എന്റെ അടുക്കള ജാലകത്തിന് തൊട്ടപ്പുറത്ത്, നടുമുറ്റത്തിന്റെ മേല്‍ക്കൂരക്കു താഴെയായി ഒരു പ്രാവ് അവളുടെ കൂടു നിര്‍മ്മിച്ചു. അവള്‍ പുല്ലുകള്‍ ചുണ്ടിലൊതുക്കി സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും മുട്ടകള്‍ ഇട്ട് അടയിരിക്കുന്നതും ഞാന്‍ താല്‍പ്പര്യത്തോടെ വീക്ഷിച്ചു. ഓരോ പ്രഭാതത്തിലും ഞാന്‍ അവളുടെ പുരോഗതി പരിശോധിച്ചു; എന്നാല്‍ ഓരോ പ്രഭാതത്തിലും അവിടെ ഒന്നും സംഭവിച്ചില്ല. പ്രാവിന്‍ മുട്ട വിരിയാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കും.

അത്തരം അക്ഷമ എനിക്ക് പുതിയതല്ല. കാത്തിരിപ്പ് വേളകളില്‍, പ്രത്യേകിച്ച് പ്രാര്‍ത്ഥനയില്‍, ഞാന്‍ എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുന്നു. ഞങ്ങളുടെ ആദ്യത്തെ കുട്ടിയെ ദത്തെടുക്കാന്‍ ഞാനും ഭര്‍ത്താവും അഞ്ച് വര്‍ഷത്തോളം കാത്തിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുത്തുകാരിയായ കാതറിന്‍ മാര്‍ഷല്‍ എഴുതി, ”മുട്ടകള്‍ പോലെ പ്രാര്‍ത്ഥനകളും അവ ഇട്ടാലുടനെ വിരിയുകയില്ല.’

ഹബക്കൂക്് പ്രവാചകന്‍ പ്രാര്‍ത്ഥനയില്‍ പോരാടി കാത്തിരുന്നു. ദക്ഷിണ രാജ്യമായ യെഹൂദയ്‌ക്കെതിരായി ബാബിലോണിന്റെ ക്രൂരമായ ദുഷ്‌പെരുമാറ്റത്തിന്മേലുള്ള ദൈവത്തിന്റെ മൌനം ഹബക്കൂക്കിനെ അസ്വസ്ഥപ്പെടുത്തിയെങ്കിലും ‘അവന്‍ എന്നോട് എന്തരുളിച്ചെയ്യും… എന്നു കാണേണ്ടതിനു’ ദൃഷ്ടിവച്ചുകൊണ്ട് ‘ഞാന്‍ കൊത്തളത്തില്‍നിന്നു കാവല്‍ കാത്തുകൊണ്ട്’ കാത്തിരിക്കും എന്നു ഹബക്കൂക് പറഞ്ഞു (ഹബക്കൂക് 2:1). ദൈവം നിശ്ചയിച്ച് അവധിക്കായി’ ഹബക്കൂക് കാത്തിരിക്കണമെന്നും ദൈവം പറഞ്ഞു (വാ. 3). കൂടാതെ ദര്‍ശനം നിവര്‍ത്തിയായാലുടന്‍ അതു പ്രചരിപ്പിക്കാന്‍ കഴിയേണ്ടതിന് ‘ദര്‍ശനം എഴുതിവയ്ക്കാന്‍” ദൈവം നിര്‍ദ്ദേശിക്കുന്നു (വാ. 2).

ബാബിലോണിന്റെ പതനത്തിനായി ദൈവം നിശ്ചയിച്ച സമയം ആറു പതിറ്റാണ്ടുകള്‍ അകലെയാണെന്ന് -അല്ലെങ്കില്‍ വാഗ്ദത്തവും നിവൃത്തിയും തമ്മില്‍ ഒരു നീണ്ട വിടവ് ഉണ്ടെന്ന കാര്യം – മാത്രം ദൈവം പറഞ്ഞില്ല. മുട്ടകള്‍പോലെ, പ്രാര്‍ത്ഥനകള്‍ പലപ്പോഴും ഉടനടി വിരിയാറില്ല, മറിച്ച് നമ്മുടെ ലോകത്തിനും നമ്മുടെ ജീവിതത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ അതിപ്രധാനമായ ഉദ്ദേശ്യങ്ങളില്‍ അവ അടവെച്ചിരിക്കുകയാണ്.