കിണറുള്ള ഒരു വീട് ഒരു പാവപ്പെട്ട കര്‍ഷകന് വിറ്റ അത്യാഗ്രഹിയും സമ്പന്നനുമായ ഒരു ഭൂവുടമയെക്കുറിച്ച് ഒരു പുരാതന കഥ ഇപ്രകാരമുണ്ട്. അടുത്ത ദിവസം കൃഷിക്കാരന്‍ തന്റെ പാടങ്ങള്‍ നനയ്ക്കുന്നതിനായി വെള്ളം എടുക്കാന്‍ ശ്രമിച്ചപ്പോള്‍, കിണര്‍ മാത്രമാണ് വിറ്റതെന്നും അതിലെ വെള്ളം വിറ്റിട്ടില്ലെന്നും പറഞ്ഞ് ഭൂവുടമ എതിര്‍ത്തു. പരിഭ്രാന്തനായ കര്‍ഷകന്‍ അക്ബര്‍ രാജാവിന്റെ സന്നിധിയില്‍ നീതി തേടി എത്തി. ഈ വിചിത്രമായ കേസ് കേട്ട രാജാവ് തന്റെ ബുദ്ധിമാനായ മന്ത്രി ബീര്‍ബലിന്റെ ഉപദേശം തേടി. ഭൂവുടമയോട് ബീര്‍ബല്‍ പറഞ്ഞു, ”ശരിയാണ്, കിണറിലെ വെള്ളം കര്‍ഷകന്റേതല്ല, കിണര്‍ നിങ്ങളുടേതുമല്ല. അതിനാല്‍, കര്‍ഷകന്റെ കിണറ്റില്‍ വെള്ളം സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്ഥലത്തിന് വാടക കൊടുക്കുകയാണ് വേണ്ടത്.’ ഉടന്‍ തന്നെ ഭൂവുടമയ്ക്ക് താന്‍ കുടുക്കിലായെന്നു മനസ്സിലായി, വീടിനെയും കിണറിനെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ അയാള്‍ ഉപേക്ഷിച്ചു.

ശമൂവേലും തന്റെ പുത്രന്മാരെ യിസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. അവന്റെ പുത്രന്മാര്‍ ”അവന്റെ വഴിയില്‍ നടന്നില്ല” (1 ശമൂവേല്‍ 8:3). ശമൂവേലിന്റെ സത്യസന്ധതയ്ക്കു വിപരീതമായി, അവന്റെ മക്കള്‍ ”കൈക്കൂലി വാങ്ങി ന്യായം മറിച്ചു,” അവരുടെ പദവി അവരുടെ നേട്ടത്തിനായി ഉപയോഗിച്ചു. ഈ അന്യായമായ പെരുമാറ്റം യിസ്രായേല്‍ മൂപ്പന്മാരുടെയും ദൈവത്തിന്റെയും അപ്രീതിക്കു കാരണമായി. തല്‍ഫലമായി പഴയനിയമത്തിലെ പേജുകള്‍ നിറയുന്ന ഒരു കൂട്ടം രാജാക്കന്മാരുടെ കടന്നുവരവിനു വഴിതെളിച്ചു (വാ. 4-5).

ദൈവത്തിന്റെ വഴികളില്‍ നടക്കാന്‍ വിസമ്മതിക്കുന്നത് ആ മൂല്യങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ കാരണമാകുന്നു, അതിന്റെ ഫലമായി അനീതി വര്‍ദ്ധിക്കുന്നു. അവിടുത്തെ വഴികളില്‍ നടക്കുക എന്നാല്‍ സത്യസന്ധതയും നീതിയും നമ്മുടെ വാക്കുകളില്‍ മാത്രമല്ല നമ്മുടെ പ്രവൃത്തികളിലും വ്യക്തമായി കാണിക്കുക എന്നാണ്. ആ സല്‍പ്രവൃത്തികള്‍ ഒരിക്കലും തങ്ങളില്‍ത്തന്നെ അവസാനിക്കുന്നില്ല, മറിച്ച് എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ കാണുകയും ബഹുമാനിക്കുകയും ചെയ്യണം.