ഒരു സ്ത്രീ എന്നോട് മോശമായി പെരുമാറുകയും എന്നെ കുറ്റപ്പെടുത്തുകയും എന്നെക്കുറിച്ച് ദുഷ്പ്രചരണം നടത്തുകയും ചെയ്തപ്പോള്‍ എന്റെ കോപം വര്‍ദ്ധിച്ചു. അവള് എന്താണ് ചെയ്തതെന്ന് എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു – അതായത് അവളുടെ പെരുമാറ്റം കാരണം ഞാന്‍ അനുഭവിച്ചതുപോലെ അവളും അനുഭവിക്കണമെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ചെന്നി കുത്തിത്തുളയ്ക്കുന്നതു പോലെയുള്ള തലവേദന എനിക്കുണ്ടാകുന്നതുവരെ നീരസം എന്നില്‍ പുകഞ്ഞു. എന്നാല്‍ എന്റെ വേദന മാറുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ പരിശുദ്ധാത്മാവ് എനിക്ക് കുറ്റബോധം നല്കി. ആശ്വാസത്തിനായി ദൈവത്തോട് യാചിക്കുമ്പോള്‍ എനിക്ക് എങ്ങനെ പ്രതികാരത്തിനു പദ്ധതിയിടാന്‍ കഴിയും? അവന് എന്നെ പരിപാലിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നെങ്കില്‍, ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഞാന്‍ അവനെ വിശ്വസിക്കാത്തത് എന്തുകൊണ്ട്? എന്നെ വേദനിപ്പിക്കുന്ന ആളുകള്‍ പലപ്പോഴും മറ്റുള്ളവരെയും വേദനിപ്പിക്കുന്നവരാണ് എന്നറിഞ്ഞുകൊണ്ട് ആ സ്ത്രീയോട് ക്ഷമിക്കുന്നതിനും നിരപ്പിനായി ശ്രമിക്കുന്നതിനും എന്നെ സഹായിക്കാന്‍ ഞാന്‍ ദൈവത്തോട് അപേക്ഷിച്ചു.
അന്യായമായ പെരുമാറ്റം സഹിക്കുമ്പോള്‍ ദൈവത്തിലാശ്രയിക്കുന്നതിനുള്ള ബുദ്ധിമുട്ട് സങ്കീര്‍ത്തനക്കാരനായ ദാവീദ് മനസ്സിലാക്കിയിരുന്നു. സ്നേഹമുള്ള ഒരു ദാസനായി വര്‍ത്തിക്കുവാന്‍ ദാവീദ് പരമാവധി ശ്രമിച്ചെങ്കിലും ശൗല്‍ രാജാവ് അസൂയാലുവായി അവനെ കൊല്ലുവാന്‍ ആഗ്രഹിച്ചു (1 ശമൂവേല്‍ 24:1-2). ദൈവം അവനുവേണ്ടി പ്രവര്‍ത്തിക്കുകയും അവനെ സിംഹാസനത്തിലെത്തിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും ദാവീദ് കഷ്ടപ്പെട്ടു, എങ്കിലും പ്രതികാരം അന്വേഷിക്കുന്നതിനുപകരം ദൈവത്തെ മാനിക്കാന്‍ അവന് തീരുമാനിച്ചു (വാ. 3-7). ശൗലുമായി അനുരഞ്ജനപ്പെടുന്നതിനായി താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവന് ചെയ്യുകയും അതിന്റെ ഫലം ദൈവത്തിനു വിട്ടുകൊടുക്കുകയും ചെയ്തു (വാ. 8-22).
മറ്റുള്ളവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടും രക്ഷപ്പെടുന്നുവെന്ന് തോന്നുമ്പോള്‍, ആ അനീതിയോട് പൊരുത്തപ്പെടാന്‍ നാം പൊരുതുന്നു. എന്നാല്‍ നമ്മുടെ ഹൃദയത്തിലും മറ്റുള്ളവരുടെ ഹൃദയത്തിലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ കാരുണ്യത്താല്‍, അവന് നമ്മോടു ക്ഷമിച്ചതുപോലെ നമുക്ക് ക്ഷമിക്കാനും അവന് നമുക്കായി ഒരുക്കിയിട്ടുള്ള അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും കഴിയും.
പാപം വിജയിക്കുന്നുവെന്ന് തോന്നുമ്പോള്‍ ദൈവം പൂര്‍ണ്ണതയുള്ളവനും സ്നേഹനിധിയും നല്ലവനും നിയന്ത്രണവുമുള്ളവനാണെന്ന് വിശ്വസിക്കുന്നത് നിങ്ങളെ എങ്ങനെയാണ് സഹായിക്കുക? ആരോടാണ് നിങ്ങള്‍ ക്ഷമിക്കുകയും ദൈവത്തിന്റെ ശക്തിയും കരുണയും ഉള്ള കൈകളില്‍ എല്പിക്കുകയും ചെയ്യേണ്ടതായിട്ടുള്ളത്?
കരുണയുള്ള ദൈവമേ, നീതി എങ്ങനെ വിജയിക്കുന്നുവെന്ന് തീരുമാനിക്കുന്നതില്‍ അങ്ങയെ വിശ്വസിക്കാന്‍ എന്നെ സഹായിക്കണമേ.