500 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള നിരവധി വലിയ മരങ്ങളുണ്ട്. അവയുടെ മികച്ച കാലഘട്ടത്തില്‍, വളഞ്ഞുപിരിഞ്ഞ ശാഖകള്‍ ഉയരത്തിലും വിസ്തൃതിയിലും വ്യാപ്തിയിലും വ്യാപിക്കുന്നു. തണുത്ത കാറ്റ് അവയുടെ പച്ച ഇലകളില്‍ അടിക്കുകയും കാറ്റു വീശുമ്പോള്‍ ഇലകള്‍ക്കിടയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യപ്രകാശം ഭൂമിയില്‍ പതിക്കുന്നു.അവരുടെ മേലാപ്പിന് താഴെയുള്ള നിഴലില്‍ പ്രകാശം നൃത്തം വയ്ക്കുന്നു. എന്നാല്‍ ഭൂമിയുടെ ഉപരിതലത്തിനടിയിലാണ് അവയുടെ യഥാര്‍ത്ഥ മഹത്വം – അവയുടെ വേരുപടലം. വൃക്ഷത്തിന്റെ തായ്‌വേര് ലംബമായി വളര്‍ന്ന് പോഷണങ്ങളുടെ വിശ്വസനീയമായ വിതരണം ഉറപ്പാക്കുന്നു. ആ പ്രധാന വേരില്‍ നിന്ന്, വേരുകള്‍ തിരശ്ചീനമായി പരന്ന് വൃക്ഷത്തിന് ജീവിതകാലം മുഴുവന്‍ ഈര്‍പ്പവും പോഷകങ്ങളും നല്‍കുന്നു. സങ്കീര്‍ണ്ണമായ ഈ വേരുപടലം പലപ്പോഴും വൃക്ഷത്തേക്കാള്‍ വളരെ വലുതായി വളരുകയും ഒരു ജീവന്‍രക്ഷാ ചാലകമായും തായ്ത്തടിയെ സ്ഥിരമായി നിര്‍ത്തുന്നതിനുള്ള നങ്കൂരമായും വര്‍ത്തിക്കുന്നു.

ഈ കരുത്തുറ്റ വൃക്ഷങ്ങളെപ്പോലെ, നമുക്കു ജീവന്‍ നല്‍കുന്ന വളര്‍ച്ചയുടെ ഭൂരിഭാഗവും ഉപരിതലത്തിനടിയിലാണ്. വിതെക്കുന്നവന്റെ ഉപമ യേശു ശിഷ്യന്മാര്‍ക്ക് വിശദീകരിച്ചപ്പോള്‍, പിതാവിനോടൊപ്പമുള്ള വ്യക്തിബന്ധത്തില്‍ ഉറച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം അവന്‍ ഊന്നിപ്പറഞ്ഞു. തിരുവെഴുത്തുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ നാം ദൈവത്തെക്കുറിച്ചുള്ള അറിവില്‍ വളരുമ്പോള്‍ നമ്മുടെ വിശ്വാസ വേരുകള്‍ അവന്റെ ആത്മാവിനാല്‍ നിലനിര്‍ത്തപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍, പരീക്ഷകള്‍, പീഡനങ്ങള്‍, ഉത്കണ്ഠകള്‍ എന്നിവയിലൂടെ അഭിവൃദ്ധി പ്രാപിക്കാന്‍ ദൈവം തന്റെ അനുഗാമികളെ സഹായിക്കുന്നു (മത്തായി 13:18-23).

നമ്മുടെ സ്‌നേഹനിധിയായ പിതാവ് തന്റെ വചനത്താല്‍ നമ്മുടെ ഹൃദയങ്ങളെ പോഷിപ്പിക്കുന്നു. അവിടുത്തെ ആത്മാവ് നമ്മുടെ സ്വഭാവത്തെ രൂപാന്തരപ്പെടുത്തുമ്പോള്‍, നമ്മുടെ ആഴത്തില്‍ വേരൂന്നിയ വിശ്വാസത്തിന്റെ ഫലം നമുക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് വ്യക്തമാകുമെന്ന് അവന്‍ ഉറപ്പാക്കുന്നു.