”നമ്മള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നു!” ഞങ്ങളുടെ യാത്രയുടെ ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ വീട്ടിലേക്കുള്ള വഴിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ എന്റെ ഭാര്യ ഞങ്ങളുടെ മൂന്ന് വയസ്സുള്ള ചെറുമകന്‍ അജയിനോട് ആവേശത്തോടെ പറഞ്ഞു. കുഞ്ഞ് അജയ് അവളെ ശ്രദ്ധയോടെ നോക്കിയിട്ടു പ്രതികരിച്ചു, ”ഞാന്‍ അവധിക്കാലം ആഘോഷിക്കാനല്ല പോകുന്നത്. ഞാന്‍ ഒരു ദൗത്യത്തിനായിട്ടാണു പോകുന്നത്!’

‘ഒരു ദൗത്യത്തിനു” പോകുക എന്ന ആശയം ഞങ്ങളുടെ കൊച്ചുമകന് എവിടെ നിന്നാണ് ലഭിച്ചതെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല, പക്ഷേ അവന്റെ അഭിപ്രായം, വിമാനത്താവളത്തിലേക്കുള്ള ഞങ്ങളുടെ യാത്രക്കിടയില്‍ കുറച്ചു ചിന്തിക്കാന്‍ എനിക്കു വക നല്‍കി: ഞാന്‍ ഈ അവധിക്കാലത്തിനായി പോയി കുറച്ച് ദിവസത്തേക്ക് വിശ്രമിക്കുമ്പോള്‍, ഓരോ നിമിഷവും ദൈവത്തോടൊപ്പം ജീവിക്കുന്നതിനായി ഞാന്‍ ഇപ്പോഴും ”ഒരു ദൗത്യത്തിലാണ്” എന്ന് ഞാന്‍ ഓര്‍ക്കാറുണ്ടോ? ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവനെ സേവിക്കാന്‍ ഞാന്‍ ഓര്‍ക്കാറുണ്ടോ?

റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായ റോമില്‍ താമസിക്കുന്ന വിശ്വാസികളെ ”ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍” (റോമര്‍ 12:11) എന്നു പൗലൊസ് ഉത്സാഹിപ്പിക്കുന്നു. അവന്‍ പറയുന്നത്, യേശുവിലുള്ള നമ്മുടെ ജീവിതം ഉദ്ദേശത്തോടെയും ഉത്സാഹത്തോടെയും ആയിരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് എന്നാണ്. നാം ദൈവത്തെ പ്രതീക്ഷയോടെ നോക്കുകയും അവന്റെ ഉദ്ദേശ്യങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും ലൗകികമായ നിമിഷങ്ങള്‍ക്കു പോലും പുതിയ അര്‍ത്ഥം കൈവരുന്നു.

വിമാനത്തിലെ ഞങ്ങളുടെ സീറ്റുകളില്‍ ഞങ്ങള്‍ ഇരുന്നശേഷം ഞാന്‍ പ്രാര്‍ത്ഥിച്ചു, ”കര്‍ത്താവേ, ഞാന്‍ അങ്ങയുടേതാണ്. ഈ യാത്രയില്‍ ഞാന്‍ ചെയ്യാന്‍ അങ്ങ് എനിക്കായി നിശ്ചയിക്കുന്നതെന്തായിരുന്നാലും, അത് നഷ്ടപ്പെടാതിരിക്കാന്‍ എന്നെ സഹായിക്കണമേ.’

എല്ലാ ദിവസവും അവനോടൊപ്പം നിത്യപ്രാധാന്യമുള്ള ഒരു ദൗത്യമാണ്!