രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ എന്റെ അച്ഛന് എന്റെ അമ്മയ്ക്ക് അയച്ച ഒരു കൂട്ടം കത്തുകള്‍ ഞാന്‍ അടുത്തയിടെ വായിച്ചു. അദ്ദേഹം വടക്കേ ആഫ്രിക്കയിലും അമ്മ അമേരിക്കയിലുമായിരുന്നു. യുഎസ് സൈന്യത്തിലെ സെക്കന്‍ഡ് ലെഫ്റ്റെനന്റായ ഡാഡിക്ക് സൈനികരുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യാനുള്ള – നിര്‍ണ്ണായകമായ വിവരങ്ങള്‍ ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ സൂക്ഷിക്കുന്ന – ചുമതലയായിരുന്നു. അതിനാല്‍, ഭാര്യയ്ക്ക് അയച്ച കത്തുകളുടെ പുറത്ത്, ”സെക്കന്‍ഡ് ലെഫ്റ്റെനന്റ് ജോണ്‍ ബ്രാനോണ്‍ (എന്റെ പിതാവിന്റെ പേര്) സെന്‍സര്‍ ചെയ്തത്” എന്ന് സ്റ്റാമ്പ് ചെയ്തിരുന്നത് വളരെ തമാശയായി തോന്നി. തീര്‍ച്ചയായും, അദ്ദേഹം സ്വന്തം കത്തുകളില്‍ നിന്ന് ചില വരികള്‍ മായിച്ചിരിക്കുന്നു!
സ്വയം സെന്‍സര്‍ ചെയ്യുന്നത് (ഗുണദോഷ വിവേചനം നടത്തുന്നത്) നമുക്കെല്ലാവര്‍ക്കും നല്ലതാണ്. ശരിയല്ലാത്തവ – ദൈവത്തെ ബഹുമാനിക്കാത്തവയും – കണ്ടെത്തുന്നതിന് നമ്മളെത്തന്നെ നന്നായി നോക്കേണ്ടതിന്റെ പ്രാധാന്യം തിരുവെഴുത്തില്‍ നിരവധി തവണ എഴുത്തുകാര്‍ പരാമര്‍ശിക്കുന്നു. ഉദാഹരണത്തിന്, സങ്കീര്ത്തനക്കാരന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ”ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ. . . വ്യസനത്തിനുള്ള മാര്‍ഗ്ഗം എന്നില്‍ ഉേണ്ടാ എന്നു നോക്കണമേ’ (സങ്കീര്‍ത്തനം 139:23-24). യിരെമ്യാവ് ഇപ്രകാരം പറയുന്നു: ”നാം നമ്മുടെ നടപ്പ് ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക’ (വിലാപങ്ങള്‍ 3:40). കര്‍ത്തൃമേശയുടെ സമയത്ത് നമ്മുടെ ഹൃദയസ്ഥിതിയെക്കുറിച്ച് പരിശോധിക്കുന്നതിനെക്കുറിച്ച് പൗലൊസ് പറഞ്ഞു, ”തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം” (1 കൊരിന്ത്യര്‍ 11:28) അതില്‍ പങ്കാളിയാകാന്‍.
ദൈവത്തെ പ്രസാദിപ്പിക്കാത്ത ഏതെങ്കിലും മനോഭാവങ്ങളില്‍ നിന്നോ പ്രവൃത്തികളില്‍ നിന്നോ തിരിയാന്‍ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാനാകും. അതിനാല്‍ ഇന്ന് ലോകത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ്, നമുക്ക് സ്വയം പരിശോധിച്ച് ആത്മാവിന്റെ സഹായം തേടാം, അങ്ങനെ നമുക്ക് ‘യഹോവയുടെ അടുക്കലേക്കു തിരിയുകയും’ അവനുമായി കൂട്ടായ്മ ആചരിക്കുകയും ചെയ്യാം.
ഇന്ന് നിങ്ങള്‍ എങ്ങനെ ആരോഗ്യകരമായ ആത്മീയ സ്വയം-ശോധന നടത്തും? ദൈവവുമായുള്ള നിങ്ങളുടെ കൂട്ടായ്മ മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ നീക്കിക്കളയേണമെന്ന് നിങ്ങള്‍ക്കു പെട്ടെന്നു മനസ്സില്‍ വരുന്ന രണ്ട് കാര്യങ്ങള്‍ ഏതെല്ലാമാണ്?
ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ. അങ്ങയെ കൂടുതല്‍ അറിയാനും അങ്ങയെ മികച്ച രീതിയില്‍ സേവിക്കാനും ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇന്ന് എന്നില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കണമേ.