയ വിശ്വാസികള്‍ക്ക് നല്കിയതും സമാനമായ ചിത്രമാണ്. ദൈവത്തിന്റെ അതിശയകരമായ ദാനത്തെക്കുറിച്ച് – അതിശയകരമായ ലക്ഷ്യവും മൂല്യവുമുള്ള ഒരു പുതിയ ജീവിതം – അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് (എഫെസ്യര്‍ 2:6-10), ക്രിസ്തുവിന്റെ സ്നേഹത്തില്‍ അവര്‍ ആഴത്തില്‍ ”വേരൂന്നുകയും അടിസ്ഥാനപ്പെടുകയും” ചെയ്യുമെന്നും (3:17) ‘ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്നവര്‍” (4:14) ആകയില്ലെന്നും ഉള്ള തന്റെ പ്രത്യാശ പൗലൊസ് പങ്കുവയ്ക്കുന്നു.
നമ്മുടെ കാര്യത്തില്‍, നമ്മുടെ ഭയം, അരക്ഷിതാവസ്ഥ എന്നിവയാല്‍ അരക്ഷിതവും ദുര്‍ബലവുമാണെന്ന് തോന്നുന്നത് എളുപ്പമാണ്. എന്നാല്‍ ക്രിസ്തുവിലുള്ള നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തില്‍ നാം വളരുമ്പോള്‍ (വാ. 22-24), ക്രിസ്തുവിന്റെ ശക്തിയാലും സൗന്ദര്യത്താലും പോഷിപ്പിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന ആഴത്തിലുള്ള സമാധാനം (വാ. 15-16). ദൈവവുമായും അന്യോന്യവും നമുക്ക് അനുഭവിക്കാന്‍ കഴിയും (വാ. 3).
ജീവിതത്തിലെ വെല്ലുവിളികളാല്‍ ഏറ്റവും കൂടുതല്‍ ''കയറ്റിറക്കങ്ങള്‍'' അനുഭവപ്പെടുന്നത് എപ്പോഴാണ്? യേശുവിലുള്ള നിങ്ങളുടെ വ്യക്തിത്വം ഓര്‍മ്മിക്കുന്നത് നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും?
യേശുവേ, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ ശക്തി ഞങ്ങളുടെ സ്വന്തമല്ല എന്ന അതീവ സന്തോഷകരമായ വാര്‍ത്തയ്ക്ക് നന്ദി. അങ്ങയുടെ സ്നേഹത്തിലും അങ്ങയുടെ കുടുംബത്തില്‍ ഞങ്ങള്‍ക്കു ലഭിച്ച സ്ഥാനത്തിലും വേരുകള്‍ ആഴത്തില്‍ വളര്‍ത്താന്‍ ഞങ്ങളെ സഹായിക്കണമേ.