ഒരു സിനിമയില്‍ നിങ്ങള്‍ യേശുവിന്റെ ഭാഗം അവതരിപ്പിക്കുകയാണെങ്കില്‍, നിങ്ങള്‍ എങ്ങനെ ആ വേഷത്തെ സമീപിക്കും? 1993 ലെ വിഷ്വല്‍ ബൈബിള്‍ സിനിമയായ മത്തായിയില്‍ യേശുവിനെ അവതരിപ്പിച്ച ബ്രൂസ് മാര്‍ക്കിയാനോ നേരിട്ട വെല്ലുവിളി അതായിരുന്നു. ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ തന്റെ വേഷത്തെ അടിസ്ഥാനമാക്കി യേശുവിനെക്കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തുമെന്ന് അറിഞ്ഞപ്പോള്‍, ക്രിസ്തുവിനെ ”ശരിയായി” അവതരിപ്പിക്കുന്നതിനുള്ള ഭാരം അമിതമായി തോന്നി. അവന് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു -നന്നായി യേശുവിനെ അവതരിപ്പിക്കാനുള്ള കൃപയ്ക്കുവേണ്ടി.
എബ്രായ ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് ബ്രൂസ് ഉള്‍ക്കാഴ്ച നേടി, അവിടെ പിതാവായ ദൈവം പുത്രനെ ”ആനന്ദ തൈലം” കൊണ്ട് അഭിഷേകം ചെയ്തുകൊണ്ട് അവനെ വേര്‍തിരിച്ചതെങ്ങനെയെന്ന് എഴുത്തുകാരന് പറയുന്നു (1:9). ഇത്തരത്തിലുള്ള സന്തോഷം ആഘോഷത്തിന്റെ ഒന്നാണ് – പിതാവുമായുള്ള ബന്ധത്തിന്റെ സന്തോഷം പൂര്‍ണ്ണഹൃദയത്തോടെ പ്രകടിപ്പിക്കുന്ന ഒന്ന്. അത്തരം സന്തോഷം ജീവിതത്തിലുടനീളം യേശുവിന്റെ ഹൃദയത്തെ ഭരിച്ചു. എബ്രായര്‍ 12:2 വിവരിക്കുന്നതുപോലെ, അവന് ‘തന്റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്തു അവന് അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു”
ഈ തിരുവെഴുത്തു പ്രയോഗത്തില്‍ നിന്ന് തന്റെ സൂചനകള്‍ എടുത്ത്, ബ്രൂസ് തന്റെ രക്ഷകന്റെ അതുല്യമായ സന്തോഷം നിറഞ്ഞ ഒരു ചിത്രം വാഗ്ദാനം ചെയ്തു. തല്‍ഫലമായി, അവന് ”പുഞ്ചിരിക്കുന്ന യേശു” എന്നറിയപ്പെട്ടു. നമുക്കും മുട്ടുകുത്തി ”യേശുവിനുവേണ്ടി യേശുവിനോട് യാചിക്കാന്‍” ധൈര്യപ്പെടാം. അവിടുത്തെ സ്വഭാവത്താല്‍ അവന് നമ്മെ നിറയ്ക്കട്ടെ, നമുക്ക് ചുറ്റുമുള്ള ആളുകള്‍ നമ്മില്‍ അവിടുത്തെ സ്നേഹത്തിന്റെ പ്രകടനം കാണട്ടെ!
യേശുവിനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകള്‍ എന്തൊക്കെയാണ്, അവ എങ്ങനെ മാറേണ്ടതുണ്ട്? അവന്റെ ഹൃദയത്തെ ലോകത്തിന് കാണിച്ചുകൊടുക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെയൊക്കെ അവനെ പ്രതിനിധീകരിക്കാന്‍ കഴിയും?
പ്രിയ യേശുവേ, അങ്ങയെ നല്കുവാന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു. ഇന്ന് ഞങ്ങളില്‍ അങ്ങയുടെ ഹൃയത്തെ മറ്റുള്ളവര്‍ കാണട്ടെ. ഞങ്ങള്‍ പറയുന്നതിലൂടെയും ചെയ്യുന്നതിലൂടെയും അങ്ങയുടെ സന്തോഷത്തെ ഞങ്ങള്‍ പരത്തട്ടെ.