1939 നവംബര്‍ 27 ന് അമേരിക്കയിലെ പ്രശസ്തമായ സിനിമാ നിര്‍മ്മാണ മേഖലയായ ‘ഹോളിവുഡിനു’ പുറത്ത് മാലിന്യക്കൂമ്പാരത്തിനിടയില്‍ മൂന്ന് നിധി വേട്ടക്കാര്‍ കുഴിക്കാനാരംഭിച്ചു. അതു ചിത്രീകരിക്കാനായി ഒരു ഫിലിം ക്രൂവും ഒപ്പമുണ്ടായിരുന്നു. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെ കുഴിച്ചിട്ടതായി അഭ്യൂഹമുണ്ടായിരുന്ന സ്വര്‍ണം, വജ്രം, പവിഴം എന്നിവ അടങ്ങിയ നിധി അന്വേഷിക്കുകയായിരുന്നു അവര്‍.
അവര്‍ ഒരിക്കലും അതു കണ്ടെത്തിയില്ല. ഇരുപത്തിനാല് ദിവസം കുഴിച്ചതിനുശേഷം അവര്‍ ഒരു പാറക്കല്ലില്‍ തട്ടി നിര്‍ത്തി. അവര്‍ ആകെ നേടിയത് ഒന്‍പത് അടി വീതിയും നാല്‍പ്പത്തിരണ്ട് അടി ആഴവുമുള്ള ഒരു കുഴി മാത്രമായിരുന്നു. അവര്‍ നിരാശരായി മടങ്ങി.
തെറ്റ് സംഭവിക്കുന്നത് മാനുഷികമാണ് – നാമെല്ലാവരും ചിലപ്പോള്‍ പരാജയപ്പെടുന്നു. ചെറുപ്പക്കാരനായ മര്‍ക്കൊസ് ഒരു മിഷനറി യാത്രയില്‍ പൗലൊസിനെയും ബര്‍ന്നബാസിനെയും വിട്ടുപോയതായും ”അവരോടൊപ്പം പ്രവൃത്തിക്കു വരാതിരുന്നതായും” തിരുവെഴുത്ത് പറയുന്നു. ഇക്കാരണത്താല്‍, തന്റെ അടുത്ത യാത്രയില്‍ ”അവനെ കൂട്ടിക്കൊണ്ടു പോകുന്നത് യോഗ്യമല്ല” എന്നു പൗലൊസ് കരുതി (പ്രവൃത്തികള്‍ 15:38). ഇത് ബര്‍ന്നബാസുമായി കടുത്ത വിയോജിപ്പിന് കാരണമായി. തന്റെ പ്രാരംഭ പരാജയങ്ങള്‍ക്കിടയിലും, മര്‍ക്കൊസ് വര്‍ഷങ്ങള്‍ക്കുശേഷം അത്ഭുതകരമായ രീതിയില്‍ രംഗത്തുവരുന്നു. ജീവിതാവസാനം പൗലൊസ് ഏകാന്തതയിലും ജയിലിലും ആയിരുന്നപ്പോള്‍, ‘മര്‍ക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനാകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക” (2 തിമൊഥെയൊസ് 4:11) എന്ന് തിമൊഥെയൊസിന് എഴുതുകയും ചെയ്തു. അവന്റെ പേര് വഹിക്കുന്ന സുവിശേഷം എഴുതാന്‍ ദൈവം മര്‍ക്കൊസിനെ പ്രേരിപ്പിച്ചു.
നമ്മുടെ തെറ്റുകളും പരാജയങ്ങളും നാം തനിയെ അഭിമുഖീകരിക്കാന്‍ ദൈവം നമ്മെ വിടുകയില്ലെന്ന് മര്‍ക്കൊസിന്റെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. എല്ലാ തെറ്റുകളേക്കാളും വലിയ ഒരു സ്നേഹിതന് നമുക്കുണ്ട്. നാം നമ്മുടെ രക്ഷകനെ പിന്തുടരുമ്പോള് നമുക്ക് ആവശ്യമായ സഹായവും ശക്തിയും അവന് നമുക്കു നല്‍കും.
അടുത്തയിടെ നിങ്ങള്‍ അഭിമുഖീകരിച്ച തെറ്റുകള്‍ അല്ലെങ്കില്‍ പരാജയങ്ങള്‍ എന്തെല്ലാമാണ്? പ്രാര്‍ഥനയില്‍ ദൈവവുമായി അവ പങ്കിട്ടപ്പോള്‍ നിങ്ങള്‍ ഏതു വിധത്തില്‍ ദൈവത്തിന്റെ ശക്തി കണ്ടെത്തി?
യേശുവേ, ഞാന്‍ അങ്ങയോട് സംസാരിക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം അങ്ങ് അവിടെ ഉള്ളതിന് നന്ദി. അങ്ങേയ്ക്കു മാത്രം നല്കാന് കഴിയുന്ന ആശ്വാസത്തിനും സഹായത്തിനുമായി ഞാന്‍ അങ്ങയെ സ്തുതിക്കുന്നു!