കൗമാരപ്രായത്തില്‍ മോഹന്‍ ആത്മവിശ്വാസമുള്ളവനായിരുന്നു. എന്നാല്‍ ആ ആത്മവിശ്വാസം ഒരു മുഖംമൂടിയായിരുന്നു. സത്യത്തില്‍, പ്രക്ഷുബ്ധമായ തന്റെ ഭവനം അവനെ ഭയമുള്ളവനുും അംഗീകാരത്തിനായി ആഗ്രഹിക്കുന്നവനും കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് താനാണ് ഉത്തരവാദി എന്നു തെറ്റായി ധരിക്കുന്നവനും ആക്കിത്തീര്‍ത്തു. ”ഞാന്‍ ഓര്‍ക്കുന്നിടത്തോളം, എല്ലാ ദിവസവും രാവിലെ ഞാന്‍ ബാത്ത്റൂമില്‍ പോയി കണ്ണാടിയില്‍ നോക്കിക്കൊണ്ട് സ്വയം ഉറക്കെ പറയും, നീ ഒരു വിഡ്ഢിയാണ്, നീ വൃത്തികെട്ടവനാണ്, അത് നിന്റെ തെറ്റാണ്.’
ഇരുപത്തിയൊന്നു വയസ്സുള്ളപ്പോള്‍, യേശുവിലുള്ള തന്റെ സ്വത്വത്തെക്കുറിച്ചുള്ള ദൈവിക വെളിപ്പെടുത്തല്‍ അവനുണ്ടാകുന്നതുവരെ മോഹന്റെ ഈ സ്വയ-നിന്ദ തുടര്‍ന്നു. ”ദൈവം എന്നെ നിരുപാധികമായി സ്നേഹിക്കുന്നുവെന്നും അതിന് ഒന്നിനാലും മാറ്റം വരില്ലെന്നും ഞാന്‍ മനസ്സിലാക്കി,” അവന് പറഞ്ഞു ”എനിക്ക് ഒരിക്കലും ദൈവത്തെ ലജ്ജിപ്പിക്കാനാവില്ല, അവന് ഒരിക്കലും എന്നെ തള്ളിക്കളയുകയുമില്ല.” കാലക്രമേണ, മോഹന്‍ കണ്ണാടി നോക്കി സ്വയം വ്യത്യസ്തമായി സംസാരിച്ചു. ”നീ സ്നേഹിക്കപ്പെടുന്നു, നീ സവിശേഷതയുള്ളവനാണ്, നിനക്ക് ദൈവിക വരമുണ്ട്,’ അവന് പറഞ്ഞു, ‘അത് നിന്റെ തെറ്റല്ല.”
യേശുവിലുള്ള വിശ്വാസിക്കുവേണ്ടി ദൈവാത്മാവ് ചെയ്യുന്നതെന്താണെന്ന് മോഹന്റെ അനുഭവം വ്യക്തമാക്കുന്നു – നാം എത്രമാത്രം അഗാധമായി സ്നേഹിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് അവന് നമ്മെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുന്നു (റോമര്‍ 8:15, 38-39), ഒപ്പം ദൈവമക്കള്‍ക്കു ലഭ്യമാകുന്ന നേട്ടങ്ങളും പദവിയും ഉള്ളവരാണെന്ന് സ്ഥിരീകരിക്കുന്നു (8:16-17; 12:6-8). തല്‍ഫലമായി, നമ്മുടെ ചിന്ത പുതുക്കിയെടുത്തുകൊണ്ട് നമുക്ക് സ്വയം ശരിയായി കാണാന്‍ ആരംഭിക്കാം (12:2-3).
വര്‍ഷങ്ങള്‍ക്കുശേഷം, മോഹന്‍ ഇപ്പോഴും ആ വാക്കുകള്‍ ദിവസേന ഉരുവിട്ടുകൊണ്ട് താന്‍ ആരാണെന്ന് ദൈവം പറഞ്ഞതിനെ ഉറപ്പിക്കുന്നു. പിതാവിന്റെ ദൃഷ്ടിയില് അവന് സ്നേഹിക്കപ്പെടുന്നവനും സുന്ദരനും വരപ്രാപ്തനുമാണ്. നാമും അങ്ങനെതന്നെ.
നിങ്ങളെത്തന്നെ കണ്ണാടിയില്‍ കാണുമ്പോള്‍ എന്തു വാക്കുകളാണ് ഓര്‍മ്മയില്‍ വരുന്നത്? ദൈവം നിങ്ങളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള തിരുവെഴുത്തുകളിലെ ചിത്രീകരണത്തില്‍ നിന്ന് അവ എത്രമാത്രം വ്യത്യസ്തമാണ്?
പിതാവേ, എന്നെ സ്നേഹിച്ചതിനും വരങ്ങള്‍ നല്‍കിയതിനും എന്നെ അങ്ങയുടെ പൈതലാക്കിയതിനും നന്ദി. അതു സത്യമായും ആഴമായും വിശ്വസിക്കുന്നതിനായി ഇന്ന് എന്നില്‍ അങ്ങയുടെ ആത്മാവു പ്രവര്‍ത്തിക്കണമേ.