പതിനഞ്ചാം നൂറ്റാണ്ടിലെ സന്യാസി തോമസ് അക്കെമ്പിസ്, ക്രിസ്താനുകരണം എന്ന പ്രിയപ്പെട്ട ക്ലാസിക് ഗ്രന്ഥത്തില്‍, പരീക്ഷയെക്കുറിച്ചുള്ള ഒരു അതിശയകരമായ ഒരു പുതിയ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു. പരീക്ഷ നമ്മെ നയിച്ചേക്കാവുന്ന വേദനകളിലും ബുദ്ധിമുട്ടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അദ്ദേഹം എഴുതുന്നു, ‘[പരീക്ഷകള്‍] ഉപയോഗപ്രദമാണ്, കാരണം അവ നമ്മെ താഴ്മയുള്ളവരാക്കുന്നു, അവയ്ക്ക് നമ്മെ ശുദ്ധീകരിക്കാനും പഠിപ്പിക്കാനും കഴിയും” അദ്ദേഹം വിശദീകരിക്കുന്നു, ”വിജയത്തിന്റെ താക്കോല്‍ യഥാര്‍ത്ഥ താഴ്മയും ക്ഷമയുമാണ്; അവയില്‍ നാം ശത്രുവിനെ ജയിക്കുന്നു.’

താഴ്മയും ക്ഷമയും. പരീക്ഷളോട് ഞാന്‍ സ്വാഭാവികമായും പ്രതികരിച്ചെങ്കില്‍ ക്രിസ്തുവിനോടൊപ്പമുള്ള എന്റെ നടപ്പ് എത്ര വ്യത്യസ്തമായിരിക്കും! പലപ്പോഴും, ഞാന്‍ പ്രതികരിക്കുന്നത് ലജ്ജ, നിരാശ, പോരാട്ടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അക്ഷമ എന്നിവയിലൂടെയാണ്.

എന്നാല്‍, യാക്കോബ് 1 ല്‍ നിന്ന് നാം പഠിക്കുന്നതുപോലെ, നാം അഭിമുഖീകരിക്കുന്ന പ്രലോഭനങ്ങളും പരീക്ഷകളും ലക്ഷ്യമില്ലാത്തതോ നാം സഹിക്കുന്ന കേവലം ഒരു ഭീഷണിയോ ആയിരിക്കണമെന്നില്ല. പരീക്ഷകള്‍ക്ക് വഴങ്ങുന്നത് ഹൃദയത്തകര്‍ച്ചയ്ക്കും വിനാശത്തിനും കാരണമാകുമെങ്കിലും (വാ. 13-15), അവന്റെ ജ്ഞാനവും കൃപയും തേടി താഴ്മയുള്ള ഹൃദയങ്ങത്തോടെ നാം ദൈവത്തിലേക്ക് തിരിയുമ്പോള്‍, അവന്‍ ‘ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി
കൊടുക്കുന്നു’ (വാ. 5) . നമ്മിലുള്ള അവിടുത്തെ ശക്തിയിലൂടെ, നമ്മുടെ പരീക്ഷകളും പാപത്തെ ചെറുക്കാനുള്ള പോരാട്ടങ്ങളും സ്ഥിരോത്സാഹം വളര്‍ത്തുന്നു, അങ്ങനെ നാം ‘ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും’ ആകുന്നു (വാ. 4).

നാം യേശുവില്‍ ആശ്രയിക്കുമ്പോള്‍, ഭയത്തോടെ ജീവിക്കാന്‍ ഒരു കാരണവുമില്ല. ദൈവത്തെ സ്‌നേഹിക്കുന്ന മക്കളെന്ന നിലയില്‍, പരീക്ഷകളെ അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് അവിടുത്തെ സ്‌നേഹനിര്‍ഭരമായ കരങ്ങളില്‍ വിശ്രമിക്കുവാനും സമാധാനം കണ്ടെത്താനും കഴിയും.