ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആദ്യം പ്രതികരിക്കുന്നവര്‍ മുന്‍നിരയില്‍ നില്‍ക്കുന്നതിലൂടെ പ്രതിജ്ഞാബദ്ധതയും ധൈര്യവും കാണിക്കുന്നു. 2001 ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ആക്രമണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തപ്പോള്‍ നാനൂറിലധികം ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കും ജീവന് നഷ്ടപ്പെട്ടു. ആദ്യം പ്രതികരിച്ചവരുടെ ബഹുമാനാര്‍ത്ഥം യുഎസ് സര്‍ക്കാര്‍ സെപ്റ്റംബര്‍ 12 നെ ദേശീയ പ്രോത്സാഹന ദിനമായി പ്രഖ്യാപിച്ചു.
ഒരു സര്‍ക്കാര്‍ ദേശീയ പ്രോത്സാഹന ദിനം പ്രഖ്യാപിക്കുന്നത് അദ്വിതീയമാണെന്ന് തോന്നുമെങ്കിലും, ഒരു സഭയുടെ വളര്‍ച്ചയ്ക്ക് ഇത് ആവശ്യമാണെന്ന് അപ്പൊസ്തലനായ പൗലൊസ് കരുതിയിരുന്നു. ”ക്രമം കെട്ടവരെ ബുദ്ധിയുപദേശിക്കുവിന്‍: ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍; ബലഹീനരെ താങ്ങുവിന്‍; എല്ലാവരോടും ദീര്‍ഘക്ഷമ കാണിക്കുവിന്‍” (1 തെസ്സലൊനീക്യര്‍ 5:14). അവര്‍ പീഡനത്തിലൂടെ കടന്നുപോവുകയായിരുന്നുവെങ്കിലും, ”തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിക്കുവിന്‍” എന്നു പൗലൊസ് വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു (വാ. 15). മനുഷ്യരെന്ന നിലയില്‍ അവര്‍ നിരാശ, സ്വാര്‍ത്ഥത, സംഘര്‍ഷം എന്നിവയ്ക്ക് ഇരയാകുമെന്ന് അവനറിയാമായിരുന്നു. അപ്പോള്‍തന്നേ ദൈവത്തിന്റെ സഹായവും ശക്തിയും കൂടാതെ പരസ്പരം ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയില്ലെന്നും അവനറിയാമായിരുന്നു.
ഇന്നും കാര്യങ്ങള്‍ വ്യത്യസ്തമല്ല. നമുക്കെല്ലാം പ്രോത്സാഹനം ആവശ്യമുണ്ട്, നമുക്ക് ചുറ്റുമുള്ളവരെ നാമും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ നമുക്കത് നമ്മുടെ സ്വന്ത ശക്തിയില്‍ ചെയ്യാന്‍ കഴിയില്ല. അതിനാലാണ് ”നിങ്ങളെ വിളിക്കുന്നവന് [യേശു] വിശ്വസ്തന് ആകുന്നു; അവന് അത് നിവര്‍ത്തിക്കും” എന്ന പൗലൊസിന്റെ പ്രോത്സാഹനം വളരെ ആശ്വാസകരമാകുന്നത് (വാ. 24). അവിടുത്തെ സഹായത്താല്‍ നമുക്ക് ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കാം.
ഒരു പ്രോത്സാഹന വാക്ക് എങ്ങനെ നിരാശയെ അകറ്റിനിര്‍ത്തും? ഇന്ന് നിങ്ങള്‍ക്ക് ആരെയാണ് പ്രോത്സാഹിപ്പിക്കാന്‍ കഴിയുക?
യേശുവേ, ഓരോ ദിവസവും അങ്ങ് എനിക്ക് നല്കുന്ന പ്രോത്സാഹനത്തിന് നന്ദി. ഞാന്‍ ആരെയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് എനിക്കു കാണിച്ചുതരണമേ.