”ഓ, ഇല്ല!” അടുക്കളയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ എന്റെ ഭാര്യയുടെ ശബ്ദം മുഴങ്ങി. അവള്‍ അതു പറഞ്ഞ നിമിഷം, ഞങ്ങളുടെ തൊണ്ണൂറ് പൗണ്ട് തൂക്കമുള്ള ലാബ്രഡോര്‍ ”മാക്‌സ്” മുറിയില്‍ നിന്ന് പുറത്തേക്കു പാഞ്ഞു.

അടുക്കള കൗണ്ടറിന്റെ വക്കിനോടു ചേര്‍ന്ന് വെച്ചിരുന്ന ആട്ടിറച്ചിക്കഷണം പോയി. മാക്‌സ് അത് തിന്നു ഒരു ശൂന്യമായ പാത്രം മാത്രം അവശേഷിപ്പിച്ചു. അവന്‍ ഒരു കട്ടിലിനടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവന്റെ തലയും തോളും മാത്രമേ കട്ടിലിനടിയില്‍ കയറിയുള്ളു. ഞാന്‍ അവനെ പിന്തുടര്‍ന്നു ചെന്നപ്പോള്‍ അവന്റെ അനാവൃതമായ മുതുകും വാലും അവനെ ഒറ്റിക്കൊടുത്തു.

”ഓ, മാക്‌സ്,” ഞാന്‍ പിറുപിറുത്തു, ”നിന്റെ പാപം നിന്നെ കണ്ടെത്തും.” യിസ്രായേലിലെ രണ്ട് ഗോത്രങ്ങളോട് ദൈവത്തെ അനുസരിക്കണമെന്നും അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും മോശെ ഉപദേശിച്ചപ്പോള്‍ പറഞ്ഞ വാചകമാണ് ഞാന്‍ കടമെടുത്തത്. അവന്‍ അവരോടു പറഞ്ഞു: ”എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യുകയില്ല എങ്കില്‍ നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും’ (സംഖ്യാപുസ്തകം 32:23).

പാപം ഒരു നിമിഷത്തേക്കു സുഖപ്രദമായി തോന്നാം, പക്ഷേ അത് ദൈവത്തില്‍ നിന്നുള്ള വേര്‍പിരിയലിന്റെ ആത്യന്തിക വേദനയ്ക്ക് കാരണമാകുന്നു. ദൈവത്തിന് ഒന്നും മറവല്ലെന്ന് മോശ തന്റെ ജനത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ബൈബിള്‍ എഴുത്തുകാരന്‍ പറഞ്ഞതുപോലെ, ”അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്” (എബ്രായര്‍ 4:13).

എല്ലാം അവന്‍ കാണുന്നുണ്ടെങ്കിലും, നമ്മുടെ പാപം ഏറ്റുപറയാനും അതില്‍ പശ്ചാത്തപിക്കാനും (അതില്‍ നിന്ന് തിരിയാനും) അവനോടൊപ്പം ശരിയായി നടക്കാനും നമ്മുടെ പരിശുദ്ധനായ ദൈവം സ്‌നേഹപൂര്‍വ്വം നമ്മെ ആകര്‍ഷിക്കുന്നു (1 യോഹന്നാന്‍ 1:9). ഇന്ന് നമുക്ക് അവനെ സ്‌നേഹത്തില്‍ അനുഗമിക്കാം.