ലോകം അവഗണിച്ചേക്കാവുന്ന ആളുകളെ ഉപയോഗിക്കാന്‍ ദൈവം ഇഷ്ടപ്പെടുന്നു. 1700-കളില്‍ ഒരു ചെറിയ ഗ്രാമത്തിലാണ് വില്യം കാരി വളര്‍ന്നത്, അദ്ദേഹത്തിന് വിദ്യാഭ്യാസം തീരെയില്ലായിരുന്നു. താന്‍ തിരഞ്ഞെടുത്ത തൊഴിലില്‍ കാര്യമായ വിജയം നേടാനാവാതെ അദ്ദേഹം ദാരിദ്ര്യത്തില്‍ ജീവിച്ചു. എന്നാല്‍ സുവാര്‍ത്ത പങ്കുവെക്കാനുള്ള ഒരു അഭിനിവേശം ദൈവം അവനു നല്‍കി അവനെ ഒരു മിഷനറിയായി വിളിച്ചു. കാരി ഗ്രീക്ക്, ഹീബ്രു, ലാറ്റിന്‍ ഭാഷകള്‍ പഠിക്കുകയും ഒടുവില്‍ ആദ്യമായി പുതിയ നിയമം ബംഗാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഇന്ന് അദ്ദേഹത്തെ ”ആധുനിക മിഷനറി പ്രസ്ഥാനങ്ങളുടെ പിതാവായി” കണക്കാക്കുന്നു. എന്നാല്‍ തന്റെ അനന്തരവന് എഴുതിയ ഒരു കത്തില്‍ അദ്ദേഹം തന്റെ കഴിവുകളെക്കുറിച്ച് വളരെ എളിയ നിലയിലാണ് വിലയിരുത്തിയത്്: ”എനിക്ക് കഠിനമായി അധ്വാനിക്കാന്‍ കഴിയും. എനിക്ക് സ്ഥിരോത്സാഹം കാണിക്കാന്‍ കഴിയും.’

ദൈവം നമ്മെ ഒരു ദൗത്യത്തിലേക്ക് വിളിക്കുമ്പോള്‍, നമ്മുടെ പരിമിതികള്‍ കണക്കിലെടുക്കാതെ അത് നിറവേറ്റാനുള്ള ശക്തിയും അവന്‍ നല്‍കുന്നു. ന്യായാധിപന്മാര്‍ 6:12-ല്‍ കര്‍ത്താവിന്റെ ദൂതന്‍ ഗിദെയോന് പ്രത്യക്ഷനായി, ‘അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്’ എന്നു പറഞ്ഞു. തങ്ങളുടെ പട്ടണങ്ങളും വിളകളും കൊള്ളയടിക്കുന്ന മിദ്യാന്യരില്‍ നിന്ന് യിസ്രായേലിനെ രക്ഷിക്കാന്‍ ദൂതന്‍ അവനോടു പറഞ്ഞു. ”പരാക്രമശാലി” എന്ന പദവി നേടാന്‍ തക്കവിധം ഒന്നും ചെയ്തിട്ടില്ലാത്ത ഗിദെയോന്‍ താഴ്മയോടെ പ്രതികരിച്ചു, ”ഞാന്‍ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും?… ഞാന്‍ ചെറിയവനും അല്ലോ’ (വാ. 15). എന്നിട്ടും, തന്റെ ജനത്തെ മോചിപ്പിക്കാന്‍ ദൈവം ഗിദെയോനെ ഉപയോഗിച്ചു.

ഗിദെയോന്റെ വിജയത്തിന്റെ താക്കോല്‍ ‘യഹോവ നിന്നോടുകൂടെ ഉണ്ട്” (വാ. 12) എന്ന വാക്കുകളിലുണ്ട്. നാം താഴ്മയോടെ നമ്മുടെ രക്ഷകനോടൊപ്പം നടക്കുകയും അവന്റെ ശക്തിയില്‍ ആശ്രയിക്കുകയും ചെയ്യുമ്പോള്‍, അവനിലൂടെ മാത്രം സാധ്യമായത് നിറവേറ്റാന്‍ അവിടുന്ന് നമ്മെ ശക്തിപ്പെടുത്തും.