ഗൗരവുമായുള്ള എന്റെ സംഭാഷണത്തിനുശേഷം, ഷേക്ക് ഹാന്‍ഡിനു പകരം അവന് ഇഷ്ടപ്പെട്ട അഭിവാദ്യം ”മുഷ്ടി കൂട്ടിമുട്ടിക്കല്‍” ആയിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. ഒരു ഹാന്‍ഡ്ഷേക്ക് അവന്റെ കൈത്തണ്ടയിലെ പാടുകള്‍ വെളിപ്പെടുത്തുമായിരുന്നു. സ്വയം മുറിവേല്പിക്കാനുള്ള അവന്റെ ശ്രമത്തിന്റെ ഫലമായുണ്ടായതായിരുന്നു അത്. മറ്റുള്ളവര്‍ മൂലമുണ്ടായതോ സ്വയം വരുത്തിയതോ ആയ, ബാഹ്യമോ ആന്തരികമോ ആയ മുറിവുകള്‍ മറയ്ക്കുന്നത് അസാധാരണമല്ല.

ഗൗരവുമായുള്ള ആ കൂട്ടിമുട്ടലിനുശേഷം യേശുവിന്റെ മുറിവടയാളങ്ങളെക്കുറിച്ച് – അവന്റെ കൈയിലും കാലിലുമുള്ള ആണിപ്പാടുകളും വിലാപ്പുറത്ത് കുന്തം കുത്തിയിറക്കിയതിന്റെ പാടും – ഞാന്‍ ചിന്തിച്ചു. അവ മറച്ചു വയ്ക്കുന്നതിനു പകരം ക്രിസ്തു അവയിലേക്ക് ശ്രദ്ധ ക്ഷണിച്ചു.

യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവെന്ന് തോമസ് ആദ്യം സംശയിച്ചതിനെത്തുടര്‍ന്ന് യേശു അവനോടു പറഞ്ഞു, ”നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കുക’ (യോഹന്നാന്‍ 20:27). തോമസ് ആ അടയാളങ്ങള്‍ നേരില്‍ കാണുകയും ക്രിസ്തുവിന്റെ അത്ഭുതകരമായ വാക്കുകള്‍ കേള്‍ക്കുയും ചെയ്തപ്പോള്‍, അത് യേശുവാണെന്ന് അവനു ബോധ്യമായി. ”എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ!” എന്ന് അവന്‍ വിശ്വാസത്തോടെ പറഞ്ഞു (വാ. 28). തന്നെയോ അവന്റെ ശാരീരിക മുറിവുകളെയോ കാണാത്തവരും എന്നിട്ടും അവനില്‍ വിശ്വസിക്കുന്നവരുമായവര്‍ക്ക് യേശു ഒരു പ്രത്യേക അനുഗ്രഹം പ്രഖ്യാപിച്ചു: ”കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍” (വാ. 29).

എക്കാലത്തെയും മികച്ച വാര്‍ത്ത അവന്റെ ആണിപ്പാടുകള്‍ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയാണ് എന്നതാണ് – മറ്റുള്ളവരുടെ നേരെയോ നമ്മോടുതന്നേയോ ഉള്ള പാപങ്ങള്‍. യേശുവിന്റെ മരണം അവനില്‍ വിശ്വസിക്കുകയും തോമസിനെപ്പോലെ ”എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ!” എന്ന് ഏറ്റുപറയുകയും ചെയ്യുന്ന എല്ലാവരുടെയും പാപമോചനത്തിനാണ്.