രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ഇരുപത്തിയൊമ്പത് വര്‍ഷം, തന്റെ രാജ്യം കീഴടങ്ങിയെന്ന് വിശ്വസിക്കാന്‍ വിസമ്മതിച്ച ഒരു ജാപ്പനീസ് പടയാളി ഹിറൂ ഒനോഡ കാട്ടില്‍ ഒളിച്ചു താമസിച്ചു. ഫിലിപ്പീന്‍സിനു കീഴിലുള്ള ഒരു വിദൂര ദ്വീപില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തെ നിരീക്ഷിക്കുന്നതിനായി ജാപ്പനീസ് സൈനിക നേതാക്കള്‍ അയാളെ അയച്ചതായിരുന്നു. സമാധാന ഉടമ്പടി ഒപ്പുവയ്ക്കുകയും ശത്രുത അവസാനിപ്പിക്കുകയും ചെയ്തതിനുശേഷവും അയാള്‍ ആ വിജനഭൂമിയില്‍ തുടര്‍ന്നു. 1974-ല്‍, അയാളുടെ കമാന്‍ഡിംഗ് ഓഫീസര്‍ ആ ദ്വീപിലെത്തി അയാളെ കണ്ടെത്തി വസ്തുത ബോധ്യപ്പെടുത്തിയ ശേഷമാണ് അയാള്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയത്.

മൂന്നു ദശാബ്ദത്തോളം ഈ മനുഷ്യന്‍ പരിമിതമായ സാഹചര്യത്തില്‍ ഒറ്റപ്പെട്ടാണ് ജീവിച്ചിരുന്നത്, കാരണം കീഴടങ്ങാന്‍ അയാള്‍ വിസമ്മതിച്ചു – അഥവാ സംഘര്‍ഷം അവസാനിച്ചതായി വിശ്വസിക്കാന്‍ വിസമ്മതിച്ചു. നമുക്കും സമാനമായ തെറ്റ് ചെയ്യാന്‍ കഴിയും. ”യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്‌നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്‌നാനം ഏറ്റിരിക്കുന്നു” എന്ന അതിശയകരമായ സത്യം പൗലൊസ് പ്രഖ്യാപിക്കുന്നു (റോമര്‍ 6:3). ക്രൂശില്‍, ശക്തവും മാര്‍മ്മികവുമായ രീതിയില്‍, യേശു സാത്താന്റെ ഭോഷ്‌കുകളെയും മരണത്തിന്റെ ഭീകരതയെയും പാപത്തിന്റെ ദൃഢമായ പിടിത്തത്തെയും വധിച്ചു. നാം ‘പാപസംബന്ധമായി മരിച്ചു’ ‘ദൈവത്തിനു ജീവിക്കുന്നവര്‍’ (വാ. 11) ആണെങ്കിലും, തിന്മയ്ക്കാണ് ഇപ്പോഴും ശക്തി എന്ന മട്ടിലാണ് നാം പലപ്പോഴും ജീവിക്കുന്നത്. നാം പ്രലോഭനത്തിന് വഴങ്ങുന്നു, പാപത്തിന്റെ വഞ്ചനയ്ക്കു കീഴടങ്ങുന്നു. യേശുവിനെ വിശ്വസിക്കാന്‍ തയ്യാറാകാതെ ഭോഷ്‌കില്‍ ശ്രദ്ധിക്കുന്നു. പക്ഷേ, നാം കീഴടങ്ങേണ്ടതില്ല. തെറ്റായ ആഖ്യാനത്തില്‍ നാം ജീവിക്കേണ്ടതില്ല. ദൈവകൃപയാല്‍ നമുക്ക് ക്രിസ്തുവിന്റെ വിജയത്തിന്റെ യഥാര്‍ത്ഥ കഥയെ ആശ്ലേഷിക്കാന്‍ കഴിയും.

നാം ഇപ്പോഴും പാപവുമായി മല്ലടിക്കുമ്പോള്‍, യേശു യുദ്ധം ജയിച്ചുകഴിഞ്ഞു എന്ന തിരിച്ചറിവിലൂടെയാണ് വിമോചനം ലഭിക്കുന്നത്. അവിടുത്തെ ശക്തിയില്‍ നമുക്ക് ആ സത്യത്തെ ജീവിച്ചു കാണിക്കാം.