തന്റെ സഹപ്രവര്‍ത്തകനായ തരുണുമൊത്തുള്ള ഒരു പ്രോജക്ടില്‍ ഉള്‍പ്പെടുത്തപ്പെട്ടപ്പോള്‍ അശോക് ഒരു വലിയ വെല്ലുവിളി നേരിട്ടു: ഇതെങ്ങനെ നടത്താമെന്നതിനെക്കുറിച്ച് അദ്ദേഹത്തിനും തരുണിനും വളരെ വ്യത്യസ്തമായ ആശയങ്ങളാണുണ്ടായിരുന്നത്. അവര്‍ പരസ്പരം അഭിപ്രായങ്ങളെ മാനിക്കുമ്പോള്‍ തന്നേ, അവരുടെ സമാപനങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നതിനാല്‍ തര്‍ക്കം ആസന്നമാണെന്ന് തോന്നി. എന്നിരുന്നാലും, സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ്, രണ്ടുപേരും തങ്ങളുടെ ബോസുമായി അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചു, അദ്ദേഹം അവരെ വ്യത്യസ്ത ടീമുകളില്‍ ഉള്‍പ്പെടുത്തി. അത് ബുദ്ധിപരമായ നീക്കമായി മാറി. ആ ദിവസം അശോക് ഒരു പാഠം പഠിച്ചു: ഐക്യപ്പെടുക എന്നാല്‍ എല്ലായ്‌പ്പോഴും ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യുക എന്നല്ല.

താനും ലോത്തും ബെഥേല്‍ മുതല്‍ രണ്ടു വഴിക്കു തിരിയണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ അബ്രഹാം ഈ സത്യം മനസ്സിലാക്കിയിരിക്കണം (ഉല്പത്തി 13:5-9). അവരുടെ രണ്ടുപേരുടെയും ആട്ടിന്‍കൂട്ടങ്ങള്‍ക്കു വേണ്ടത്ര ഇടമില്ലെന്ന് കണ്ട അബ്രഹാം വിവേകപൂര്‍വ്വം പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആദ്യം, ‘തങ്ങള്‍ സഹോദരന്മാരാണ്” (വാ. 8), എന്നു പറഞ്ഞുകൊണ്ട് തങ്ങളുടെ ബന്ധത്തെക്കുറിച്ച് ലോത്തിനെ ഓര്‍മ്മപ്പെടുത്തുന്നു. പിന്നെ, അബ്രഹാം മുതിര്‍ന്ന ആളാണെങ്കിലും ഏറ്റവും വിനയത്തോടെ, തന്റെ സഹോദരപുത്രനെ ആദ്യ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചു (വാ. 9). ഒരു പാസ്റ്റര്‍ വിവരിച്ചതുപോലെ, ഇത് ”സ്വരച്ചേര്‍ച്ചയുള്ള വേര്‍പിരിയല്‍’ ആയിരുന്നു.

ദൈവത്താല്‍ അതുല്യമായി സൃഷ്ടിക്കപ്പെട്ടതിനാല്‍, ഒരേ ലക്ഷ്യം നേടുന്നതിന് നാം ചിലപ്പോള്‍ പ്രത്യേകം പ്രത്യേകം പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. വൈവിധ്യത്തില്‍ ഒരു ഐക്യമുണ്ട്. എന്നിരുന്നാലും, നാം ഇപ്പോഴും ദൈവകുടുംബത്തിലെ സഹോദരങ്ങളാണെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. നാം കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്‌തേക്കാം, പക്ഷേ ഉദ്ദേശ്യത്തില്‍ നാം ഐക്യതയോടെ തുടരുന്നു.