മറ്റുള്ളവരെ സേവിക്കുമ്പോള്‍ സ്വയം ക്ഷീണിച്ചുപോകുന്നവരില്‍ ഒരു ക്രമമായ രീതി ഒരു മനോരോഗവിദഗ്ദ്ധന്‍ ഒരിക്കല്‍ ശ്രദ്ധിച്ചു. ആദ്യത്തെ അപായ സൂചന ക്ഷീണമാണ്. അടുത്തതായി വരുന്നത് ഒരിക്കലും മെച്ചപ്പെടാത്തതിനെക്കുറിച്ചുള്ള പാരുഷ്യം, പിന്നെ കൈപ്പ്, നിരാശ, വിഷാദം, ഒടുവില്‍ തളര്‍ന്നുപോകല്‍.

തകര്‍ന്ന സ്വപ്‌നങ്ങളില്‍ നിന്ന് കരകയറുന്നതിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയ ശേഷം, ഞാന്‍ ഒരിക്കല്‍ കോണ്‍ഫറന്‍സ് പ്രസംഗങ്ങളുടെ തിരക്കേറിയ ഒരു സമയത്തിലേക്കു പ്രവേശിച്ചു. നിരാശയ്ക്കുശേഷം പ്രത്യാശ കണ്ടെത്താന്‍ വ്യക്തികളെ സഹായിക്കുന്ന ശുശ്രൂഷ മികച്ച നിലയില്‍ പ്രതിഫലം തരുന്നതായിരുന്നുവെങ്കിലും വളരെ വില കൊടുക്കേണ്ടതായ ഒന്നായിരുന്നു. ഒരു ദിവസം, സ്റ്റേജിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍, ഞാന്‍ മയങ്ങിപ്പോകുമെന്നെനിക്കു തോന്നി. ഞാന്‍ നന്നായി ഉറങ്ങിയിട്ടില്ലായിരുന്നു, ഒരു അവധിക്കാലം എന്റെ ക്ഷീണം പരിഹരിച്ചിട്ടില്ല, മറ്റൊരാളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനെക്കുറിച്ചുള്ള ചിന്ത എന്നെ ഭയപ്പെടുത്തി. ഈ മനോരോഗവിദഗ്ദ്ധന്‍ വിവരിച്ച മാതൃക ഞാന്‍ പിന്തുടരുകയായിരുന്നു.

തളര്‍ന്നുപോകുന്നതിനെ അതിജീവിക്കാന്‍ തിരുവെഴുത്ത് രണ്ട് തന്ത്രങ്ങള്‍ നമുക്കു നല്‍കുന്നു. യെശയ്യാവു 40-ല്‍, ക്ഷീണിതനായ ആത്മാവ് യഹോവയില്‍ പ്രത്യാശിക്കുമ്പോള്‍ അത് പുതുക്കപ്പെടുന്നു (വാ. 29-31). എന്റെ സ്വന്ത ശക്തിയില്‍ കാര്യങ്ങള്‍ നടത്തി തളര്‍ച്ചയിലേക്ക് നീങ്ങുന്നതിനുപകരം, ഞാന്‍ ദൈവത്തില്‍ വിശ്രമിക്കുകയും ജോലി ചെയ്യുവാന്‍ അവനില്‍ ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ യൗവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം ദൈവം നമ്മുടെ വായ്ക്ക് നന്മകൊണ്ടു തൃപ്തിവരുത്തുന്നു എന്ന് 103-ാം സങ്കീര്‍ത്തനം പറയുന്നു (വാ. 5). ഇതില്‍ പാപമോചനവും വീണ്ടെടുപ്പും ഉള്‍പ്പെടുമ്പോള്‍ തന്നേ (വാ. 3-4), സന്തോഷത്തിനും ഉല്ലാസത്തിനുമുള്ള കാര്യങ്ങളും അവനില്‍ നിന്നും വരുന്നു. കൂടുതല്‍ പ്രാര്‍ത്ഥന, വിശ്രമം, ഫോട്ടോഗ്രാഫി പോലുള്ള വിനോദങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഞാന്‍ എന്റെ ദൈനംദിന പദ്ധതികള്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍, എനിക്ക് വീണ്ടും ആരോഗ്യം അനുഭവപ്പെട്ടു തുടങ്ങി.

തളര്‍ച്ച ആരംഭിക്കുന്നത് ക്ഷീണത്തോടെയാണ്. അതു കൂടുതല്‍ മുന്നോട്ടു പോകാതെ തടയാം. ആരാധനയും വിശ്രമവും നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നമുക്കു മറ്റുള്ളവരെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയുന്നു.