റെസ്റ്റോറന്റിലെ തന്റെ സഹപ്രവര്‍ത്തകയോട് ബാനു വിളിച്ചുപറഞ്ഞു, ”അതാ ആ മനുഷ്യന്‍! അതാ ആ മനുഷ്യന്‍!’ വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ അവള്‍ മുമ്പു കണ്ടുമുട്ടിയ മെല്‍വിനെയാണ് അവള്‍ ഉദ്ദേശിച്ചത്. തന്റെ പള്ളിമുറ്റത്തെ പുല്‍ത്തകിടി വെട്ടിയൊരുക്കുമ്പോള്‍, തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട അഭിസാരികയെന്നു തോന്നിയ ഒരു സ്ത്രീയുമായി സംഭാഷണം ആരംഭിക്കാന്‍ ആത്മാവ് അവനെ പ്രേരിപ്പിച്ചു. അവന്‍ അവളെ പള്ളിയിലേക്ക് ക്ഷണിച്ചപ്പോള്‍ അവള്‍ നല്‍കിയ മറുപടി ഇതായിരുന്നു: ”ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? എന്നെ അവിടെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.’ യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് മെല്‍വിന്‍ അവളോട് പറയുകയും അവളുടെ ജീവിതം മാറ്റാനുള്ള അവന്റെ ശക്തിയെക്കുറിച്ച് ഉറപ്പുനല്‍കുകയും ചെയ്തപ്പോള്‍, അവളുടെ മുഖത്തുകൂടി കണ്ണുനീര്‍ ഒഴുകി. ഇപ്പോള്‍, ഏതാനും ആഴ്ചകള്‍ക്കുശേഷം, ജീവിതത്തെ മാറ്റാനുള്ള യേശുവിന്റെ ശക്തിയുടെ ജീവിക്കുന്ന തെളിവായി ബാനു ഒരു പുതിയ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

പ്രാര്‍ത്ഥനയ്ക്കു സമര്‍പ്പിതരാകാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പശ്ചാത്തലത്തില്‍, അപ്പൊസ്തലനായ പൗലൊസ് ഇരട്ട അഭ്യര്‍ത്ഥന നടത്തി: ”എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മര്‍മ്മം പ്രസ്താവിക്കുവാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്റെ വാതില്‍ തുറന്നുതരികയും, ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിനു ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍” (കൊലൊസ്യര്‍ 4:3-4).

യേശുവിനായി ധൈര്യത്തോടെയും വ്യക്തമായും സംസാരിക്കാനുള്ള അവസരങ്ങള്‍ക്കായി നിങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? എത്ര ഉചിതമായ പ്രാര്‍ത്ഥന! അത്തരം പ്രാര്‍ത്ഥനകള്‍ മെല്‍വിനെപ്പോലെ അവിടുത്തെ അനുയായികളെ അപ്രതീക്ഷിത സ്ഥലങ്ങളിലും അപ്രതീക്ഷിത ആളുകളുമായും സംസാരിക്കാന്‍ ഇടയാക്കും. യേശുവിനുവേണ്ടി സംസാരിക്കുന്നത് അസ്വസ്ഥതയുളവാക്കുമെന്ന് തോന്നുമെങ്കിലും, പ്രതിഫലങ്ങള്‍ – രൂപാന്തരപ്പെട്ട ജീവിതങ്ങള്‍ – നമ്മുടെ അസ്വസ്ഥതകള്‍ക്ക് ഉചിതമായ പരിഹാരമായിരിക്കും.