”പഴകിയ മദ്യവും നിരാശയും നിറഞ്ഞവനായി എന്റെ കട്ടിലില്‍ ഞാന്‍ കിടക്കുന്നു,” ഗവണ്‍മെന്റിന്റെ രഹസ്യ ഏജന്റായി ജോലി ചെയ്യുന്നതിനിടെ വളരെ മോശമായ ഒരു സായാഹ്നത്തെക്കുറിച്ച് ഒരു പ്രസിദ്ധന്‍ എഴുതി. ”പ്രപഞ്ചത്തില്‍, നിത്യതയില്‍, ഒറ്റയ്ക്ക്, ഒരു തരി വെളിച്ചമില്ലാതെ.”

അത്തരമൊരു അവസ്ഥയില്‍, ബുദ്ധിപരമെന്ന് തോന്നിയ ഒരേയൊരു കാര്യം അയാള്‍ ചെയ്തു; അവന്‍ മുങ്ങിമരിക്കാന്‍ ശ്രമിച്ചു. തൊട്ടടുത്ത ബീച്ചിലേക്ക് കാറോടിച്ച അയാള്‍ തളര്‍ന്നുപോകുന്നതുവരെ സമുദ്രത്തിലേക്ക് നീണ്ട നീന്തല്‍ ആരംഭിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ വിദൂരത്ത് ബീച്ചിലെ വിളക്കുകള്‍ മിന്നുന്നതു കണ്ടു. ആ സമയത്ത് അയാള്‍ വ്യക്തമായ ഒരു കാരണവുമില്ലാതെ, വീണ്ടും വെളിച്ചത്തിനുനേരെ തിരിച്ചു നീന്താന്‍ തുടങ്ങി. ക്ഷീണമുണ്ടായിട്ടും, ‘അത്യധികം സന്തോഷം’ അനുഭവപ്പെട്ടതായി അയാള്‍ ഓര്‍മ്മിക്കുന്നു.

അതെങ്ങനെയെന്ന് മഗറിഡ്ജിന് കൃത്യമായി അറിയില്ലായിരുന്നു, പക്ഷേ ആ ഇരുണ്ട നിമിഷത്തില്‍ ദൈവം തന്റെയടുത്തേക്കെത്തി അമാനുഷികമായ ഒരു പ്രത്യാശ അയാളിലേക്കു സന്നിവേശിപ്പിച്ചു. അത്തരം പ്രത്യാശയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും എഴുതിയിട്ടുണ്ട്. ക്രിസ്തുവിനെ അറിയുന്നതിനുമുമ്പ് നാം ഓരോരുത്തരും ”നമ്മുടെ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരും” ‘ലോകത്തില്‍ ദൈവമില്ലാത്തവരും” ആയിരുന്നു എന്നും എഫെസ്യര്‍ക്ക് പൗലൊസ് എഴുതി (2:1, 12). എന്നാല്‍ ”കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്‌നേഹിച്ച മഹാസ്‌നേഹം നിമിത്തം … നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിച്ചു” (വാ. 4-5).

ഈ ലോകം നമ്മെ ആഴത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നു, പക്ഷേ നിരാശയ്ക്ക് വഴങ്ങാന്‍ ഒരു കാരണവുമില്ല. കടലില്‍ നീന്തുന്നതിനെക്കുറിച്ച് മഗറിഡ്ജ് പറഞ്ഞതുപോലെ, ”ഇരുട്ട് ഇല്ലെന്ന് എനിക്ക് വ്യക്തമായി, നിത്യമായി പ്രകാശിക്കുന്ന ഒരു പ്രകാശത്തിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത മാത്രമേയുള്ളു.”