ആമസോണിന്റെ ശബ്ദ-നിയന്ത്രിത ഉപകരണമായ അലക്സയ്ക്ക് രസകരമായ ഒരു സവിശേഷതയുണ്ട്: അതിന് നിങ്ങള്‍ പറയുന്നതെല്ലാം മായ്ക്കാനാകും. നിങ്ങള്‍ അലക്സയോട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്തും, വീണ്ടെടുക്കാന്‍ നിങ്ങള്‍ അലക്സയോട് ആവശ്യപ്പെട്ട ഏത് വിവരവും ഒരു ലളിതമായ വാചകത്തിലൂടെ (”ഇന്ന് ഞാന്‍ പറഞ്ഞതെല്ലാം മായിക്കുക”) മായിച്ചുകളയുന്നു – അത് ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതു പോലെ. നമ്മുടെ ജീവിതത്തിന് ഈ കഴിവ് ഇല്ലാത്തത് വളരെ മോശമാണ്. തെറ്റായി സംസാരിക്കുന്ന ഓരോ വാക്കും, നിന്ദ്യമായ ഓരോ പ്രവൃത്തിയും, മായ്ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് നമ്മള് ആഗ്രഹിക്കുന്ന ഓരോ നിമിഷവും – നാം ഒരു കല്‍പ്പന കൊടുക്കുക മാത്രമേ വേണ്ടൂ, മുഴുവന്‍ കുഴപ്പങ്ങളും അപ്രത്യക്ഷമാകും.
എങ്കിലും ഒരു നല്ല വാര്‍ത്തയുണ്ട്. ദൈവം നമ്മില്‍ ഓരോരുത്തര്‍ക്കും സംശുദ്ധമായ തുടക്കം വാഗ്ദാനം ചെയ്യുന്നു. നമ്മുടെ തെറ്റുകള്‍ അല്ലെങ്കില്‍ മോശം പെരുമാറ്റം ഇല്ലാതാക്കുന്നതിനേക്കാള്‍ വളരെ ആഴത്തിലാണ് അവിടുന്ന് ചെയ്യുന്നത്. ദൈവം വീണ്ടെടുപ്പ് നല്കുന്നു, ആഴത്തിലുള്ള രോഗശാന്തി നമ്മെ രൂപാന്തരപ്പെടുത്തുകയും പുതിയവരാക്കുകയും ചെയ്യുന്നു. ”ഞാന്‍ നിങ്ങളെ വീണ്ടെടുത്തിരിക്കുന്നു” (യെശയ്യാവ് 44:22) . യിസ്രായേല്‍ മത്സരിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്തെങ്കിലും, ദൈവം അവരെ വളരെ കരുണയോടെ സമീപിച്ചു. ‘ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു” (വാ. 22). അവരുടെ ലജ്ജയും പരാജയങ്ങളും എല്ലാം അവന് ശേഖരിക്കുകയും തന്റെ വിശാലമായ കൃപയാല്‍ അവരെ കഴുകുകയും ചെയ്തു.
നമ്മുടെ പാപവും ഭോഷത്തവും ദൈവം ഇതുപോലെ നീക്കിക്കളയും. അവന് പരിഹരിക്കാനാകാത്ത തെറ്റില്ല, അവനു സുഖപ്പെടുത്താനാകാത്ത മുറിവില്ല. ദൈവത്തിന്റെ കരുണ നമ്മുടെ ആത്മാവിലെ ഏറ്റവും വേദനാജനകമായ സ്ഥലങ്ങളെ സുഖപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യുന്നു – ദീര്‍ഘകാലമായി നാം മറച്ചുവെച്ചിരിക്കുന്നവയെ പോലും. അവന്റെ കരുണ നമ്മുടെ കുറ്റബോധം ഇല്ലാതാക്കുന്നു, എല്ലാ ഖേദവും കഴുകിക്കളയുന്നു.
ഏതു ഭാഗത്താണ് നിങ്ങള്‍ കൂടുതല്‍ പരാജയപ്പെട്ടിരക്കുന്നതെന്നാണ് നിങ്ങള്‍ക്ക് അറിയാവുന്നത്? നിങ്ങളുടെ തെറ്റുകള്‍ എല്ലാം തുടച്ചുനീക്കുന്ന ദൈവത്തിന്റെ പ്രതിച്ഛായ നിങ്ങള്‍ക്ക് പ്രത്യാശ നല്കുന്നതെങ്ങനെ?
ഒരുപാടു മനസ്താപങ്ങള്‍; വ്യത്യസ്തമായി ചെയ്യാമായിരുന്ന ഒരുപാടു കാര്യങ്ങള്‍. ദൈവമേ, എന്നോട് ക്ഷമിക്കാനും എന്നെ സുഖപ്പെടുത്താനും അങ്ങേയ്ക്കു കഴിയുമെന്ന് എന്നോടു പറയണമേ. അങ്ങയുടെ കരുണയ്ക്കും കൃപയ്ക്കും നന്ദി.